പത്തനംതിട്ട: ശബരിമലയിൽ കോവിഡിന്റെ സൂപ്പർ സ്പ്രെഡ് നടക്കുന്നുവെന്ന മുന്നറിയിപ്പുമായി കേരളാ ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും കോവിഡ് വ്യാപനം നിയന്ത്രണാതീതമാണ്. ഇതു വരെ ഇവിടെ കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം മുന്നൂറ്റമ്പതിന് അടുത്തായി.

ഇതിൽ തന്നെ ഇരുനൂറ്റമ്പതോളം പേർ ശബരിമല ഡ്യൂട്ടിക്കെത്തിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ്. പൊലീസ് സേനയിലെ 140 പേർക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവായത്. ദിവസേന പതിനഞ്ചിനും ഇരുപതിനും ഇടയ്ക്ക് ജീവനക്കാരാണ് രോഗികളായി കൊണ്ടിരിക്കുന്നത്. ഇനിയും നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ ഒരു പക്ഷേ വലിയൊരു വിപത്തിനു തന്നെ വഴിതെളിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.

മണ്ഡല മകരവിളക്ക് കാലത്തിന്റെ ഇനിയുള്ള ദിവസങ്ങളിലെ നടത്തിപ്പ് സംബന്ധിച്ച് ഉചിതമായ തീരുമാനം ഗവൺമെന്റ് കൈക്കൊള്ളണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഒരാഴ്ചയായി ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണവും പത്തനംതിട്ട ജില്ലയിൽ ഉയർന്നു വരികയാണ്. ജില്ലയിലെ ഏക കോവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയിലെ 95% കിടക്കകളും 90% വെന്റിലേറ്ററുകളും നിറഞ്ഞു കഴിഞ്ഞു.

സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും അഡ്‌മിറ്റ് ആകുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. പത്തനംതിട്ട ജനറൽ ആശുപത്രി ശബരിമലയുടെ ബേസ് ആശുപത്രിയായി ആണ് പ്രവർത്തിച്ചു വരുന്നത്. ശബരിമലയിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ഇനിയുള്ള ദിവസങ്ങൾ വളരെ വിലപ്പെട്ടതാണ് പ്രത്യേകിച്ചും ഇത്രയധികം ജീവനക്കാർ രോഗികളായി കൊണ്ടിരിക്കുന്നത് ഉത്കണ്ഠ ഉളവാക്കുന്ന സംഗതിയാണ്.

കോവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയിട്ട് ജോലിക്ക് എത്തുന്നവർ അഞ്ചു ദിവസം കഴിയുമ്പോൾ പോസിറ്റീവ് ആയി മാറുന്നത് ശബരിമലയിലെ സൂപ്പർ സ്പ്രെഡ് ആണ് സൂചിപ്പിക്കുന്നത്. ഈ വിഷയത്തിന്റെ ഗൗരവം മനസിലാക്കി ഗവൺമെന്റ് അടിയന്തരമായി ഇടപെട്ട് ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.