- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദ്ഘാടകനായ എംഎൽഎയുടെ പാർട്ടിക്കാരെയും മറ്റ് ഘടക കക്ഷികളെയും ചടങ്ങിന് വിളിച്ചില്ല; എംഎൽഎയും സിപിഎം ഭരണകക്ഷി അംഗങ്ങളും മുങ്ങി; പ്രതിപക്ഷാംഗങ്ങൾ ഉദ്ഘാടനം ചെയ്ത് ചടങ്ങ് ആഘോഷമാക്കി; സംഭവം തിരുവല്ലയിൽ
തിരുവല്ല: സ്‌കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങിലേക്ക് ഉദ്ഘാടകനായ എംഎൽഎയുടെ സ്വന്തം പാർട്ടിക്കാരെയും മറ്റു ഘടകകക്ഷികളെയും പഞ്ചായത്ത് ഭരിക്കുന്ന സിപിഎം ക്ഷണിച്ചില്ല. പരാതി സിപിഎം ഏരിയാ കമ്മറ്റി മുമ്പാകെ ചെന്നപ്പോൾ നേതൃത്വം പഞ്ചായത്ത് പ്രസിഡന്റിനോട് മുങ്ങിക്കോളാൻ നിർദ്ദേശിച്ചു. പ്രസിഡന്റും വൈസ് പ്രസിഡന്റും ഭരണ കക്ഷി അംഗങ്ങളും തക്ക സമയത്ത് മുങ്ങിയതോടെ പ്രതിപക്ഷാംഗങ്ങൾ ചേർന്ന് സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. തിരുവല്ല ചാത്തങ്കരി ഗവ. എൽ.പി സ്‌കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങിലാണ് വിചിത്ര സംഭവം അരങ്ങേറിയത്.
സ്‌കൂൾ നിൽക്കുന്ന പെരിങ്ങര പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മാണ്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് സ്ഥലം എംഎൽഎ മാത്യു ടി. തോമസിനെയാണ്. എന്നാൽ, അദ്ദേഹത്തിന്റെ പാർട്ടിയായ ജനതാദൾ എസിന്റെ നേതാക്കളെയും സിപിഐ നേതാക്കളെയും ചടങ്ങിന് ക്ഷണിച്ചിരുന്നില്ല. വിവരം അറിഞ്ഞ എംഎൽഎ ഉദ്ഘാടനത്തിന് താനില്ലെന്ന് അറിയിച്ചു. പിന്നാലെ ഘടക കക്ഷി നേതാക്കൾ പരാതിയുമായി സിപിഎം ഏരിയാ നേതൃത്വത്തെ സമീപിച്ചു.
തങ്ങളുടെ അംഗങ്ങൾ ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും അറിയിച്ചു. ഇതോടെ ഏരിയാ നേതൃത്വം ഇടപെട്ടു. പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫിനോട് ചടങ്ങിൽ പങ്കെടുക്കേണ്ട എന്ന് അറിയിച്ചു. ഇതോടെ പ്രസിഡന്റും വൈസ് പ്രസിഡന്റും ഫോൺ ഓഫാക്കി മുങ്ങി. പിന്നാലെ ഭരണ കക്ഷിയിലെ അംഗങ്ങളും പോയി. ചടങ്ങിന്റെ മുഖ്യസംഘാടകനായ പഞ്ചായത്ത് പ്രസിഡന്റും ഉദ്ഘാടകനായ എംഎൽഎയും എത്താതിരുന്നതിനെ തുടർന്ന് ക്ഷുഭിതരായ രക്ഷാകർത്താക്കളുടെ ആവശ്യപ്രകാരമാണ് പ്രതിപക്ഷാംഗങ്ങൾ ഉദ്ഘാടനം നടത്തിയത്. പരിപാടിയുടെ പ്രധാന സംഘാടകരായ പെരിങ്ങര ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്ക് സംഭവിച്ച വീഴ്ചയാണ് പ്രശ്നത്തിന് ഇടയാക്കിയത്.
രക്ഷാകർത്താക്കൾ അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടർന്ന് ജന പ്രതിനിധികൾ ചേർന്ന് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയത്. പിടിഎ തീരുമാന പ്രകാരം അഞ്ച് മണിയോടെ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അരുന്ധതി അശോക് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പെരിങ്ങര ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ചന്ദ്രു എസ്. കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്. സനൽ കുമാരി, അശ്വതി രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. സതീഷ് ചാത്തങ്കരി, സ്‌കൂൾ ഹെഡ് മിസ്ട്രസ് കലാകുമാരി, പിടിഎ പ്രസിഡന്റ് കവിത രാജൻ, രാധിക, പി.സി രാജു, രമ്യ എബി എന്നിവർ പ്രസംഗിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്