തിരുവല്ല: കാപ്പിക്കടയിൽ കാപ്പി കുടിക്കാനെത്തിയ സുഹൃത്തിനേറ്റ അപമാനത്തിന് പകരം ചോദിക്കാൻ എത്തിയ ഗുണ്ടാ നേതാവിനെ കടയുടമകൾ പിന്തുടർന്ന് കുത്തി വീഴ്‌ത്തി. സംഘാംഗങ്ങൾ എത്തി കട അടിച്ചു തകർത്തു.

തുകലശ്ശേരി ചിറപ്പാട്ട് വീട്ടിൽ റോഷൻ വർഗീസി (27) നാണ് കുത്തേറ്റത്. തിരുവല്ല ബൈപ്പാസിൽ മഴുവങ്ങാട് ചിറയ്ക്ക് സമീപം ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. സംഭവത്തിൽ കറ്റോട് കമലാലയത്തിൽ വിഷ്ണു ( 23 ) , മഞ്ഞാടി കാട്ടു പറമ്പിൽ വീട്ടിൽ രാഹുൽ (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

നെഞ്ചിന് കുത്തേറ്റ റോഷനെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപ് റോഷന്റെ സുഹൃത്ത് എസ്തപ്പാൻ കടയിൽ ചായകുടിക്കാൻ എത്തുകയും ജീവനക്കാരുമായി സംഘർഷം ഉണ്ടാവുകയും ചെയ്തിരുന്നു. കാണിച്ച് തരാമെന്ന് പറഞ്ഞ പോയ എസ്തപ്പാൻ ജീവനക്കാരെ മർദിക്കാൻ റോഷന് ക്വട്ടേഷൻ കൊടുക്കുകയായിരുന്നുവത്രേ.

തുടർന്ന് റോഷൻ നിരന്തരം കടയ്ക്ക് സമീപം റോന്തു ചുറ്റാൻ തുടങ്ങി. വിവരം അറിഞ്ഞ കടയുടമകൾ റോഷനെ കൈകാര്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാത്രി കടയ്ക്ക് മുന്നിൽ റോന്തു ചുറ്റിപ്പോയ റോഷനെ പ്രതികൾ പിന്തുടർന്ന് തടഞ്ഞു നിർത്തി കുത്തി വീഴ്‌ത്തുകയായിരുന്നു. പിന്നാലെ റോഷന്റെ സംഘാംഗങ്ങൾ എത്തി കോഫി ഷോപ്പ് പൂർണമായും തല്ലിത്തകർത്തു.

സംസ്ഥാനത്ത് ഏറ്റവുമധികം ഗുണ്ടകൾ ഉള്ള ജില്ല പത്തനംതിട്ടയിലാണെന്ന് റിപ്പോർട്ട് വന്നിരുന്നു. അതിൽ തന്നെ ഏറ്റവും കുടുതൽ ഗുണ്ടകൾ ഉള്ളത് തിരുവല്ല സബ്ഡിവിഷന് കീഴിലാണ്.