കണ്ണൂർ: ബിജെപി.യുടെ വ്യാജ ലെറ്റർ പാഡ് ഉപയോഗിച്ച് പ്രചാരണം അഴിച്ചു വിട്ടവർക്കെതിരെ നിയമനടപടികൾക്കൊരുങ്ങി ബിജെപി. ജില്ലാ നേതൃത്വം. അടുത്ത ദിവസങ്ങളിലായി ബിജെപി. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് പി. സത്യപ്രകാശ് ഒപ്പിട്ട രീതിയിൽ സർക്കുലർ സമൂഹമാധ്യമങ്ങളിലടക്കം വ്യാജമായി പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരമൊരു സർക്കുലറിന്റെ പിതൃത്വം തങ്ങൾക്കില്ലെന്ന് വ്യക്തമാക്കി ബിജെപി. രംഗത്ത് വന്നതോടെ സർക്കുലറിന്റെ ഉറവിടത്തെ ചൊല്ലി വിവാദങ്ങൾ ഉയരുകയാണ്.

സർക്കുലറിന് പിന്നിൽ സിപിഎം. നേതൃത്വമാണെന്നും അവർക്കെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്നും ബിജെപി. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പറഞ്ഞു. ഇത്തരമൊരു സർക്കുലർ പ്രചരിപ്പിച്ചതിന് സി.പി. എം ജില്ലാ നേതൃത്വത്തിന്റെ പങ്ക് വെളിച്ചത്തുകൊണ്ടു വരിക തന്നെ ചെയ്യുമെന്ന് സത്യപ്രകാശ് പറയുന്നു. സർക്കുലർ നമ്പർ 150/8 പ്രകാരം ശബരിമല ആചാരനാനുഷ്ടാനങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി തെരഞ്ഞെടുത്ത പ്രവർത്തകർ സന്നിധാനത്തെത്തണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരുന്നല്ലോ എന്നു തുടങ്ങിയ വാചകങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ജില്ലയിലെ പ്രവർത്തകർ സന്നിധാനത്തെത്താൻ 13.12. 18 നാണെന്നും കൂത്തുപറമ്പ്, തലശ്ശേരി, ധർമ്മടം, കണ്ണൂർ എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുത്ത പ്രവർത്തകരാണ് പോകേണ്ടതെന്നും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ സർക്കുലറിൽ സൂചിപ്പിച്ച പരിശീലനം സിദ്ധിച്ച പ്രവർത്തകർ കൈസഞ്ചിയിൽ ആവശ്യമുുള്ള സാധനങ്ങൾ കരുതണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇങ്ങിനെയുള്ള പ്രവർത്തകർക്കുള്ള ക്ലാസ് 2.12.18 ന് മാരാജി ഭവനിൽ വെച്ച് നടക്കും. ആവശ്യമായ നിർദേശങ്ങൾ ഈ ക്ലാസിൽ വെച്ച് നൽകും. പോകേണ്ട പ്രവർത്തകരുടെ മണ്ഡലം തിരിച്ചുള്ള എണ്ണവും ചുമതലയും പട്ടികയായി സർക്കുലറിൽ ചേർക്കുകയും ചെയ്തിട്ടുണ്ട്. മണ്ഡലം പ്രവർത്തകരുടെ എണ്ണം , ചുമതലപ്പെട്ട ഭാരവാഹികളുടെ പേര്, ഫോൺ നമ്പറുകൾ എന്നിവയും പ്രചരിപ്പിക്കപ്പെടുന്ന സർക്കുലറിലെ പട്ടികയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.

സമൂഹ മാധ്യമങ്ങളിൽ ഈ സർക്കുലർ വ്യാജമായി പ്രചരിച്ചതോടെ ഇതിന്റെ ഉറവിടം അന്വേഷിക്കേണ്ടതാണെന്ന ആവശ്യവുമായി ബിജെപി. ജില്ലാ നേതൃത്വം രംഗത്തിറങ്ങിയിരിക്കയാണ്. ബിജെപി. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് എന്ന നിലയിൽ വിവിധ ആവശ്യങ്ങൾക്കായി പാർട്ടി പ്രവർത്തകർക്കും മാധ്യമങ്ങൾക്കും മറ്റു നൽകാറുള്ള ലെറ്റർ പാഡ് എഡിറ്റ് ചെയ്ത് തന്റെ ഒപ്പും സീലും സ്‌കാൻ ചെയ്ത് ഉപയോഗിച്ചാണ് തന്റേതായ സർക്കുലർ രൂപത്തിൽ വ്യാജ ലെറ്റർ പാഡിലൂടെ പ്രചരിച്ചത്.

പാർട്ടിയേയും തന്നേയും സമൂഹമധ്യത്തിൽ അവഹേളിക്കാനാണ് വ്യാജ സർക്കുലർ വഴി ശ്രമിച്ചിട്ടുള്ളത്. ശബരിമല ആചാരാനുഷ്ഠാന സംരക്ഷണത്തിന് വേണ്ടി നടത്തുന്ന സമരത്തെ ദുർബലപ്പെടുത്തുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. മാനനഷ്ടകേസ് അടുത്ത ദിവസം തന്നെ ഫയൽ ചെയ്യുമെന്നും സത്യപ്രകാശ് പറഞ്ഞു.