കൊച്ചി: ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട രേഖ എന്ന പേരിൽ മോൻസൺ മാവുങ്കൽ പ്രചരിപ്പിച്ച ചെമ്പോല താൻ കൈമാറിയതെന്ന് അവകാശപ്പെട്ട് തൃശൂർ സ്വദേശി ഗോപാൽ ജി രംഗത്ത്. പുരാവസ്തു ഇടനിലക്കാരനായ സന്തോഷിന് ചെമ്പോല കൈമാറിയത് താനാണെന്ന് പുരാവസ്തു കച്ചവടക്കാരനായ ഗോപാൽ ജി വ്യക്തമാക്കി. സിനിമയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് സന്തോഷ് ചെമ്പോല വാങ്ങിയതെന്നും ശബരിമലയിലെ വെടി വഴിപാടിനെ കുറിച്ചായിരുന്നു ചെമ്പോലയിൽ ഉണ്ടായിരുന്നതെന്നും ഗോലാൽ ജി പറയുന്നു. വലിയ കാലപ്പഴക്കം ചെമ്പോലക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ത്യശൂർ ഫിലാറ്റലിക് ക്ലബിൽ വെച്ച് കാലപ്പഴക്കം തോന്നിയതുകൊണ്ടാണ് ഒരാളിൽ നിന്ന് ചെമ്പോല വാങ്ങിയതെന്ന് ഗോലാൽ ജി പറഞ്ഞു. കാലടി സർവകലാശാല ഗവേഷകനായ സന്തോഷിനെ കാണിച്ചപ്പോഴാണ് ശബരിമലയുമായി ബന്ധപ്പെട്ടതെന്ന് മനസിലായത്. ഇത് ആധികാരിക രേഖയാണോയെന്ന് അറിയില്ലെന്നും ഗോലാൽ ജി വ്യക്തമാക്കി. വലിയ പ്രാധാന്യം തോന്നാത്തതുകൊണ്ടാണ് സിനിമയ്ക്കായി കൈമാറിയത്. മോൻസന്റെ കൈവശമുള്ള രേഖ ഏതെന്ന് താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങളായി പുരാവസ്തുക്കളുടെ ഇടപാടുകാരാണ് ഗോപാൽ ജി.

ത്യശൂരിലെ അജ്ഞാതനിൽ നിന്ന് ചെമ്പോല വാങ്ങിയെന്നായിരുന്നു ഇടനിലക്കാരൻ സന്തോഷ് ഇന്നലെ പറഞ്ഞത്. ആചാരവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ചെമ്പോലയിൽ ഉള്ളതായി അറിയില്ലെന്നും സന്തോഷ് പറഞ്ഞിരുന്നു. ആചാരവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ചെമ്പോലയിൽ ഉള്ളതായി അറിയില്ലെന്നുൃമാണ് സന്തോഷ് മറുനാടൻ മലയാളിയോട് പറഞ്ഞത്. ചെമ്പോല കൈമാറുന്ന ഘട്ടത്തിൽ ഇതിന് ശബരിമലയുമായി ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടേയില്ല. പിന്നീട് വാർത്തകളിലൂടെയാണ് ഈ ചെമ്പോലയെ ആചാര അനുഷ്ടാനങ്ങളുമായി ബന്ധപ്പെടുത്തി മോൻസൻ പ്രചരിപ്പിച്ച കാര്യം അറിഞ്ഞതെന്നും സന്തോഷ് അവകാശപ്പെടുന്നു.

ചെമ്പോലയുടെ ആധികാരികതയെ കുറിച്ച് അന്വേഷണം നടന്നാൽ സഹകരിക്കുമെന്നും സന്തോഷ് പറഞ്ഞു. ശബരിമലയിലെ ആചാര അനുഷ്ടാനങ്ങൾ നടത്താൻ ചീരപ്പൻ ചിറ കുടുംബത്തെ അവകാശപ്പെടുത്തിയുള്ള പന്തളം രാജകൊട്ടാരത്തിന്റെ ഉത്തരവ് എന്ന പേരിലാണ് ശബരിമല വിവാദ കാലത്ത് മോൻസൻ മാവുങ്കൽ ചെമ്പോല പ്രചരിപ്പിച്ചത്.

അതേസമയം 24 ന്യൂസ് ആധികാരിക ചെമ്പോല വ്യാജമാണോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആർക്കിയോളജി സർവേ ഓഫ് ഇന്ത്യക്ക് ക്രൈംബ്രാഞ്ചിന്റെ കത്ത്. ചെമ്പോല വ്യാജമാണോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നാണ് കത്തിലെ ആവശ്യം. അതിനിടെ മോൻസൻ മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോല തിട്ടൂരം വ്യാജമായി ഉണ്ടാക്കിയവർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പന്തളം പൊലീസ് സ്റ്റേഷനിൽ പരാതിയെത്തി. പന്തളം വലിയകോയിക്കൽ ക്ഷേത്ര ഉപദേശക സമിതിയാണ് പരാതി കൊടുത്തത്.

സമൂഹത്തിൽ ബോധപൂർവം മതവികാരം വ്രണപ്പെടുത്താനും സ്പർധ ഉണ്ടാക്കനും ശ്രമം നടന്നെന്നാണ് ആരോപണം. ആധികാരിക രേഖ എന്ന നിലയിൽ വാർത്ത നൽകിയ 24 ചാനൽ റിപ്പോർട്ടർക്കും ചാനൽ മേധാവിക്കുമെതിരെ കേസെടുക്കണെമെന്നും പരാതിയിൽ പറയുന്നു. ശബരിമലയിലെ ആചാര അനുഷ്ടാനങ്ങൾ നടത്താൻ ചീരപ്പൻ ചിറ കുടുംബത്തെ അവകാശപ്പെടുത്തിയുള്ള പന്തളം രാജകൊട്ടാരത്തിന്റെ ഉത്തരവ് എന്ന പേരിലാണ് ശബരിമല വിവാദ കാലത്ത് മോൻസൻ മാവുങ്കൽ ചെമ്പോല പ്രചരിപ്പിച്ചത്.

പുരാവസ്തുതട്ടിപ്പ് കേസിൽ ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോല ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തിയത് ഉൾപ്പടെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം ഊർജിതമായി തുടരുന്നു. ആരൊക്കെയാണോ തെറ്റ് ചെയ്തത് അവരിലൊക്കെ അന്വേഷണം ചെന്നെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മോൻസൻ മാവുങ്കലിന്റെ വ്യാജപുരാവസ്തു ശേഖരത്തിലെ ചെമ്പോല ഉപയോഗിച്ച് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംബന്ധിച്ച് ജനങ്ങളെ കബളിപ്പിക്കാൻ ചിലർ ശ്രമിച്ചുവന്ന് അടിന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച പി.ടി. തോമസ് പറഞ്ഞു. പുരാവസ്തുവകുപ്പിന്റെ ലൈസൻസ് ഇല്ലാതിരുന്നിട്ടും പൊലീസ് സുരക്ഷനൽകിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഈ വാദം വസ്തുതകളുമായി ബന്ധമില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഇത്തരം കാര്യങ്ങളെല്ലാം അന്വേഷണത്തിന്റെ പരിധിയിലാണ്. മോൻസൺ സൂക്ഷിച്ച പുരാവസ്തുക്കളെക്കുറിച്ച് അന്വേഷിക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോടും സംസ്ഥാന പുരാവസ്തു വകുപ്പിനോടും ഡി.ആർ.ഡി.ഒ യോടും ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.