- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാഗർ റാണയുടെ തലയിൽ അടിയേറ്റ് ആഴത്തിൽ മുറിവ്; ശരീരത്തിൽ പലയിടത്തും നീല നിറമുള്ള അടയാളങ്ങൾ; എല്ലുകൾ പൊട്ടിയിരുന്നതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; സുശീൽ കുമാറിന് കുരുക്ക് മുറുകുന്നു; കേസിൽ അന്വേഷണം തുടരുന്നു; ഗുസ്തി താരത്തെ സസ്പെൻഡ് ചെയ്ത് റെയിൽവേ
ന്യൂഡൽഹി: ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിങ്ങിൽ ഉണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട മുൻ ദേശീയ ഗുസ്തി താരം സാഗർ റാണയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്.
സാഗർ റാണയുടെ തലയിൽ ഒരു വസ്തു ഉപയോഗിച്ച് അടിയേറ്റിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. സാഗറിന്റെ ശരീരത്തിൽ പലയിടത്തും നീല നിറമുള്ള അടയാളങ്ങളുണ്ടായിരുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
തല മുതൽ കാൽമുട്ട് വരെ പാടുകളും ഉണ്ടായിരുന്നു. മുറിവുകളെല്ലാം ആഴത്തിലുള്ളതായിരുന്നുവെന്നും എല്ലുകൾ പൊട്ടിയിരുന്നതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.
സാഗറിന്റെ ശരീരത്തിൽ കണ്ടെത്തിയ അടയാളങ്ങളെല്ലാം മരണത്തിന് മുമ്പുള്ളതാണെന്നാണ് ബാബു ജഗ്ജിവൻ റാം മെമോറിയൽ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്.
സാഗറിന്റെ വിസെറ, രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
മെയ് നാലിനാണ് സാഗറിന്റെ മരണത്തിന് കാരണമായ സംഘർഷം നടക്കുന്നത്. മെയ് അഞ്ചിന് പുലർച്ചെ 2.52-ന് സാഗറിനെ അടുത്തുള്ള ബാബു ജഗ്ജിവൻ റാം മെമോറിയൽ ആശുപത്രിയിലെത്തിച്ചു. പെട്ടെന്നുതന്നെ അദ്ദേഹത്തെ ട്രോമ സെന്ററിലേക്ക് മാറ്റി, പക്ഷേ 7.15ഓടെ മരണം സംഭവിക്കുകയായിരുന്നു.
അതേസമയം സാഗറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗുസ്തി താരം സുശീൽ കുമാറിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. കേസിൽ അന്വേഷണം തുടരുന്നതിനിടെ റെയിൽവേയിൽ സീനിയർ കൊമേഴ്‌സ്യൽ മാനേജർ സ്ഥാനത്ത് നിന്നും സുശീൽ കുമാറിനെ റെയിൽവേ സസ്പെൻഡ് ചെയ്തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെയാണ് നടപടി.
കേസിൽ ഞായറാഴ്ച സുശീൽ അറസ്റ്റിലായി 48 മണിക്കൂർ പിന്നിട്ടതോടെയാണ് റെയിൽവേ നടപടിയിലേക്ക് കടന്നത്.
മുൻ ദേശീയ ജൂനിയർ ഗുസ്തി താരം സാഗർ റാണ കൊല്ലപ്പെട്ട കേസിലാണ് സുശീലിനെ അറസ്റ്റ് ചെയ്തത്. താരത്തെ പിന്നീട് കോടതി റിമാൻഡ് ചെയ്തു. ഡൽഹി രോഹിണി കോടതിയാണ് സുശീലിനെയും കേസിലെ മറ്റൊരു പ്രതിയായ അജയ് കുമാറിനെയും റിമാൻഡ് ചെയ്തത്.
ഡൽഹി പൊലീസ് 12 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും ആറു ദിവസത്തെ കസ്റ്റഡി മാത്രമാണ് കോടതി അനുവദിച്ചത്.
ശനിയാഴ്ച വെസ്റ്റ് ഡൽഹിയിലെ മുണ്ട്ക ടൗണിൽവച്ചാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ സുശീൽ കുമാറിനെ പിടികൂടിയത്. പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ കൊലപാതകം നടക്കുമ്പോൾ താൻ ഛത്രസാൽ സ്റ്റേഡിയത്തിലുണ്ടായിരുന്നുവെന്ന് സുശീൽ പൊലീസിനോട് സമ്മതിച്ചിരുന്നു.