പമ്പ: തമിഴ്‌നാട്ടിൽ നിന്നുള്ള മനീതി സംഘത്തിന്റെ ശബരിമല ദർശനം സർക്കാർ സ്പോൺസേർഡ് നാടകം. സംസ്ഥാന സർക്കാരിന്റെ എല്ലാ വകുപ്പുകളും ചേർന്ന് നടത്തുന്ന ആസൂത്രിത നാടകമാണിതെന്നതിന്റെ തെളിവുകൾ മറുനാടന് ലഭിച്ചു. ശബരിമല വിഷയത്തിൽ ഹൈന്ദവസമൂഹത്തിൽ നിന്ന് നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസും ആഭ്യന്തര വകുപ്പും ചേർന്നാണ് നാടകം സ്പോൺസർ ചെയ്തിരിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. ആചാര സംരക്ഷകരായി സർക്കാർ മാറാൻ ശ്രമിക്കുന്നതിന് തെളിവായി ഇതിനെ വിലയിരുത്തുന്നത്.

മനീതി സംഘം തമിഴ്്നാട്ടിലെ ഇടതുപക്ഷ സംഘടനയായി. സിപിഎമ്മുമായി അടുത്ത ബന്ധമാണ് ഇവർ പുലർത്തുന്നത്. സർക്കാർ തന്നെയാണ് ഇവരെ കൊണ്ടുവരുന്നത്. രണ്ടു സംഘങ്ങളായി പിരിഞ്ഞു വരുന്ന ഇവരെ കൊണ്ടുവരാൻ പോയിരിക്കുന്നത് കേരളാ പൊലീസിലെ ഒരു ഇൻസ്പെക്ടറും എസ്ഐയുമാണ്. ഈരാറ്റുപേട്ടയ്ക്ക് അടുത്ത മേലുകാവ് സ്റ്റേഷനിലെ എസ്ഐ സന്ദീപാണ് റോഡ് മാർഗം സംഘവുമായി വന്നത്. ഇതിനായി രണ്ടു ദിവസം മുൻപ് തന്നെ ഇയാളുടെ നേതൃത്വത്തിൽ സംഘം ചെന്നൈയിൽ തമ്പടിച്ചിരുന്നു.

കുമളി ചെക്ക് പോസ്റ്റ് വഴി വരുമെന്ന് അറിയിച്ചതിന് ശേഷം കമ്പത്ത് നിന്ന് തിരിഞ്ഞ് കമ്പംമെട്ട് ചെക്ക് പോസ്റ്റ് വഴി സംഘത്തെ കടത്തിയതും പൊലീസ് ബുദ്ധിയായിരുന്നു. വഴി നീളെ പൊലീസ് സംരക്ഷണം ഒരുക്കി റൂട്ട് മാപ്പും തയാറാക്കിയിരുന്നു. രണ്ടാമത്തെ സംഘത്തെ ട്രെയിനിൽ അയച്ചതും വ്യക്തമായ ആസൂത്രണത്തോടെയാണ്. കോട്ടയം ജില്ലയിലെ പാമ്പാടി പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്തിനെയാണ് ആഭ്യന്തരവകുപ്പ് അയച്ചിരിക്കുന്നത്. കടുത്ത സിപിഎം ഭക്തരായ ഉദ്യോഗസ്ഥർ മാത്രമാണ് ഈ ഓപ്പറേഷനിൽ ഉൾപ്പെട്ടിരിക്കുന്നത്. നാടകം പമ്പയിൽ അവസാനിപ്പിക്കണമെന്നും അതുവരെ വിശ്വാസികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തണമെന്നുമാണ് നിർദ്ദേശം.

പമ്പയിൽ വരെ വന്ന യുവതികളെ പൊലീസ് തന്നെ തടഞ്ഞ് തിരിച്ചയയ്ക്കും. സർക്കാരിന്റെ നിർദ്ദേശം തങ്ങൾ പാലിച്ചുവെന്നാകും പൊലീസ് വിശദീകരണം നൽകുക. ഇതോടെ സർക്കാർ വിശ്വാസികൾക്ക് ഒപ്പമാണെന്ന് വരികയും ചെയ്യും. ശബരിമല വിഷയത്തിൽ ഇടഞ്ഞു നിൽക്കുന്ന സിപിഎമ്മിലെ വിശ്വാസികൾ പാർട്ടിക്കൊപ്പം ഉറച്ചു നിൽക്കും. ശബരിമല സമരത്തിന്റെ പേരിൽ പരമാവധി ഇമേജ് സംഘപരിവാറും ബിജെപിയും ഉണ്ടാക്കിയെന്നും ഇത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടമുണ്ടാക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് ഈ നാടകം രൂപം കൊണ്ടത്.

ഏതു സ്ത്രീ വന്നാലും തടയാനും മാക്സിമം പബ്ലിസിറ്റി നൽകാനുമാണ് പൊലീസിനും മറ്റ് സർക്കാർ വകുപ്പുകൾക്കും നൽകിയിരിക്കുന്ന നിർദ്ദേശം. ശബരിമല തീർത്ഥാടന കാലത്ത് തന്നെ സർക്കാർ വിശ്വാസികൾക്കൊപ്പം എന്ന് വരുത്തി തീർത്ത്, ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനാകും സിപിഎം ശ്രമിക്കുക. തിരിച്ചടിയുണ്ടാകുന്ന പക്ഷം സർക്കാരിന്റെ നിലനിൽപ് പോലും ചോദ്യം ചെയ്യപ്പെടും. അത് ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്.