- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതുസമയത്തും ഇടിഞ്ഞുവീഴാവുന്ന വീടുകൾ; ഭൂമി വിൽക്കാനോ വായ്പ എടുക്കാനോ കഴിയാതെ 57 ഭുവുടമകൾ; വായ്പ എടുത്തവരിൽ പലരും ജപ്തിയുടെ വക്കിൽ; ജനിച്ചുവളർന്ന ഭൂമി വിട്ടുകൊടുത്തവർ വെള്ളം കുടിക്കുന്നത് 15 വർഷമായി; ശബരി പാത വരുമോ ഇല്ലയോ?
തിരുവനന്തപുരം: ശബരി റെയിൽ പാത എന്തായി? പലരും ഈ ചോദ്യം ചോദിക്കുന്നുണ്ടെങ്കിലും ഒന്നും ആയിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമായി ശബരി റെയിൽ പാത നിർമ്മിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ വ്യക്തമാക്കിയത്.
ആകെയുള്ള 111 കിലോമീറ്റർ പാതയുടെ 70 കിലോമീറ്റർ ദൂരത്തിന്റെ നിർമ്മാണ ചെലവിന്റെ പുതുക്കിയ എസ്റ്റിമേറ്റ് മാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളത്. ശേഷിക്കുന്ന ഭാഗത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കാൻ ദക്ഷിണ റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്തിമ ചെലവ് കണക്കാക്കിയതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ, ശബരിപാതയ്ക്കായി സ്ഥലം വിട്ടു കൊടുത്തവരാണ് ഇപ്പോൾ വെള്ളം കുടിക്കുന്നത്. പാത വരുമോ ഇല്ലയോ എന്നറിയാതെ 15 വർഷമായി എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് പലരും.
പദ്ധതി ഉപേക്ഷിക്കുന്നതായി പ്രഖ്യാപനം വന്നിരുന്നെങ്കിൽ ജീവിതം രക്ഷപ്പെട്ടേനെ. ജനിച്ചു വളർന്ന ഭൂമി വികസനത്തിനായി വിട്ടുകൊടുക്കാൻ തയാറായവരുടെ ആരുമറിയുന്നില്ല. സ്വന്തം സ്ഥലത്ത് ഒന്നും ചെയ്യാനാകാതെ കഷ്ടത്തിലാണ്, ചിലർ പറയുന്നു. ഈ പ്രദേശത്ത് സ്ഥലം നൽകാൻ തയാറായ 57 ഭൂവുടമകൾ ഇപ്പോൾ ഭൂമി വിൽക്കാനോ, വായ്പ എടുക്കാനോ കഴിയാത്ത അവസ്ഥയിലാണ്. ഏതുസമയവും ഇടിഞ്ഞു വീഴാവുന്ന വീടുകളും ഇക്കൂട്ടത്തിലുണ്ട്. ശബരിപാതയ്ക്കായി അലൈന്മെന്റ് നിശ്ചയിക്കുന്നതിനു മുൻപുതന്നെ വിവാഹത്തിനും വിദ്യാഭ്യാസത്തിനും വീടു നിർമ്മാണത്തിനും മറ്റും വായ്പ എടുത്തവരാണു പലരും. എല്ലാവരും ബാങ്കുകളുടെ ജപ്തി നടപടി നേരിടുകയാണ്.
പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കാലടി മുതൽ തൊടുപുഴ മണക്കാട്, കരിങ്കുന്നം വരെയുള്ള 68 കിലോമീറ്റർ സ്ഥലത്ത് 20വർഷം മുമ്പുതന്നെ ഭൂമിയുടെ ക്രയവിക്രയം മരവിപ്പിച്ചിരുന്നു. മൂന്നും അഞ്ചും സെന്റുള്ള 900ത്തോളം പേരുടെ ഭൂമിയും വീടുമാണ് ഇങ്ങനെ അനിശ്ചിതത്വത്തിലായത്. ഇവർക്ക് ഭൂമി വിൽക്കാനോ ഈട് വയ്ക്കാനോ കഴിയാത്ത അവസ്ഥയാണ്.
പലവട്ടം പറഞ്ഞിട്ടും ഫലമില്ല
കഴിഞ്ഞ വർഷം ഒക്ടോബറിൽ, കേന്ദ്ര റെയിൽവെ മന്ത്രിയെ കണ്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സിൽവർ ലൈൻ പദ്ധതിക്കൊപ്പം ശബരി പദ്ധതിയും ഉന്നയിച്ചിരുന്നു. 1998 ലാണ് റെയിൽവെ അങ്കമാലി-എരുമേലി 111 കിലോമീറ്റർ പാത പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരും, റെയിൽ മന്ത്രാലയവും, 2016 ജനുവരി 27 ന് ഒപ്പിട്ട ധാരണാ പത്രം പ്രകാരം, ശബരിമലയിലേക്കുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ യാത്രാവശ്യങ്ങൾ നിറവേറ്റാൻ നിർണായകമായ പദ്ധതിയാണ് ശബരി. സംസ്ഥാനത്തിന്റെ തെക്ക്-കിഴക്കൻ മേഖലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതിയും.
പദ്ധതി ചെലവ് 2815 കോടി. 50 ശതമാനം ചെലവ് വഹിക്കാമെന്ന് സംസ്ഥാനം സമ്മതിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കൽ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷനെ ഏൽപ്പിക്കാമെന്ന നിർദ്ദേശവും പിണറായി വിജയൻ റെയിൽവെ മന്ത്രിയെ അറിയിച്ചിരുന്നു. എന്നാൽ, ഫണ്ടില്ലെന്ന കാരണത്താൽ, കേന്ദ്രസർക്കാർ പദ്ധതി മരവിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ശബരിപാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനും മറ്റുമുള്ള ഫണ്ട് മറ്റുപദ്ധതികൾക്കായി നീക്കി വയ്ക്കുകയാണ്.
1998 ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. പദ്ധതി പ്രഖ്യാപിക്കുമ്പോൾ ചെലവ് 517 കോടി രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് പലമടങ്ങായി. നിർമ്മാണച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് പിന്നീട് റെയിൽവേ എടുത്തു. ദേശീയ തീർത്ഥാടന കേന്ദ്രമെന്ന നിലയിൽ റെയിൽവേയുടെ ചെലവിൽത്തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചെങ്കിലും ഫലം കണ്ടില്ല.
ശബരി പാതയിൽ അങ്കമാലി മുതൽ കാലടി വരെ 7 കിലോമീറ്ററാണു പാത നിർമ്മിച്ചത്. കാലടി മുതൽ എരുമേലി വരെ 109 കിമീ ദൂരം പാത നിർമ്മിക്കാനുണ്ട്. 264 കോടി രൂപയാണു പദ്ധതിക്കായി ഇതുവരെ ചെലവഴിച്ചത്. 2017ൽ പദ്ധതി ചെലവു 2815 കോടി രൂപയായിരുന്നു. എസ്റ്റിമേറ്റ് പുതുക്കുമ്പോൾ ഇത് 3500 കോടിയായി ഉയരുമെന്നാണു സൂചന.
മറുനാടന് മലയാളി ബ്യൂറോ