- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലേലം ചെയ്തത് പൂപ്പൽ പിടിച്ചു നശിച്ച 3.30 ലക്ഷം കിലോ ശർക്കര; ലേലത്തിൽ വാങ്ങിയ റാന്നിക്കാരൻ ഈ പാഴ് വസ്തുവിനെ എങ്ങനെ ഉപയോഗിക്കുമെന്നതിൽ ആശങ്ക; പരിശോധനാ സമയത്ത് ഗുണനിലവാരമുള്ള മുതലും; സർട്ടിഫിക്കറ്റ് കിട്ടിയാൽ അലിച്ചിറങ്ങുന്ന മുതലും; 'ശബരിമലയിൽ സംഭവിച്ചത് അട്ടിമറി
ശബരിമല: ശബരിമലയിൽ 3.36 ലക്ഷം കിലോ ശർക്കര ലേലം ചെയ്തതിൽ അടിമുടി ദുരൂഹത. പ്രസാദ നിർമ്മാണത്തിനായി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ശർക്കര ഉപയോഗശൂന്യമായതിനെത്തുടർന്നാണ് ദേവസ്വം ബോർഡ് ലേലം ചെയ്തത്. സന്നിധാനത്തും പമ്പയിലും ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ശർക്കര പ്രസാദനിർമ്മാണത്തിന് കഴിയാത്ത വിധം ഉപയോഗശൂന്യമായതിനെ തുടർന്നാണ് ലേലം ചെയ്യാൻ തീരുമാനിച്ചത്.
എന്നാൽ കേടായ ഈ ശർക്കര എന്തിനാണ് ലേലത്തിൽ പിടിച്ചതെന്നതാണ് ഉയരുന്ന ചോദ്യം. ശർക്കര കഴിഞ്ഞ 29ന് ലേലം ചെയ്തു കൊടുത്തു. ഇനി ദേവസ്വം വിജിലൻസിന്റെ സാന്നിധ്യത്തിൽ ശർക്കര തൂക്കി ലേലമെടുത്തയാൾക്ക് കൈമാറും. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ മൂലം തീർത്ഥാടകർ കുറഞ്ഞതോടെ അപ്പം, അരവണ ഉത്പാദനം കുറച്ചിരുന്നു. പ്രസാദ നിർമ്മാണം കുറഞ്ഞതോടെ ഉപയോഗിക്കാതിരുന്ന ശർക്കര പഴകി. പൂപ്പൽ പിടിച്ച ശർക്കരയിൽ ലേലമെടുത്തയാൾക്കുള്ള താൽപ്പര്യം ഭക്ഷ്യാസുരക്ഷാ ഉദ്യോഗസ്ഥരും പരിശോധിക്കും.
പശുവിന് ആഹാരാമാക്കി ഈ ശർക്കരയെ മാറ്റാമെന്ന വാദം ഉയരുന്നുണ്ട്. എന്നാൽ ഇത്രയധികം ശർക്കര എങ്ങനെ ഉപയോഗയോഗ്യമാക്കുമെന്നതാണ് സംശയമായി മാറുന്നത്. ചാരായ വാറ്റിനും മറ്റും ഈ ശർക്കര ഉപയോഗിക്കുമോ എന്ന ആശങ്കയുമുണ്ട്. അതുകൊണ്ട് തന്നെ ശബരിമലയിലെ വിജിലൻസും ഈ ശർക്കര ഇടപാടിൽ അന്വേഷണം നടത്തും. എന്തുകൊണ്ടാണ് ശർക്കര അധികമായി ഗോഡൗണിൽ എത്തിയെന്നത് അടക്കം പരിശോധിക്കും. കുറഞ്ഞത് രണ്ട് കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ശർക്കര ഉപയോഗയോഗ്യമല്ലാതായതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ബോർഡിനുണ്ടായിരിക്കുന്നത്. ലേലം കൊണ്ടയാൾക്ക് കൈമാറുമ്പോൾ മാത്രമേ എത്ര രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് കൃത്യമായി തിട്ടപ്പെടുത്താൻ കഴിയൂ. ശർക്കരയ്ക്ക് നിറവ്യത്യാസം കണ്ടതിനെത്തുടർന്ന് ഫുഡ് സേഫ്റ്റി വിഭാഗം പരിശോധിച്ചപ്പോഴാണ് പ്രസാദ വിതരണത്തിന് ശർക്കര ഉപയോഗിക്കാൻ കഴിയില്ലെന്ന് കണ്ടെത്തിയത്. തുടർന്നാണ് ലേലം ചെയ്യാൻ തീരുമാനിച്ചത്. ഇത് കുഴിച്ചു മൂടാനായിരുന്നു ആദ്യ തീരുമാനം. ഇത് വിവാദമായതോടെയാണ് ലേലം ചെയ്യൽ സംഭവിച്ചത്.
റാന്നിക്കാരനാണ് ലേലം ചെയ്തത്. ഒരു കിലോ ശർക്കരയ്ക്ക് അമ്പത് രൂപയിൽ താഴെയാണ് ലേലത്തിൽ വില. വിപണയിൽ നല്ല ഇനത്തിന് നൂറിൽ അധികം രൂപ വിലയുണ്ട്. അതായത് ലേലത്തിന് കൊടുക്കുമ്പോൾ പോലും വലിയ നഷ്ടം ഈ ഇടപാടിലൂടെ ദേവസ്വം ബോർഡിനുണ്ടായിട്ടുണ്ട്. സാധാരണ മുന്തിയ ഇനം ശർക്കരയാണ് ശബരിമലയിൽ എത്തിക്കാറുള്ളത്. ഇത് എത്രകാലം വേണമെങ്കിലും കേട് കൂടാതെ സൂക്ഷിക്കാനും കഴിയും. എന്നാൽ പരിശോധന സമയത്ത് നല്ല ഗുണനിലവാരമുള്ളവ എത്തിച്ച് ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കറ്റ് വാങ്ങും.
അതിന് ശേഷം ഗുണനിലവാരം കുറച്ച് കൊടുക്കുകയും ചെയ്യും. ഇത് ദേവസ്വത്തിലെ ജീവനക്കാരുടെ അനുമതിയോടെയാണ് സംഭവിക്കുന്നതെന്നും ആരോപണമുണ്ട്. ഇത് ഏറെ വിവാദമായി. കോവിഡ് കാരണം തിരുവിതാം കൂർ ദേവസ്വം ബോർഡ് വലിയ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ ശർക്കരയിലെ നഷ്ടവും വിലമതിക്കാൻ കഴിയാത്തതാണ്.
മറുനാടന് മലയാളി ബ്യൂറോ