തിരുവനന്തപുരം: ശബരിമലയിൽ സാധനങ്ങൾ വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള മുൻ ഉദ്യോഗസ്ഥനെതിരെ നടപടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി വി എസ്.ജയകുമാറിന്റെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു. മുൻ ദേവസ്വം മന്ത്രി വി എസ്.ശിവകുമാറിന്റെ സഹോദരനാണ് ജയകുമാർ.

ഓഡിറ്റിലും വിജിലൻസ് പരിശോധനയിലും ജയകുമാർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരിക്കുമ്പോൾ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. 1.87 കോടി രൂപയുടെ ക്രമക്കട് നടന്നുവെന്നായിരുന്നു കണ്ടെത്തൽ. ഇതേ തുടർന്നാണ് നഷ്ടം നികത്താൻ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കാൻ തീരുമാനിച്ച് ഉത്തരവിറക്കിയത്. വി എസ് ജയകുമാറിനെതിരായ എട്ട് അഴിമതി ആരോപണങ്ങളിൽ ഏഴും ശരിയെന്ന് തെളിഞ്ഞതായി അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. വി എസ് ജയകുമാർ 2014-15 കാലത്ത് ശബരിമല ദേവസ്വം എക്സി. ഓഫീസർ ആയിരുന്നപ്പോഴും തുടർന്ന് ദേവസ്വം സെക്രട്ടറി ആയിരുന്നപ്പോഴും നടത്തിയ ക്രമക്കേടുകളാണ് അഡ്വ. ചെറുന്നിയൂർ പി ശശിധരൻ നായർ കമ്മീഷൻ അന്വേഷിച്ചത്.

ശബരിമലയിൽ പാത്രങ്ങൾ ഉപയോഗിക്കാതെ കുന്നുകൂടി കിടക്കുമ്പോൾ പുതിയ പാത്രങ്ങൾ വീണ്ടും വാങ്ങിയതായി കാണിച്ച് വ്യാജ ബില്ലുകൾ ഹാജരാക്കിയാണ് അഴിമതി നടത്തിയത്. 1,81,89490 രൂപയുടെ അഴിമതി നടത്തിയതായി കണ്ടെത്തി. ഓഡിറ്റ് സമയത്ത് ബന്ധപ്പെട്ട രേഖകൾ മറച്ചുവച്ചതായും ഫയലുകൾ നശിപ്പിച്ചതായും കണ്ടെത്തി. നടപടിക്രമങ്ങൾ പാലിക്കാതെ കോൺട്രാക്ടർമാർക്ക് പണം നൽകിയെന്നും അവിഹിതമായി ദേവസ്വം കമ്മീഷണർ പദവി നേടിയെടുത്തെന്നും , ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയെന്നും റിപ്പോർട്ടിലുണ്ട്.

പമ്പയിലെ മെസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഫയൽ നശിപ്പിച്ചതായും കമ്മീഷൻ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 20 മുതൽ ഈ വർഷം മാർച്ച് നാലുവരെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കമ്മീഷൻ, ദേവസ്വം ബോർഡിന് റിപ്പോർട്ട് സർപ്പിച്ചത്. അന്വേഷണ റിപ്പോർട്ടിന് പുറമേ, ബോർഡ് ഉദ്യോഗസ്ഥരുടെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കാനുള്ള ശുപാർശകളും റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിരുന്നു.

അഴിമതി ആരോപണത്തെ തുടർന്ന് സസ്പെൻഷനിലായ ജയകുമാർ 2018 ജൂലൈയിൽ സർവ്വീസിൽ നിന്ന് വിരമിച്ചു. അന്വേഷണത്തിലെ കണ്ടെത്തലുകൾ ഏകപക്ഷീയമാണെന്നും തന്റെ വിശദീകരണം കൂടി കേൾക്കണമെന്നും ആവശ്യപ്പെട്ട ജയകുമാർ ദേവസ്വം ബോർഡിനെ സമീപിച്ചിരുന്നു. ജയകുമാറിന്റെ വിശദീകരണം തൃപ്തകരമല്ലെന്ന് ബോർ‍ഡ് വിലയിരുത്തി. ഇതേ തുടർന്നാണ് നഷ്ടം നികത്താൻ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കാൻ തീരുമാനിച്ച് ഉത്തരവിറക്കിയത്.