പത്തനംതിട്ട: അതിവിചിത്രമായ കാര്യങ്ങളാണ് പത്തനംതിട്ട ആംഡ് പൊലീസ് ക്യാമ്പിൽ നടക്കുന്നത്. ഏപ്രിലിൽ വിരമിക്കാൻ പോകുന്ന ക്യാമ്പ് എസ്ഐയെ തിരുവാഭരണ സുരക്ഷാ സംഘത്തിൽ വിടാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്യുന്നയാളുടെ ഇടപെടൽ. പത്തനംതിട്ടയിൽ നിന്ന് സ്ഥലം മാറി മറ്റൊരു ജില്ലയിലേക്ക് പോയിട്ടും അവിടെ ഇരുന്ന് ഇവിടുത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനും കൂടിയായതോടെ ജില്ലയിലെ പൊലീസ് അസോസിയേഷനും രണ്ടു ചേരിയിലായി.

വർഷങ്ങളായി തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷാ അകമ്പടി നൽകുന്നത് എആർ ക്യാമ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ്. ഇക്കുറി അതിന് മാറ്റം വരുത്തി. ക്യാമ്പിൽ നിന്ന് ഏപ്രിലിൽ വിരമിക്കുന്ന അശോകൻ എന്ന എസ്ഐയെ ഘോഷയാത്രയുടെ സുരക്ഷാ ചുമതലയിൽ നിന്നൊഴിവാക്കുന്നതിന് ഇക്കുറി ക്യാമ്പ് എസ് ഐമാർ സുരക്ഷാ ടീമിൽ വേണ്ടെന്നും ലോക്കൽ എസ്ഐമാർ പോകട്ടെ എന്നും തീരുമാനമെടുക്കുകയായിരുന്നു.

വർഷങ്ങളായി ഘോഷയാത്രയ്ക്ക് ഒപ്പം പോകുന്ന അശോകന് വിരമിക്കുന്നതിന് മുൻപുള്ള അവസാന അവസരമായിരുന്നു ഇത്. അസിസ്റ്റന്റ് കമാൻഡാന്റ് അടക്കമുള്ളവർ അശോകന് വേണ്ടി നില കൊണ്ടു. ഒപ്പം മകനെയും കൂടി കൊണ്ടു പോകുന്നതിന് വേണ്ടി ആർടിപിസിആർ ടെസ്റ്റ് നടത്താൻ ചെല്ലുമ്പോഴാണ് ഇക്കുറി ക്യാമ്പ് എസ്ഐമാരെ അയയ്ക്കേണ്ടതില്ലെന്ന തീരുമാനം വന്നതായി കമാൻഡാന്റ് അറിയിച്ചത്. അവിടെ നിന്ന് അശോകൻ പൊട്ടിക്കരയുകയായിരുന്നു.

കോൺഗ്രസ് ചായ്വുള്ളയാളാണ് അശോകൻ. അദ്ദേഹത്തെ വെട്ടി നിരത്താൻ അതും ഒരു കാരണമായി. പൊലീസ് അസോസിയേഷന്റെ ഒരു ജില്ലാ നേതാവും റൈറ്ററും കൂടി ഇടപെട്ടാണ് അശോകനെ വെട്ടിയത് എന്നൊരു സൂചനയും ഇപ്പോൾ പുറത്തു വരുന്നു. ഇതിനായി ഇവർ നടത്തിയ കരുനീക്കങ്ങളാണ് ഇടത് ആഭിമുഖ്യമുള്ള പൊലീസ് അസോസിയേഷനെപ്പോലും രണ്ടു തട്ടിലാക്കിയത്. വിരമിക്കാൻ പോകുന്ന അശോകന് ഈ അവസരം നഷ്ടമാക്കിയത് എന്തു കാരണത്തിന്റെ പേരിലാണെങ്കിലും ശരിയായില്ലെന്ന പക്ഷക്കാരാണ് ഒരു വിഭാഗം.

രാഷ്ട്രീയവും റാങ്കുമൊക്കെ അവിടെ നിൽക്കട്ടെ, പൊലീസുകാരും മനുഷ്യരല്ലേ, ഒരു സമൂഹമല്ലേ എന്ന ചോദ്യമാണ് ഇവർ ഉന്നയിക്കുന്നത്. കോൺഗ്രസ് അനുകൂല പൊലീസ് അസോസിയേഷനിൽ ജില്ലാ പ്രസിഡന്റായിരുന്നു അശോകൻ. എആർ ക്യാമ്പിൽ സാധാരണ പൊലീസുകാരൻ ആയിരിക്കുന്ന കാലം മുതൽ ശബരിമല തിരുവാഭരണ ഘോഷയാത്രാ ഡ്യൂട്ടിയിൽ അശോകൻ ഉണ്ടായിരുന്നു. ഒരിക്കലും ആ ഡ്യൂട്ടിക്ക് മാറ്റം വന്നിട്ടുമില്ല. അതാണ് ഇക്കുറി വ്യക്തി വിരോധത്തിന്റെ പേരിൽ ഇല്ലാതാക്കിയത്.

അശോകന്റെ പേര് വെട്ടുന്നതിനായി വലിയ കളികളാണ് ക്യാമ്പിൽ നടന്നത്. ഈ ഒരു നിസാരകാര്യത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളയാളെ വരെ ഇടപെടുവിച്ചതാണ് ഏറെ വിചിത്രമായി തോന്നുന്നത്. ജില്ലയിൽ നിന്ന് സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥനാണ് ഇതിന് ചുവടു പിടിച്ചത് എന്നാണ് ആരോപണം.