ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സംഭവങ്ങൾ വളരെ ശ്രദ്ധാപൂർവ്വം ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. യുദ്ധത്തിൽ തകർന്ന രാജ്യത്ത് ഇപ്പോഴുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതത്വവും സുരക്ഷിതമായ തിരിച്ചുവരവും ഉറപ്പാക്കുന്നതിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂയോർക്കിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി.

അഫ്ഗാനിസ്താനിൽ അധികാരം പിടിച്ച താലിബാൻ നേതൃത്വത്തെ എങ്ങനെ കാണുന്നുവെന്നും അവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ജയ്ശങ്കറിന്റെ മറുപടി ഇപ്രകാരമായിരുന്നു.'പഴയ പോലെ തന്നെയാണ് നിലവിലുള്ള സ്ഥിതി. ഇന്ത്യ താലിബാനുമായി ബന്ധപ്പെട്ടിരുന്നോ ഇല്ലയോ എന്നതിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ല' അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്താനിലെ നിക്ഷേപവും ഇടപഴകലും തുടരുമോ എന്ന ചോദ്യത്തിന് അഫ്ഗാൻ ജനതയുമായുള്ള ചരിത്രപരമായ ബന്ധം തുടരുമെന്ന് ജയ്ശങ്കർ മറുപടി നൽകി. മറ്റുകാര്യങ്ങളേക്കാൾ അഫ്ഗാനിസ്താനിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിത്വത്തിലാണ് ശ്രദ്ധകേന്ദ്രകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് സുരക്ഷ കൗൺസിൽ യോഗത്തിന് ശേഷമാണ് ജയ്ശങ്കർ മാധ്യമങ്ങളെ കണ്ടത്.