ശബരിമല: തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷ ഒരുക്കുന്ന പൊലീസ് സംഘത്തിലെ എഎസ്ഐക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാൾക്കൊപ്പം ഇടപഴകിയ പൊലീസ് ഫോട്ടോഗ്രാഫർ, ഡ്രൈവർ എന്നിവരെ ക്വാറന്റൈനിലാക്കി. ശബരിമലയിൽ തിരുവാഭരണം എത്തിച്ച ശേഷം സുരക്ഷാ സംഘത്തിലുള്ള ഒട്ടുമിക്ക പൊലീസുകാരും മടങ്ങിയിരുന്നു.

തിരുവാഭരണത്തിന്റെ മടക്കയാത്രയ്ക്കായി ഇവർ ചൊവ്വാഴ്ചയാണ് വീണ്ടും സന്നിധാനത്ത് വന്നത്. ഇങ്ങനെ ചെന്നവരിൽ ചിലർ കോവിഡ് പോസിറ്റീവ് അല്ലെന്ന് തെളിയിക്കാനുള്ള ആർടിപിസിആർ പരിശോധന നടത്തിയിരുന്നില്ല. ശബരിമലയിലേക്ക് പ്രവേശിക്കാൻ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. ഇതില്ലാതെ ആരും സന്നിധാനത്തേക്ക് പോകരുതെന്ന് നിർബന്ധവും ഉണ്ട്.

ഇതിനിടയിലാണ് പരിശോധനയില്ലാതെ ചില പൊലീസുകാർ സന്നിധാനത്ത് ചെന്നത്. രോഗം സ്ഥിരീകരിച്ച എഎസ്ഐയും ആർടിപിസിആർ പരിശോധന നടത്തിയിരുന്നില്ല എന്നാണ് സൂചന. ഇന്നലെ രാവിലെ തിരുവാഭരണ ഘോഷയാത്ര പന്തളത്തേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് എ എസ് ഐയ്ക്ക് രോഗലക്ഷണം കണ്ടത്.

ക്ഷീണവും പനിയും അനുഭവപ്പെട്ട ഉടൻ തന്നെ പൊലീസ് വാഹനത്തിലേക്ക് മാറ്റി. ഒപ്പം പൊലീസ് ഫോട്ടോഗ്രാഫറുംഡ്രൈവറും ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എഎസ്ഐയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി അടുത്തിടപഴകിയ പൊലീസുകാർ കുറവാണെന്നാണ് വിവരം. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന രണ്ടു പേരെയെും ക്വാറന്റൈനിലാക്കി.

വാഹനം പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് അണുവിമുക്തമാക്കി. ഉദ്യോഗസ്ഥർ ഉൾപ്പെടെ 45 പൊലീസുകാരാണ് സുരക്ഷാ സംഘത്തിലുള്ളത്.