ശബരിമല: പൊലീസിന്റെ വിർച്വൽ ക്യൂ സംവിധാനത്തിന് ബദലായി ദേവസ്വം ബോർഡിന്റെ വഴിപാട്-ദർശന ക്യൂ. ഉയർന്ന തുകയ്ക്കുള്ള വഴിപാട് കൂപ്പണുകളുമായി എത്തുന്ന തീർത്ഥാടകർക്ക് പൊലീസിന്റെ ക്യൂവിന്റെ കണക്കിൽപ്പെടാതെ ദർശനം നടത്തി മടങ്ങി. ഈ സൗകര്യം മനസിലാക്കിയതോടെ വ്യാജകൂപ്പൺ നിർമ്മിച്ച് ദർശനത്തിന് എത്തുന്നവരും നിരവധിയാണ്. ഇത്തരത്തിൽ ഒരു സംഘത്തെ ഇന്നലെ രാവിലെ പമ്പ പൊലീസിന്റെ വെരിഫിക്കേഷൻ കൗണ്ടറിൽ പിടികൂടി.

അഷ്ടാഭിഷേകത്തിനുള്ള വ്യാജകൂപ്പണുമായി വന്ന ബംഗളൂരൂ സ്വദേശികളായ മൂന്ന് തീർത്ഥാടകരാണ് അറസ്റ്റിലായത്. ബംഗളൂരു ഹസൻ ചെങ്ങാറായ പട്ടണ ഹിരിസിവ ജി റോഡിൽ മൻദീപ്, ചാഞ്ചലകുപ്പ തവേറക്കര ഹോവാലി ചന്ദ്രപ്പ സർക്കിൾ കേസവാ മൂർത്തി, ലക്ഷ്മൺ എന്നിവരാണ് അറസ്റ്റിലായത്. വ്യാജരേഖ ചമച്ച കേസിൽ ഇവരെ റിമാൻഡ് ചെയ്യും.

ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിൽ ഓൺലൈനായി ബുക്ക് ചെയ്തപ്പോൾ ലഭിച്ച കൂപ്പണാണ് ഇതെന്ന് പറഞ്ഞാണ് ഇവർ വന്നത്. ഒരു കൂപ്പണിൽ നാലു പേർക്ക് ദർശനം നടത്തി വഴിപാട് കഴിക്കാം. ഇത്തരം നാലു കൂപ്പണുകളുമായി 16 പേരാണ് വന്നത്. ഇതിൽ ഒരു കൂപ്പൺ യഥാർഥമായിരുന്നു. ശേഷിച്ച മൂന്നെണ്ണം വ്യാജനാണെന്ന് പരിശോധനയിൽ കണ്ടെത്തി. കൂപ്പൺ ബുക്ക് ചെയ്തവരെന്ന് പറയുന്ന മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ സംഘാംഗങ്ങളെ വിട്ടയച്ചു.

ഇടനിലക്കാരൻ മുഖേനെയാണ് തങ്ങൾ ബംഗളൂരുവിൽ കൂപ്പൺ ബുക്ക് ചെയ്ത് വന്നത് എന്നാണ് ഇവർ പറയുന്നത്. ഇടനിലക്കാരനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേരളാ പൊലീസിന്റെ വിർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാതെ ദർശനത്തിനുള്ള കുറുക്കുവഴിയാണ് അഷ്ടാഭിഷേകം പോലെയുള്ള വഴിപാട് കൂപ്പണുകൾ. പൊലീസിന്റെ വിർച്വൽ ക്യൂ ഇവർക്ക് ബാധകമല്ല. അയ്യായിരം മുതൽ 10,000 രൂപ വരെയാണ് അഷ്ടാഭിഷേക കൂപ്പണിന് ഈടാക്കുന്നത്.

നാലു മുതൽ ആറു പേർ വരെ ഒരു കൂപ്പണിൽ കയറിപ്പോകുന്നുണ്ട്. ചുരുക്കത്തിൽ പണം വാങ്ങി സുഗമ ദർശനത്തിന് അവസരമൊരുക്കുകയാണ് ദേവസ്വം ബോർഡ് ചെയ്യുന്നത്. പൊലീസ് വെർച്വൽ ക്യൂവിന് സമാന്തരമായിട്ടാണ് ദർശനം അനുവദിക്കുന്നത്. ഇവരുടെ എണ്ണം കണക്കിൽ രേഖപ്പെടുത്തുന്നുമില്ല.

മുമ്പും ഇതു പോലെ വ്യാജ കൂപ്പണുകളുമായി നിരവധി പേർ ദർശനം നടത്തിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. വ്യാജകൂപ്പണുമായി വന്നവർ അറസ്റ്റിലായ വിവരം പൊലീസ് ആദ്യം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. വിവരം സന്നിധാനം സ്പെഷൽ ഓഫീസറെയാണ് അറിയിച്ചത്. ഏറെ വൈകിയാണ് കേസ് എടുത്തത്. വ്യാജരേഖ ചമച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.