- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല ദർശനം നിർത്തി വച്ചതോടെ നിലയ്ക്കലിൽ കുടുങ്ങിയത് ആയിരങ്ങൾ; സ്ത്രീകൾക്കും കുട്ടികൾക്കും അടക്കം അടിസ്ഥാന സൗകര്യമില്ല; വാഹനങ്ങളിൽ രാത്രി കഴിച്ചു കൂട്ടി തീർത്ഥാടകർ; ഘട്ടംഘട്ടമായി തീർത്ഥാടകരെ കടത്തി വിടാൻ നടപടി; ശബരിമലയിലെ പ്രവേശന വിലക്ക് നീക്കി
ശബരിമല: പമ്പയിൽ ജലനിരപ്പുയർന്നതോടെ ശബരിമല തീർത്ഥാടനം നിർത്തി വച്ചത് തിരിച്ചടി. ആയിരങ്ങൾ ശബരിമല ഹബായ നിലയ്ക്കലിൽ കുടുങ്ങി. ഇവിടെ വെള്ളം, ഭക്ഷണം, വിശ്രമം തുടങ്ങിയ അടിസ്ഥാന സൗകര്യമില്ലാത്തത് സ്ത്രീകളും കുട്ടികളും അടക്കമുള്ള തീർത്ഥാടകരെ വലച്ചു. രാത്രി മുഴുവൻ കനത്ത മഴയത്ത് തങ്ങൾ വന്ന വാഹനത്തിൽ കഴിച്ചു കൂട്ടേണ്ടി വന്നു. സംഭവത്തിന്റെ ഗൗരവം മനസിലായ ജില്ലാ ഭരണകൂടം അപകട സാധ്യത നിലനിൽക്കുമ്പോൾ തന്നെ ഘട്ടം ഘട്ടമായി തീർത്ഥാടകരെ കടത്തി വിടാൻ തീരുമാനിച്ചു.
ഇന്നലെ രാത്രി മുതൽ അയ്യപ്പന്മാരെ പമ്പയിലേക്ക് കടത്തി വിടാതെ നിയന്തിച്ചത്. ശക്തമായ മഴ തുടരുന്നതിനാലും കക്കി, പമ്പാ ഡാമുകൾ തുറന്ന് പമ്പയിൽ വെള്ളം ഉയരാൻ സാദ്ധ്യതയുള്ളതു കൊണ്ടാണ് ഇന്നലെ രാത്രി മുതൽ അയ്യപ്പന്മാർ മല കയറാൻ അനുവദിക്കാതെ നിയന്ത്രിക്കുന്നത്. ആയിരക്കണക്കിന് അയ്യപ്പന്മാർ തങ്ങളുടെ വാഹനങ്ങളിൽ തന്നെ കഴിച്ചുകൂട്ടുകയാണ്. നിലക്കലിൽ അയ്യപ്പന്മാർക്ക് ആവിശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെയാണ് അയ്യപ്പന്മാരെ സന്നിധാനത്തേക്ക് വിടാൻ തയ്യാറെടുക്കുന്നത്.
ശുചിമുറികളില്ല, ഭക്ഷണം കിട്ടാനില്ല. കുടിവെള്ളം പോലും കിട്ടാതെ പലരും വലയുകയാണ്. ഇടത്താവളങ്ങളിൽ നിന്ന് അയ്യപ്പന്മാരെ ഇപ്പോൾ ശബരിമലക്ക് പോകാൻ അനുവദിക്കാതെ നിയന്ത്രിക്കുന്നുണ്ട്. കനത്ത മഴയുടെയും പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നതിന്റെയും പശ്ചാത്തലത്തിൽ ശബരിമല തീർത്ഥാടനത്തിന് ഇന്ന് ജില്ലാ ഭരണ കേന്ദ്രം നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് നിലയ്ക്കൽ കഴിയുന്ന തീർത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കി സാധ്യമാകുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി ദർശനം അനുവദിക്കുന്നതിന് തീരുമാനമായി.
ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യരുമായി ശബരിമല എ ഡി എം അർജുൻ പാണ്ഡ്യൻ നിലവിലെ സ്ഥിതിഗതി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പമ്പാ നദിയിലെയും ഡാമുകളിലെയും ജലനിരപ്പ് നിരീക്ഷിച്ച് കൃത്യമായ ഇടവേളകളായായിരിക്കും ഇവർക്ക് ദർശനം അനുവദിക്കുക. നിലയ്ക്കലിൽ അയ്യപ്പന്മാർ കുടുങ്ങി കിടക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്