പത്തനംതിട്ട: കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മൂലം ദേവസ്വം ബോർഡ് സബ്സിഡി നിർത്തലാക്കിയതോടെ ശബരിമലയിൽ സേവനം അനുഷ്ഠിക്കുന്ന പൊലീസ് സേനാഗംങ്ങളുടെ ഭക്ഷണ ചെലവ് അവരിൽ നിന്നു തന്നെ ഈടാക്കാനുള്ള നീക്കത്തിൽ സർക്കാർ ഇടപെട്ടു. പൊലീസ് മെസിനുള്ള ചെലവ് സർക്കാർ വഹിക്കും. ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി. അതേ സമയം, അനുവദിച്ച തുക തീരെ അപര്യാപ്തമാണെന്ന് പൊലീസ് സേനയിൽ നിന്ന് പരാതി ഉയർന്നു.

80 ലക്ഷം രൂപയാണ് മണ്ഡല-മകരവിളക്ക് കാലത്ത് പൊലീസ് സേനയ്ക്ക് മെസ് നടത്തിപ്പിനായി നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ വേണ്ടി വരിക. ഇക്കുറി കേന്ദ്രസേനയില്ല. കേരളാ പൊലീസിന്റെ എണ്ണത്തിലും സാരമായ കുറവുണ്ട്. പക്ഷേ, അപ്പോഴും ഇപ്പോൾ ഡ്യൂട്ടിയിലുള്ളവരുടെ എണ്ണത്തിന് അനുസരിച്ച് മൂന്നു നേരത്തേ ഭക്ഷണത്തിന് 80 ലക്ഷം തന്നെ വേണ്ടി വരും. ഇപ്പോൾ സർക്കാർ അനുവദിച്ചിരിക്കുന്നത് 25 ലക്ഷം രൂപ മാത്രമാണ്.

ദേവസ്വം ബോർഡ് മെസ് സബ്സിഡി പിൻവലിച്ചതോടെ ഡ്യൂട്ടിയിലുള്ള സേനാംഗങ്ങളിൽ നിന്ന് ദിവസം 70/80 രൂപ ക്രമത്തിൽ മെസ് ഫീസ് ഈടാക്കാൻ സർക്കുലർ പുറത്തിറങ്ങിയിരുന്നു. പൊലീസ് സേനയിൽ ഇത് എതിർപ്പിന് കാരണമാവുകയും ചെയ്തു. അപ്പോഴാണ് സർക്കാർ ഇടപെടൽ. അപ്പോഴും ആവശ്യപ്പെട്ട മെസ് സബ്സിഡി തുക പൂർണമായി അനുവദിക്കുന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. മണ്ഡല-മകര വിളക്ക് ഉത്സവത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നീ സ്ഥലങ്ങളിൽ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മെസ് നടത്തുന്നതിന് അടിയന്തിരമായി 80 ലക്ഷം രൂപ സബ്സിഡി അനുവദിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. 25 ലക്ഷം അനുവദിച്ച് അഡിഷണൽ സെക്രട്ടറിയുടെ ഉത്തരവും ഇറങ്ങി.

സന്നിധാനത്തും, നിലയ്ക്കലിലും 400 വീതവും പമ്പയിൽ 550 പൊലീസുകാരു മാണുള്ളത്. സന്നിധാനത്ത് ഒരാൾക്ക് ഒരു ദിവസം 80 രൂപയും പമ്പയിലും നിലയ്ക്കലിലും 70 രൂപയുമാണ് മെസ് റേറ്റ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം രണ്ട് കോടി രൂപയാണ് മെസ് സബ്സിഡി അനുവദിച്ചിരുന്നത്. പൊലീസ് മെസാണ് കേന്ദ്രസേനാംഗങ്ങളും ഉപയോഗിച്ചിരുന്നത്. ഇക്കുറി അവരില്ല. മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി പൊലീസുകാരുടെ എണ്ണം കുറവാണ്.

നിലവിലുള്ള അംഗസംഖ്യ വച്ച് ഇക്കുറി ഏകദേശം 80 ലക്ഷം രൂപ ചെലവാകു മെന്നാണ് കണക്കാക്കുന്നത്. ആവശ്യമായ തുകയുടെ നാലിലൊന്ന് പോലും ഇപ്പോൾ അനുവദിച്ചിട്ടില്ല. ബാക്കിയുള്ള തുക അനുവദിക്കുമോ എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. മണ്ഡല മകരവിളക്ക് കാലത്ത് ആറ് ഘട്ടമായിട്ടാണ് പൊലീസ് ഉദ്യോഗസ്ഥരെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ആദ്യ ഘട്ടം ഡ്യൂട്ടി പൂർത്തിയാക്കി 25 ന് മടങ്ങും.

സന്നിധാനത്ത് കെഎപി രണ്ടാം ബറ്റാലി യനും പമ്പയിലും നിലയ്ക്കലിലും കെഎപി അഞ്ചാം ബറ്റാലിയനുമാണ് മെസിന്റെ ചുമതല. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ഇപ്പോൾ അനുവദിച്ച തുകയ്ക്ക് മെസ് നടത്തുന്നത് ദുഷ്‌കരമാകും
പൊലീസ് ഉദ്യോഗസ്ഥരുടെ മെസ് പൂർണ്ണമായും സൗജന്യമാക്കിയത് 2011 ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ്. വർഷം തോറും തുക ആനുപാതികമായി വർധിപ്പിക്കുകയും ചെ യ്തിരുന്നു. 2011 ന് മുമ്പ് വരെ ദേവസ്വം ബോർഡിന്റെ സബ്സിഡിയും പൊലീസ് ഉദ്യോഗസ്ഥരുടെ വിഹിതവും ചേർ ത്താണ് മെസിന് നൽകിയിരുന്നത്.