- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ തവണ അശൂലം മൂലം യാത്ര മുടങ്ങി; ഇക്കുറിയും മൂലം നാൾ ശങ്കർ വർമ തന്നെ ശബരിമലയിലേക്കുള്ള പന്തളം രാജപ്രതിനിധി: തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കും
പന്തളം: മകരവിളക്ക് ഉത്സവത്തിന് ശബരിമല അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പോകുന്ന ഘോഷയാത്രയിൽ പന്തളം വലിയ തമ്പുരാൻ രേവതിനാൾ പി.രാമവർമ്മ രാജയുടെ പ്രതിനിധിയായി സ്രാമ്പിക്കൽ കൊട്ടാരത്തിൽ മൂലം നാൾ ശങ്കർ വർമ്മ പോകാൻ തീരുമാനമായി. കഴിഞ്ഞ തവണയും ശങ്കർ വർമ തന്നെയായിരുന്നു രാജപ്രതിനിധിയായി നിശ്ചയിക്കപ്പെട്ടതെങ്കിലും കൊട്ടാരത്തിലെ ബന്ധുവിന്റെ നിര്യാണത്തെ തുടർന്നുണ്ടായ അശൂലം മൂലം പോകാൻ കഴിഞ്ഞിരുന്നില്ല.
വീണ്ടും നിയോഗമുണ്ടാകുമ്പോൾ രാജപ്രതിനിധിയെന്ന നിലയിൽ അത് ശങ്കർ വർമയുടെ ആദ്യ യാത്രയാകും .പന്തളം കൊട്ടാരം നിർവ്വാഹകസംഘത്തിന്റെ ഭരണസമിതിയാണ് ശങ്കർ വർമ്മയെ വലിയതമ്പുരാന്റെ പ്രതിനിധിയായി നിശ്ചയിക്കാൻ ശിപാർശ ചെയ്തത്. വലിയരാജയുടെ അംഗീകാരത്തോടെ മൂലംനാൾ ശങ്കർ വർമ്മ ഈ വർഷത്തെ രാജപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.
പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണംനാൾ അംബതമ്പുരാട്ടിയുടെയും കോട്ടയം കാഞ്ഞിരക്കാട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും ഇളയ പുത്രനാണ് നിയുക്ത രാജപ്രതിനിധി.കേരള സംസ്ഥാന വൈദ്യൂതി ബോർഡിൽ നിന്നു സീനിയർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ച അദ്ദേഹം ഡ്രീം വിന്നഴ്സ് പ്രൊജക്ട് ആൻഡ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡി.ആയി പ്രവർത്തിക്കുന്നു. കേരള ക്ഷത്രിയക്ഷേമസഭയുടെ മദ്ധ്യമേഖല സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.
കൊച്ചിയിൽ ഇളംകുന്നപ്പുഴ നടക്കൽ കോവിലകം അംഗം ഡോക്ടർ ബിന്ദുവർമ്മ (ദന്തൽ സിവിൽ സർജൻ ഗവ: ജനറൽ ആശുപത്രി ഇരിഞ്ഞാലക്കുട) പത്നിയും, ഡോ:ആര്യ അരവിന്ദ്, അജയ്.എസ്സ്.വർമ്മ (മെഡിക്കൽ വിദ്യാർത്ഥി) എന്നിവർ മക്കളും, അരവിന്ദ് (ഐ.റ്റി. പ്രൊഫഷണൽ) മരുമകനുമാണ്.
പന്തളം കൊട്ടാരം നിർവ്വാഹകസംഘം സെക്രട്ടറി പി.എൻ.നാരായണവർമ്മ, പരേതനായ ആർ.കേരളവർമ്മ (മുൻ രാജപ്രതിനിധി) വിജയലക്ഷ്മി തമ്പുരാട്ടി, സുജാത തമ്പുരാട്ടി, ശ്രീലത തമ്പുരാട്ടി എന്നിവർ സഹോദരങ്ങളാണ്. വാർത്താ സമ്മേളനത്തിൽ കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ, സെക്രട്ടറി പി.എൻ. നാരായണ വർമ, ട്രഷറർ ദീപാ വർമ എന്നിവർ പങ്കെടുത്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്