കണ്ണൂർ: ശബരിമലയിലേക്ക് ഭക്തജനങ്ങളെ റിക്രൂട്ട് ചെയ്യുന്ന പണി കോൺഗ്രസ്സ് ഏറ്റെടുക്കേണ്ടതില്ലെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാവുന്നു. കെപിസിസി പ്രസിഡണ്ടായി മുല്ലപ്പള്ളി രാമചന്ദ്രൻ ചുമതലയേറ്റതോടെ കേരളത്തിലെ കോൺഗ്രസ്സിന് പ്രതിഛായ ഏറിയെങ്കിലും ശബരിമല വിഷയത്തിലെ അമിതമായ ഇടപെടൽ മൂലം സംഘടനാ പ്രവർത്തനം നിലച്ച മട്ടിലാണ്. മുല്ലപ്പള്ളി സ്ഥാനമേറ്റ ശേഷം ഇതുവരെയായി കെപിസിസി. നിർവ്വാഹക സമിതിയോ ഭാരവാഹികളുടെ യോഗമോ നടന്നിട്ടില്ല. പകരം രാഷ്ട്രീയ കാര്യ സമിതി യോഗം ചേർന്ന് തീരുമാനമെടുക്കുയാണ് ചെയ്യുന്നത്. ഇത് സംസ്ഥാനത്തെ സീനിയർ കെ.പി.സി. ഭാരവാഹികളിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുമുണ്ട്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിന്റെ യഥാർത്ഥ നയം എന്തെന്ന കാര്യത്തിലും ഭിന്നാഭിപ്രായമാണ് നേതാക്കളിലുള്ളത്. യോഗം ചേർന്ന് ചർച്ച ചെയ്തല്ല ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംഘടന തീരുമാനമെടുത്തത്. അതുകൊണ്ടു തന്നെ കെ.പി.സി. സി. പ്രസിഡണ്ടിനും മീതെ ചില വ്യക്തികൾ സംഘടനാ കാര്യങ്ങൾ തീരുമാനിക്കുന്ന അവസ്ഥവരെ എത്തിനിൽക്കുകയാണ്.

സംസ്ഥാനത്തെ ജനങ്ങളെ പൊതുവായി ബാധിക്കുന്ന ഒരു വിഷയത്തിലും സജീവമായ ഇടപെടൽ പ്രതിപക്ഷം എന്ന നിലയിൽ കോൺഗ്രസ്സ് ഏറ്റെടുത്തിട്ടില്ല എന്ന ആരോപണവും നേതാക്കൾ തന്നെ ഉയർത്തുന്നു. വരും ദിവസങ്ങളിൽ സംഘടാ നയങ്ങളിലെ അഭിപ്രായ ഭിന്നത മറനീക്കി പുറത്ത് വരുന്ന സൂചനയാണ് കണ്ടു വരുന്നത്. വിശ്വാസ സംരക്ഷണ ജാഥ നടത്തിയ കെ സുധാകരൻ സ്വയം പ്രഖ്യാപിത നയങ്ങളുമായാണ് ആദ്യമായി രംഗത്ത് വന്നത്. ഇതിനെതിരെ കെപിസിസി. പ്രസിഡണ്ടു തന്നെ രംഗത്ത് വരേണ്ടി വരികയും ചെയ്തു. സധാകരന്റെ അമിതാവേശം വിനയാകുന്നുണ്ടെന്നാണ് പൊതുവെയുള്ള അഭിപ്രായം. ശബരിമല യുവതീ പ്രവേശന കാര്യത്തിലെ വിശ്വാസ സംരക്ഷണ ജാഥാ സ്വീകരണ കേന്ദ്രങ്ങളിൽ ആൾക്കൂട്ടത്തെ കണ്ട് കോൺഗ്രസ്സ് അഹങ്കരിച്ചാൽ അതിന്റെ തിക്ത ഫലം വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ അനുഭവിക്കേണ്ടി വരുമെന്നും കെപിസിസി. ഭാരവാഹികൾ മുതൽ മണ്ഡലം തലം വരെയുള്ള നേതാക്കൾ രഹസ്യമായും പരസ്യമായും മുന്നറിയിപ്പ് നൽകുന്നുണ്ട്.

കേരളത്തിലെ കോൺഗ്രസ്സിന് ഇപ്പോൾ ഒരൊറ്റ ലക്ഷ്യം മാത്രമായിരിക്കുന്നു. ശബരിമലയിലെ വിശ്വാസ സംരക്ഷണം എന്ന അജണ്ട. എന്നാൽ നിഷ്പക്ഷരായ വിശ്വാസികളെ ബിജെ.പി.യുടെ കൊടിക്കീഴിലേക്ക് പോകുന്നതിനെ തടയിടാൻ കോൺഗ്രസ്സിന് കഴിഞ്ഞിട്ടുണ്ടെന്നാണ് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട നേതാക്കൾ അവകാശപ്പെടുന്നത്. പാർലിമെന്ററി സ്ഥാനങ്ങളിലേക്കുള്ള സീറ്റ് മോഹികളായ ന്യൂനപക്ഷ നേതാക്കളാണ് ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്നത്. എന്നാൽ ഹൈന്ദവരിലെ ലിബറൽ മനസ്സുള്ളവരും പുരോഗമന കാഴ്ചപ്പാടുള്ളവരുമായ കോൺഗ്രസ്സ് അനുകൂലികൾ പാർട്ടിയുടെ ഇന്നത്തെ പോക്കിൽ ആശങ്കാകുലരാണ്. വിശ്വാസത്തിന്റെ കാര്യത്തിൽ കോൺഗ്രസ്സ് ഇത്രയേറെ താത്പര്യമെടുക്കണമോ എന്ന ചോദ്യവും അവർ ഉന്നയിക്കുന്നു.മാത്രമല്ല സംഘപരിവാറിന്റെ അതേ അജണ്ട കോൺഗ്രസും പിന്തുടരേണ്ടതുണ്ടായെന്നും അവർ ചോദിക്കുന്നുണ്ട്.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ യൂത്ത് കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പോഷക സംഘടനകളിലും അഭിപ്രായ ഭിന്നത രൂപ്പെട്ടിട്ടുണ്ട്. വി ഡി സതീശനും വി എം സുധീരനും അടക്കമുള്ള നേതാക്കൾക്കും സമാനമായ അഭിപ്രായമാണ്.എന്നാൽ പരസ്യമായ അഭിപ്രായ പ്രകടനത്തിന് കെപിസിസി. പ്രസിഡണ്ടിന്റെ ശക്തമായ വിലക്കുമുണ്ട്. അതിനാൽ പരസ്യമായ അഭിപ്രായ പ്രകടനത്തിന് ആരും മുതിരുന്നില്ല. വി.ടി. ബൽറാം എംഎൽഎ ക്കെതിരെ കെപിസിസി. യുടെ നടപടി താക്കീതായി നിലനിൽക്കുന്നുണ്ട്. പാർട്ടിയുടെ അടിത്തട്ടിൽ നിന്നും ശബ്ദം ഉയരാനുള്ള സാഹചര്യവുമില്ല. പുതിയ മണ്ഡലം ഭാരവാഹികളുടെ നിയമനം നടക്കുകയാണ്. അതുകൊണ്ടു തന്നെ ആരും സംഘടനാ നിലപാടിനെതിരെ ശബ്ദിക്കില്ല. യൂത്ത് കോൺഗ്രസ്സിന്റെ മെമ്പർ ഷിപ്പ് നടപടി പൂർത്തീകരിക്കാനുള്ള സമയമായതിനാൽ എന്തെങ്കിലും എതിർപ്പ് പ്രകടിപ്പിച്ചാൽ ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കപ്പെടുമോ എന്ന ഭീഷണിയും നേരിടുന്നുണ്ട്. ഇതെല്ലാം കൊണ്ട് വിശ്വാസ സംരക്ഷണ പ്രവർത്തനവുമായി നടത്തുന്ന കെപിസിസി.ക്ക് എതിരെ പരസ്യമായ നിലപാട് എടുക്കാൻ പ്രവർത്തകർ മടിക്കുകയാണ്. എന്നിരുന്നാലും കെ.പി.സി. യോഗം ചേർന്നാൽ ശക്തമായി പ്രതിഷേധ ശബ്ദമുയരും. ഇക്കാരണത്താൽ മുല്ലപ്പള്ളി യോഗം നീട്ടിക്കൊണ്ടു പോവുകയാണെന്ന അഭിപ്രായവും സീനിയർ നേതാക്കൾക്കുണ്ട്.