ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ഡോളറിനെതിരെ ദുർബലപ്പെട്ട് ഇന്ത്യൻ രൂപ ആറ് മാസത്തിനിടയിലെ ഏറ്റവും മോശം നിരക്കായ 74.88 ലേക്ക് കൂപ്പുകുത്തി. ഇന്ന് ഇന്ധന വില ഉയർന്നതും അമേരിക്കൻ ബോണ്ടുകൾ നില മെച്ചപ്പെടുത്തിയതും ഡോളർ ശക്തിപ്രാപിച്ചതുമെല്ലാം രൂപയ്ക്ക് തിരിച്ചടിയായി.

കഴിഞ്ഞ ഒരു മാസത്തോളമായി രൂപയുടെ നില മോശമാണ്. 2.5 ശതമാനത്തോളം മൂല്യം ഇടിഞ്ഞു. ഏഷ്യൻ കറൻസികളിൽ തന്നെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇന്ത്യൻ രൂപയുടേത്.

അതേസമയം അടുത്തൊന്നും രൂപയ്ക്ക് ഈ നിലയിൽ നിന്ന് മോചനമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ രൂപ വരും ദിവസങ്ങളിലും സമ്മർദ്ദം നേരിടും. ബ്രെന്റ് ക്രൂഡിന്റെ വില 82 ഡോളർ കടന്നതും അമേരിക്കൻ ട്രഷറി യീൽഡ് 1.5 ശതമാനം ഉയർന്നതും ഡോളർ ഇന്റക്‌സ് 94 മാർക്ക് കടന്നതും ഇന്ത്യക്ക് തിരിച്ചടിയായിട്ടുണ്ട്.

റിസർവ് ബാങ്കിന്റെ പണ നയം എങ്ങിനെയായിരിക്കുമെന്നാണ് ഇപ്പോൾ രാജ്യം ഉറ്റുനോക്കുന്നത്. രൂപയെ സഹായിക്കാൻ കേന്ദ്രബാങ്കെത്തുന്നതും കാത്തിരിക്കുകയാണ് ട്രേഡിങ് രംഗവും.