- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃത്യതയിൽ നമ്പർ വൺ; റഡാറുകളെയും ഒളിച്ചു കടക്കുന്ന ഭീകരൻ; പറക്കാനൊരുങ്ങി കിടക്കുന്ന വിമാനങ്ങളെ തിരിച്ചറിഞ്ഞ് അവയെ നശിപ്പിക്കും; അമേരിക്ക പോലും പേടിച്ചു പിന്മാറിയത് പുടിന്റെ ഈ വജ്രായുധത്തെ ഭയന്ന്; യുദ്ധമുഖത്തെ രാജാവായ റഷ്യയുടെ ഇസ്കൻഡർ മിസൈൽ
മോസ്ക്കോ: റഷ്യയുമായി സൈനിക യുദ്ധത്തിന് ഇല്ലെന്നാണ് അമേരിക്കയും നാറ്റോ സഖ്യവും പറയുന്നത്. എന്തുകൊണ്ടാണ് ലോകപൊലീസ് കളിക്കാതെ അമേരിക്ക പിന്മാറുമന്ന് എന്ന് ചോദിച്ചാൽ ഒരുത്തരം മറുവശത്തുള്ളത് ഒരു സൈക്കോ ഭരണാധികാരിയായ വ്ളാദിമർ പുട്ടിൻ എന്ന വ്യക്തിയാണ് എന്നുള്ളത്. പുട്ടിൻ എന്തു ചിന്തിക്കുമെന്നോ പ്രവർത്തിക്കുമെന്നോ ആർക്കും അറിയില്ല. അതുകൊണ്ട് തന്നെ യുക്രൈയൻ അധിനിവേശം മൂന്നാം ലോക മാഹായുദ്ധത്തിലേക്ക് പോകാതിരിക്കാനാണ് അമേരിക്കൻ ശ്രമം.
റഷ്യയുടെ ആയുധ ശേഖരത്തെ കുറിച്ച് സൈനിക ശേഷിയെ കുറിച്ചും അധികമാർക്കും വലിയ പിടിയില്ലെന്നതാണ് വാസ്തവം. എങ്കിലും അവരുടെ സൈനിക ശേഷിയിൽ ഉള്ളത് ലോകം ഭയക്കുന്ന ആയുധങ്ങളാണ്. ഇതിൽ ഏറ്റവും പ്രധാനം വജ്രായുധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്കൻഡർ എന്ന മിസൈലാണ്. റഡാറിനെ പോലും ഒളിച്ചു കടക്കുന്ന ഭീകരനാണ് ഇസ്കൻഡർ എന്നു പറയാണ്. ലേസർ നിയന്ത്രിത ആയുധങ്ങൾക്കു മാത്രം സാധ്യമെന്നു കരുതപ്പെടുന്ന കൃത്യതയോടെ ലക്ഷ്യ സ്ഥാനത്തിന് 2-5 മീറ്ററിനുള്ളിൽ തന്നെ പതിക്കുന്ന മിസൈലാണിത്.
നിരവധി മികവുകളുള്ള ഒന്നാണ് റഷ്യയുടെ ഇസ്കൻഡർ മിസൈലിന്റെ 'എം' വകഭേദം. ഈ സവിശേഷതകൾ തന്നെയാണ് ഇസ്കൻഡറിനെ ശത്രു പാളയത്തിന്റെ പേടിസ്വപ്നമാക്കുന്നത്. പ്രതിരോധങ്ങളെ മറികടന്ന് നിരന്തരം മുന്നേറും, ലക്ഷ്യസ്ഥാനത്തുള്ളവർക്ക് മുന്നറിയിപ്പു നൽകാനുള്ള സമയം പോലും ലഭിച്ചേക്കില്ല തുടങ്ങിയവയെല്ലാം ലോകം ഒന്നടങ്കം ഭയപ്പെടുന്ന ഈ മിസൈലിനുണ്ട്.
ഈ മിസൈലിനെ നാറ്റോ വിളിക്കുന്നത് എസ്എസ്-26 സ്റ്റോൺ എന്നാണ്. അതേസമയം, റഷ്യ വിളിക്കുന്നത് 9കെ720 ഇസ്കൻഡർ (9K720 Iskander) അല്ലെങ്കിൽ അലക്സാൻഡർ എന്നുമാണ്. ഇസ്കൻഡറിന്റെ റെയ്ഞ്ച് 500 കിലോമീറ്റർ അല്ലെങ്കിൽ 310 മൈൽ ആണ്. നിർണായക ലക്ഷ്യങ്ങളിലേക്ക് മുന്നറിയിപ്പില്ലാതെ ആക്രമിക്കാനുള്ള ശേഷിയാണ് ഇസ്കൻഡറെ ശത്രു പാളയങ്ങളെ ഭീതിപ്പെടുത്തുന്ന ഒന്നാക്കി തീർക്കുന്നത്. അത്യാധുനിക ശേഷികൾ ഉൾപ്പെടുത്തി വികസിപ്പിച്ചെടുത്ത അത്യന്തം അപകടകാരിയായ ഈ ആയുധത്തിന് 480-700 കിലോഗ്രാം വരെ സ്ഫോടകവസ്തുക്കൾ വഹിക്കാൻ സാധിക്കും.
വമ്പൻ സ്ഫോടനങ്ങൾ നടത്താം, ബോംബ് സ്ഫോടനങ്ങളേ നേരിടാനുള്ള ബങ്കറുകളെ തന്നെ തകർത്തു തരിപ്പണമാക്കാം. ഇതിനു സബ്മ്യുനിഷൻ (submunition പ്രധാന ആയുധത്തിൽ നിന്നു വേർപെട്ടു പതിക്കുക), തെർമോബാറിക് (വേലൃാീയമൃശര വായുവിലെ ഓക്സിജൻ പ്രയോജനപ്പെടുത്തി കൂടുതൽ നേരത്തേക്ക് സ്ഫോടനം നടത്താനുള്ള കഴിവ്), ഇലക്ട്രോമാഗ്നറ്റിക് പൾസ് വേർഷൻ തുടങ്ങി ശേഷികളെല്ലാം ഇസ്കൻഡറിനുണ്ടെന്നു പറയപ്പെടുന്നു.
യൂട്യൂബിൽ പ്രചരിക്കുന്ന വിഡിയോയിൽ ഇസ്കൻഡർ മിസൈലുകൾ വഹിക്കുന്ന വാഹനങ്ങളിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കുന്നതു കാണാം. ഇവ യുക്രെയിനിലെ ലക്ഷ്യ സ്ഥാനങ്ങളിൽ പതിക്കാനുള്ളവയാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇത് യുക്രെയ്നിന്റെയും നാറ്റോയുടെയും നേതാക്കളിൽ ഭീതി പരത്തിയിട്ടുണ്ട്. നാറ്റോയും യുക്രെയ്നും ജാഗ്രത കൈവിടാതെ നിൽക്കുന്നത് ഇസ്കൻഡർ പോലെയുള്ള ആയുധങ്ങളുടെ പ്രഹരശേഷിയെ പേടിച്ചായിരിക്കും. അദ്ഭുതപ്പെടുത്തുന്ന തരത്തിലും ഞൊടിയിടയിലും ആക്രമണം നടത്താമെന്നതാണ് ഇത്തരം ആയുധങ്ങളെ അതീവ അപകടകാരികളുടെ പട്ടികയിൽ പെടുത്താൻ കാരണം. ഇത്തരം ആക്രമണം ഉണ്ടായാൽ കനത്ത നാശനഷ്ടങ്ങളായിരിക്കും ഉണ്ടാകുക എന്ന് യുക്രെയ്നും നാറ്റോയ്ക്കും അറിയാം.
നിരീക്ഷണ സാറ്റലൈറ്റുകൾക്ക് ഇസ്കൻഡർ മിസൈലുകൾ തൊടുക്കുന്നതു കാണാം. എന്നാൽ, ഇവയെ റഡാറുകൾക്ക് എളുപ്പം തിരിച്ചറിയാനാവില്ലെന്നു പറയുന്നു. അവയിൽ പൂശിയിരിക്കുന്ന ആവരണമാണ് ഇവയെ താരതമ്യേന അദൃശ്യമാക്കുന്നതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ഇതിനാൽ തന്നെ ഇവയെ വെടിവച്ചിടലോ, ഇവ വരുന്നു എന്ന് ലക്ഷ്യ സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് മുന്നറിയിപ്പു നൽകലോ എളുപ്പമല്ലെന്നും പറയുന്നു. 'എം' വകഭേദം പ്രതിരോധങ്ങൾ ഭേദിച്ചു മുന്നേറാൻ പേരുകേട്ടതുമാണ്.
ഉപഗ്രഹങ്ങളുടെ സേവനം, ഇനേർഷ്യൽ ആൻഡ് റഡാർ-ടെറെയ്ൻ മാച്ചിങ് തുടങ്ങിയവയുടെ സഹായത്തോടെയാണ് ഇസ്കൻഡർ വിക്ഷേപിക്കുന്നത്. അതീവ ചെലവേറിയ മിസൈൽ കൂടിയാണ് ഇത്. ലക്ഷ്യസ്ഥാനത്തിന്റെ ചിത്രം ഇസ്കൻഡറിൽ ലോഡ് ചെയ്തിരിക്കും. ലക്ഷ്യസ്ഥാനത്തിനു പരമാവധി നാശനഷ്ടങ്ങളുണ്ടാക്കാൻ പാകത്തിന് സ്വയംക്രമീകരിച്ചായിരിക്കും ഇസ്കൻഡർ എത്തുക. അതീവ കൃത്യതയോടെ ആക്രമിക്കാനുള്ള ശേഷിയുള്ളതിനാൽ ഇവയ്ക്ക് യുദ്ധം നിയന്ത്രിക്കുന്നവർ ഇരിക്കുന്ന ബങ്കറുകൾ വരെ തകർത്തു തരിപ്പണമാക്കി കളയാൻ സാധിക്കുമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.
ഹാർഡ് ടാർഗറ്റ് പെനട്രേറ്റർമാച്-2 വെർട്ടിക്കൽ ഡൈവ് എന്നിവയുടെ മികവിൽ എത്ര ശക്തിയോടെ നിർമ്മിച്ച ബങ്കറുകളും തകർത്തു കളായൻ സാധിക്കുമെന്ന് ഫോർബ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, തത്സമയ ഡേറ്റ ഇസ്കൻഡറിന് എത്തിച്ചുകൊടുക്കാനായി പ്രത്യേക ഡ്രോൺ കുറഞ്ഞതു 10 വർഷമായി റഷ്യ വികസിപ്പിച്ചു വരികയായിരുന്നു എന്നും പറയുന്നു. ഡ്രോണുകൾ അടക്കമുള്ളവയിൽ നിന്നുള്ള ഡേറ്റ ശേഖരിച്ച് ആക്രമണം നടത്താനുള്ള കഴിവ് റഷ്യ ആർജിച്ചു കഴിഞ്ഞിട്ടുണ്ടെന്നും പറയുന്നു.
പരമ്പരാഗത പോർമുന കൂടാതെ സ്മാർട് ബോംബുകൾ ഉപയോഗിച്ചുള്ള ആക്രമണം നടത്താനും ഇസ്കൻഡറിനെ പ്രയോജനപ്പെടുത്താം. ഒരു പ്രദേശം സ്കാൻ ചെയ്ത് അവിടെയുള്ള ടാങ്കുകൾ അടക്കമുള്ള കവചിത പ്രതിരോധ വാഹനങ്ങളെ തിരിച്ചറിഞ്ഞ് അവയിൽ പതിക്കാനുള്ള കഴിവാണ് സ്മാർട് ബോംബുകൾക്ക് ഉള്ളത്. അമേരിക്കയുടെ സെൻസർ ഫ്യൂസ്ഡ് വെപ്പൺ ശേഷിക്ക് സമാനമാണിത്. റഷ്യ 1980കൾ മുതൽ ഈ ശേഷി വളർത്തിയെടുത്തു വരികയായിരുന്നു എന്നു പറയുന്നു. ഓരോ ഇസ്കൻഡർ മിസൈലിലും ഡസൻ കണക്കിന് സബ്മ്യുനിഷൻസ് ഉണ്ടാകാം. ഇത് ജോർജിയയ്ക്ക് എതിരെയുള്ള ആക്രമണത്തിൽ പ്രയോജനപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒറ്റ മിസൈൽ ആക്രമണത്തിൽ ജോർജിയയുടെ 28 ടാങ്കുകളാണ് തകർത്തു കളഞ്ഞത്.
ഒരു പ്രതീക്ഷയും ഇല്ലാതിരിക്കുന്ന സമയത്തുള്ള ആക്രമണം ശത്രു പക്ഷത്തിനു കനത്ത ആഘാതമായിരിക്കും ഉണ്ടാക്കുക. വ്യോമയാന മേഖലയെ ആക്രമിക്കാനും ഇസ്കൻഡറിനു സാധിക്കും. പറക്കാനൊരുങ്ങി കിടക്കുന്ന വിമാനങ്ങളെ തിരിച്ചറിഞ്ഞ് അവയെ നശിപ്പിക്കാം. വലിയൊരു പ്രദേശത്തുള്ള പ്രതിരോധമില്ലാത്ത യുദ്ധ വാഹനങ്ങളെ മുഴുവൻ നശിപ്പിച്ചു കളയാൻ സാധിച്ചേക്കും. എന്നാൽ, ഇതൊന്നുമായിരിക്കില്ല ഇസ്കൻഡറുകൾ വഹിക്കുന്ന ഇലക്ട്രോമാഗ്നറ്റിക് പൾസ് പോർമുന ആയിരിക്കും ഏറ്റവും ഭീതിജനകമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
ഇത് ആണവ പോർമുന അല്ല. ഒരു പ്രദേശത്തെ ഇലക്ട്രോണിക്സ് മുഴുവൻ തകർത്തു കളയുക എന്നതായിരിക്കും ഇതിന്റെ ലക്ഷ്യം. അതിനായി ബ്രോഡ്ബാൻഡ് ഇലക്ട്രോണിക്സ് ഊർജം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇവയെ ഇ-ബോംബുകൾ എന്നാണ് വിളിക്കുന്നത്. ഇവയെപ്പറ്റി ധാരാളമായി പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഇവ എവിടെയും തന്നെ പ്രയോഗിച്ചതായി അറിയില്ല. ഇത് പ്രയോഗിച്ചാൽ നിരവധി ചതുരശ്ര മൈൽ മേഖലയിലുള്ള ഫോണുകൾ, കംപ്യൂട്ടറുകൾ, കാറുകൾ തുടങ്ങി ഇലക്രോണിക്സിനെ ആശ്രയിച്ചു പ്രവർത്തിക്കുന്ന എല്ലാത്തിനെയും തകർത്തു കളയാനാകും.
ഓരോ ഇസ്കൻഡർ ലോഞ്ച് വാഹനത്തിലും രണ്ട് മിസൈലുകൾ ആയിരിക്കും ഉണ്ടായിരിക്കുക. രണ്ടെണ്ണം റീലോഡ് ചെയ്യാനായും കരുതിയിരിക്കും. ഇത്തരത്തിലുള്ള 12 വാഹനങ്ങളുടെ വ്യൂഹമായിരിക്കും പുറപ്പെടുക. അതിവേഗം 48 മിസൈലുകൾ തൊടുക്കാൻ ഇതിനു സാധിക്കും. ഇത്തരം ഒരു ആക്രമണം മാത്രം മതിയായേക്കും യുക്രെയ്ൻ സൈന്യത്തിന്റെ മനോവീര്യം കെടുത്താൻ എന്നു ചിലർ പറയുന്നു. യുക്രൈൻ യുദ്ധം നീണ്ടു പോയാൽ ഇസ്കൻഡർ പ്രയോഗത്തെയും അവിടുത്തുകാർ ഭയക്കുന്നുണ്ട്.
മറുനാടന് ഡെസ്ക്