ശബരിമല: വൃശ്ചികപ്പുലരിയിൽ രാവിലെ ഒമ്പതു മണി വരെ സന്നിധാനത്ത് ദർശനത്തിന് വന്നത് 635 പേർ. കോവിഡിന്റെ പശ്ചാത്തലത്തിൽ ദർശനത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഭക്തരുടെ എണ്ണം നിയന്ത്രിച്ചത്. 525 പേർ ദർശനം നടത്തി കഴിഞ്ഞു. കൂടുതലും ഇതരസംസ്ഥാനത്ത് നിന്നുള്ളവരാണ്. പ്രതിദിനം ആയിരം പേർക്ക് ദർശനം നടത്തുന്നതിനാണ് അനുവദിച്ചിരുന്നത്. അതനുസരിച്ചാണ് പൊലീസ് വിർച്വൽ ക്യൂ സംവിധാനം സെറ്റ് ചെയ്തിരുന്നത്. എന്നാൽ, രജിസ്റ്റർ ചെയ്യാനുള്ള തിരക്ക് കൂടിയതോടെ ഒരു ദിവസം പരമാവധി അനുവദിക്കാവുന്ന തീർത്ഥാടകരുടെ എണ്ണം 1600 ആക്കിയത്.

കോവിഡിന് ശേഷം ആദ്യമായി ദർശനം അനുവദിച്ചത് കഴിഞ്ഞ മാസപൂജാ സമയത്ത് പ്രതിദിനം 250 പേർക്കായിരുന്നു പ്രവേശനം നൽകാൻ തീരുമാനിച്ചത്. എന്നാൽ, 150 പേർ പോലും തികച്ച് എത്തിയിരുന്നില്ല. നട തുറന്നത് ഇന്നലെയാണെങ്കിലും ഭക്തർക്ക് പ്രവേശനം ഇന്ന് പുലർച്ചെ മുതലായിരുന്നു. ഇതരസംസ്ഥാനത്ത് നിന്നുള്ള ഭക്തരാണ് ഏറെയും ദർശനത്തിന് വന്നിരിക്കുന്നത്. നിലയ്ക്കലിൽ കോവിഡ് പരിശോധനയ്ക്ക് സാമ്പിൾ നൽകിയതിന് ശേഷം വേണം തീർത്ഥാടകർ സന്നിധാനത്തേക്ക് പോകാൻ.

ഇന്ന് വൈകിട്ട് നാലിനാണ് നട തുറക്കുന്നത്. രാത്രി ഒമ്പതിന് നടയടയ്ക്കും. അതിനോടകം ചുരുങ്ങിയത് അറുനൂറ് പേര് കൂടി ദർശനത്തിന് എത്തുമെന്ന് പൊലീസ് കണക്കു കൂട്ടുന്നു. വരും ദിനങ്ങളിൽ തീർത്ഥാടകരുടെ എണ്ണം കൂടിയേക്കും.