- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
97ൽ എന്റെ അച്ഛനെ നടുറോഡിൽ വണ്ടിയിൽ നിന്നിറക്കി ഇവർ 70 വെട്ടാണ് വെട്ടിയത്; എന്നെ മൂന്നു പ്രാവശ്യം ബോംബെറിഞ്ഞിട്ടുണ്ട്; എ.കെ. ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അന്ന് രാത്രി ഫാക്ടറി ആക്രമിച്ചു; അനുഭവങ്ങൾ എണ്ണിപ്പറഞ്ഞ് സാബു എം ജേക്കബ്
കിഴക്കമ്പലം: തന്റെ പിതാവ് എംസി ജേക്കബിന് നേരെ രാഷ്ട്രീയ എതിരാളികൾ നടത്തിയ വധശ്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് കിറ്റെക്സ് ഗ്രൂപ്പ് എംഡി സാബു ജേക്കബ്. 1997ൽ വാഹനത്തിൽ നിന്ന് ഇറക്കി 70 വെട്ടാണ് പിതാവിനെ എതിരാളികൾ വെട്ടിയതെന്ന് ഒരു അഭിമുഖത്തിൽ സാബു പറഞ്ഞു.
2001ൽ എകെ ആന്റണി മുഖ്യമന്ത്രിയായ ദിവസം 200ലേറെ രാഷ്ട്രീയക്കാർ തന്റെ ഫാക്ടറി ആക്രമിക്കുകയും അഞ്ച് വാഹനങ്ങൾ തീവച്ച് നശിപ്പിക്കുകയും ചെയ്തെന്ന് സാബു വെളിപ്പെടുത്തി. രാഷ്ട്രീയത്തിന്റെ മറവിൽ എതിരാളികൾ തീർക്കുന്നത് വ്യക്തിവിരോധം കൂടിയാണെന്നും സാബു ആരോപിച്ചു.
അഭിമുഖത്തിൽ സാബു ജേക്കബ് പറഞ്ഞത്: 'കിറ്റെക്സിനെതിരെ വിരോധം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. രാഷ്ട്രീയത്തിന്റെ മറവിൽ ഇവർ തീർക്കുന്നത് വ്യക്തിവിരോധം കൂടിയാണ്. 1975 മുതൽ പലവർഷങ്ങളിലും പ്രതിഷേധമുണ്ടായി. 97ൽ എന്റെ അച്ഛനെ നടുറോഡിൽ വണ്ടിയിൽ നിന്നിറക്കി ഇവർ 70 വെട്ടാണ് വെട്ടിയത്. എന്നെ മൂന്നു പ്രാവശ്യം ബോംബെറിഞ്ഞിട്ടുണ്ട്. 2001ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അന്ന് രാത്രി 200ലേറെ രാഷ്ട്രീയക്കാർ ഫാക്ടറി ആക്രമിച്ചു. അഞ്ച് വണ്ടി തീവച്ചു. സ്ത്രീകളുടെ ഹോസ്റ്റലിന്റെ ചില്ലുകൾ തകർത്തു. രണ്ടര മണിക്കൂർ അക്രമമായിരുന്നു. ഇത് കേരളത്തിന്റെ പൊതുസ്വഭാവമാണ്.''
കിറ്റെക്സിന് നേരെയുണ്ടായിട്ടുള്ളത് ഉദ്യോഗസ്ഥരാഷ്ട്രീയ അക്രമങ്ങളാണെന്നും സാബു പറഞ്ഞു. മുൻകാലങ്ങളിൽ വലിയ പ്രതിസന്ധികളുണ്ടായെങ്കിലും കേരളം നന്നാകണമെന്ന് ആഗ്രഹമുള്ളതു കൊണ്ടാണ് പിടിച്ചുനിന്നത്. നിക്ഷേപം ഉപേക്ഷിക്കാനുള്ള തീരുമാനം വൈകാരികമല്ല. ആലോചിച്ചെടുത്തതാണെന്നും സാബു പറഞ്ഞു.
3500 കോടി നിക്ഷേപിക്കുന്നതിൽ നിന്നുള്ള കിറ്റക്സിന്റെ പിന്മാറ്റം കേരളത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു എന്ന ആക്ഷേപവും സാബു ജേക്കബ് തള്ളി. പ്രതിച്ഛായ ഉണ്ടെങ്കിലല്ലേ മങ്ങലേൽക്കൂ. വ്യവസായ സൗഹൃദമെന്ന സംഗതി കേരളത്തിലില്ല. വ്യവസായ സൗഹൃദത്തിൽ 28-ാം റാങ്കാണ് കേരളത്തിന്. ത്രിപുര മാത്രമാണ് കേരളത്തിന് പിന്നിലുള്ളത്. എന്തൊരു നാണക്കേടാണിത്. കേരളം നമ്പർ വൺ ആണെന്ന് പറയുന്നത് രാഷ്ട്രീയക്കാരും മന്ത്രിമാരുമാണ്. കേരളത്തിലാണ് എന്റെ ഫാക്ടറി, പതിനായിരത്തിലേറെ പേർ ജോലി ചെയ്യുന്നു എന്ന് ഞാൻ പറയുമ്പോൾ മറ്റ് നാട്ടുകാർ അന്തംവിടുകയാണ്. പി.ടി. തോമസ് പറഞ്ഞു ഞങ്ങൾ മാലിന്യം ഉണ്ടാക്കുകയാണെന്ന്. മാലിന്യം യഥാർത്ഥത്തിൽ ആരാണ് ഉണ്ടാക്കുന്നതെന്ന റിപ്പോർട്ട് ഞങ്ങൾ ഉടൻ പുറത്തുവിടുന്നുണ്ട്. രാഷ്ട്രീയലാഭം മാത്രമാണ് ഇവിടെ എല്ലാവർക്കുമുള്ളത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് മാത്രമാണ് കേരളം സ്വർഗം. അതുകൊണ്ട് തന്നെ, ഇങ്ങനെ പോയാൽ കേരളം ഒരിക്കലും നന്നാവില്ല.
അതേസമയം, തെലങ്കാന അടക്കം അയൽ സംസ്ഥാനങ്ങളിൽ നിന്ന് കിറ്റക്സിനെ തേടി ക്ഷണം എത്തുമ്പോഴും കേരളത്തിൽ കമ്പനിയും സർക്കാരും കോൺഗസും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കമ്പനിയിൽ ഇന്ന് വീണ്ടും പരിശോധന നടത്തി. പന്ത്രണ്ടാമതായി പരിശോധന നടത്തിയത് സംസ്ഥാന ഭൂഗർഭ ജല അഥോറിറ്റിയാണ്. അഥോറിറ്റിയുടെ കാക്കനാട് ഉള്ള ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്.
ജില്ലാ വികസന സമിതി യോഗത്തിൽ പി ടി തോമസ് എം എൽ എ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥർ കിറ്റെക്സ് മാനേജ്മെന്റിനെ അറിയിച്ചു. വ്യവസായ ശാലകളിൽ ഇനി മുതൽ മിന്നൽ പരിശോധനയുണ്ടാവുകയില്ലെന്ന് രണ്ടാഴ്ച മുൻപ് വ്യവസായ മന്ത്രി പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാന തലത്തിൽ ഒരു ഉന്നത ഉദ്യോഗസ്ഥ സംഘം വ്യത്യസ്ത വകുപ്പുകളുടെ പരിശോധന ഏകജാലകത്തിലൂടെ ഏകോപിപ്പിക്കുമെന്നുമായിരുന്നു വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ സംസ്ഥാന ജല വിഭവ വകുപ്പിന്റെ കീഴിലുള്ള ഭൂഗർഭ ജല അഥോറിറ്റിയാണ് കിറ്റെക്സിൽ മിന്നൽ പരിശോധന നടത്തിയത്. സർക്കാരും മന്ത്രിമാരും എന്തെല്ലാം വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചാലു ഇതൊന്നും നടപ്പിലാകുകയില്ല എന്നതിന്റെ അവസാന ഉദാഹരണമാണ് ഈ പരിശോധനയെന്ന് കിറ്റക്സ് എംഡി സാബു എം ജേക്കബ് കുറ്റപ്പെടുത്തി.
നേരത്തെ ഒരു മാസത്തിനുള്ളിൽ വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ 11 പരിശോധനകളാണ് കിറ്റെക്സിൽ നടത്തിയത്. തുടർന്നാണ് പരിശോധനാ പീഡനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഉദ്ദേശിച്ചിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതി കിറ്റെക്സ് ഉപേക്ഷിച്ചത്. ഇത് സംസ്ഥാന തലത്തിൽ മാത്രമല്ല ദേശീയതലത്തിൽ തന്നെ ചർച്ചയാവുകയും ചെയ്തു. തെലങ്കാന,മദ്ധ്യപ്രദേശ് ,ആന്ധ്ര, കർണ്ണാടക, തമിഴനാട് ഉൾപ്പടെ 9 സംസ്ഥാനങ്ങൾ നിക്ഷേപം ആകർഷിച്ച് രംഗത്തുവരുകയുമുണ്ടായി .ശ്രീലങ്ക, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളും കിറ്റെക്സിനെ സമീപിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ