- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വേഷം മാറ്റി പൊലീസ് സുരക്ഷയിൽ വനിതകളെ സന്നിധാനത്തെത്തിച്ച സർക്കാരാണ് അധികാരത്തിൽ; യുഡിഎഫ് എത്തിയാൽ ഭക്തരുടെ വികാരങ്ങൾ ഉറപ്പാക്കാൻ നിയമ നിർമ്മാണം; ക്രൈസ്തവരെ പിടിക്കാൻ ഉമ്മൻ ചാണ്ടി; ഹൈന്ദവരെ അടുപ്പിക്കാൻ ശബരിമലയും; സിപിഎമ്മിന്റെ വർഗ്ഗീയതയെ പിടിച്ചു കെട്ടാൻ തുറുപ്പു ചീട്ടുമായി കോൺഗ്രസ്
കാസർകോട്: വർഗ്ഗീയത ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ഇടതുപക്ഷ ശ്രമമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. മുസ്ലിം ലീഗുമായുള്ള സഖ്യത്തെ ഉയർത്തി ഹൈന്ദവ വോട്ടുകൾ നേടാനുള്ള ശ്രമം. പോപ്പുലർ ഫ്രണ്ട് വിഷയവും മറ്റും ഉയർത്തിയത് തദ്ദേശത്തിൽ ഗുണം ചെയ്തുവെന്ന വിലയിരുത്തലിലാണ് ഇത്തരത്തിൽ ഒരു നീക്കത്തിന് സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. ഇത് കരുതലോടെ കാണേണ്ട വിഷയമാണെന്ന് കോൺഗ്രസ് തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ശബരിമല അടക്കം പ്രചരണ വിഷയമാക്കി മാറ്റും.
മുസ്ലിം ലീഗ് സജീവമാണ്. അതുകൊണ്ട് തന്നെ മലബാറിൽ മുസ്ലിം വോട്ടുകൾ കോൺഗ്രസ് ഉറപ്പിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയെ മുന്നിൽ നിർത്തുന്നതിലൂടെ ക്രൈസ്തവ വോട്ടുകളും കോൺഗ്രസ് ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനൊപ്പമാണ് ഹിന്ദു വോട്ടുകൾ അകലാതിരിക്കാനായി ശബരിമല കാർഡും. എല്ലാ വിഭാഗങ്ങളും തങ്ങളുടെ ഒപ്പമാണെന്ന് വരുത്താനാണ് കോൺഗ്രസിന്റെ നീക്കം.
നിയമസഭ തിരഞ്ഞെടുപ്പിൽ ശബരിമല യുവതീപ്രവേശ വിഷയവും സിപിഎമ്മിന്റെ വർഗീയ പരാമർശങ്ങളും യുഡിഎഫ് ചർച്ചയാക്കും. പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്രയിൽ ഈ വിഷയങ്ങളും വിശദീകരിക്കും. അധികാരത്തിലെത്തിയാൽ ശബരിമലയുടെ കാര്യത്തിൽ നിയമനിർമ്മാണം നടത്തുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയതിന് പിന്നിലും ഹൈന്ദവ വോട്ടുകൾ യുഡിഎഫിനെ കൈവിടില്ലെന്ന് ഉറപ്പിക്കലാണ്. ശബരിമല സജീവമായി തന്നെ ചർച്ചാവിഷയമാക്കും.
പാണക്കാട് തങ്ങളെ കാണാനെത്തുന്നതിനെ വിമർശിക്കുന്ന സിപിഎം നേതാക്കൾ ബിജെപിയുടെ ഭാഷ കടമെടുത്തിരിക്കുകയാണെന്നു നേതാക്കൾ ആരോപിച്ചു. ഭൂരിപക്ഷ ജനവിഭാഗത്തിനൊപ്പമെന്ന് ആവർത്തിക്കുന്ന സിപിഎം നേതൃത്വം ശബരിമലയുടെ കാര്യത്തിൽ സ്വീകരിച്ചത് ഇരട്ടത്താപ്പെന്നാണ് യുഡിഎഫ് നിലപാട്. വിശ്വാസികളെ വഞ്ചിക്കുന്ന തരത്തിൽ യുവതികളെ ശബരിമലയിൽ എത്തിച്ചത് സർക്കാരാണ്. സുപ്രീംകോടതി വിധി വന്നാൽ ഈ വിഷയത്തിൽ എന്തായിരിക്കും നിലപാടെന്ന് സിപിഎം വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടും.
ഐശ്വര്യ കേരള യാത്രയിൽ ശബരിമലയായിരുന്നു പ്രധാന ചർച്ചാ വിഷയം. ഇതിന് പിന്നിൽ സിപിഎമ്മിന്റെ മുസ്ലിം ലീഗുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കുള്ള മറുപടി കൂടിയാണ്. ഇതോടെ വർഗ്ഗീയതയാകും ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചാ വിഷയമാകുകയെന്നും വ്യക്തമാക്കുകയാണ്. ശബരിമല വിധി സർക്കാർ ചോദിച്ചു വാങ്ങിയതാണ് എന്നു പറഞ്ഞ ഉമ്മൻ ചാണ്ടി, ഭക്തരുടെ ആഗ്രഹം നടത്താനല്ല സർക്കാർ ശ്രമിച്ചതെന്നും ആരോപിച്ചു.
പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചിരുന്നെങ്കിൽ സത്യവാങ്മൂലം പിൻവലിച്ചേനെ. വേഷം മാറ്റി പൊലീസ് സുരക്ഷയിൽ വനിതകളെ സന്നിധാനത്തെത്തിച്ച സർക്കാരാണ് അധികാരത്തിൽ ഇരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റേത് ഈ നിലപാടല്ലെന്നും അവർ പറയുന്നു. മുസ്ലിം ലീഗ് കോൺഗ്രസിന്റെ ഘടകക്ഷിയാണ്. അതിന് അപ്പുറത്തേക്ക് ഒരു തീവ്രവാദ സംഘടനകളുമായി കോൺഗ്രസിന് ബന്ധമില്ല. കോൺഗ്രസിനെതിരെ കടന്നാക്രമണങ്ങൾ നടത്തിയാൽ മദനിയുമായി പിണറായി മുമ്പ് വേദി പങ്കിട്ടതും കോൺഗ്രസ് ചർച്ചയാക്കും.
സ്വർണക്കടത്ത് ഉൾപ്പെടെ സർക്കാരിനെതിരെയുള്ള ആരോപണങ്ങൾക്കൊപ്പം ശബരിമലയും ന്യൂനപക്ഷങ്ങൾക്കെതിരായ സിപിഎം വിമർശനങ്ങളും ഉയർത്തി പ്രചാരണം കടുപ്പിക്കാനാണ് യുഡിഎഫ് ശ്രമം. പ്രതിപക്ഷ നേതാവിന്റെ യാത്ര തലസ്ഥാനത്തെത്തുമ്പോൾ ഇടത് ഭരണത്തിനും സമാപനമാകുമൈന്നാണ് കോൺഗ്രസ് പറയുന്നത്. കോൺഗ്രസിലെ വിഭാഗീയത യാത്രയിൽ പ്രതിഫലിക്കാതിരിക്കാനും ശ്രമിക്കും.