കൊല്ലം: പരോതനായ നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യയും നടൻ സായി കുമാറിന്റെ അമ്മയുമായ വിജയലക്ഷ്മി അമ്മ (93) അന്തരിച്ചു. അഭിനേതാവായ ശോഭാ മോഹൻ മകളാണ്. കൊട്ടാരക്കരയിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം.

ജയശ്രീ, ഗീത, ലൈല, കല, ബീന, ഷൈല എന്നിവരാണ് മറ്റു മക്കൾ. നടന്മാരായ വിനു മോഹൻ, അനു മോഹൻ എന്നിവർ ചെറുമക്കളാണ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന് കൊല്ലം പോളയത്തോട് പൊതുശ്മശാനത്തിൽ നടക്കും. മലയാളത്തിലെ പ്രശസ്തമായ സിനിമാ കുടുംബത്തിലെ മുത്തിശ്ശിയാണ് വിട പറഞ്ഞ വിജയലക്ഷ്മി അമ്മ.

ശ്രീധരൻ നായരുടെ പാതയിൽ നടൻ സായികുമാർ അഭിനയ രംഗത്തേക്ക് കടന്നപ്പോഴും താങ്ങായി നിന്നതും വിജയലക്ഷ്മി അമ്മയായിരുന്നു. മലയാള സിനിമയിൽ ഹാസ്യ താരമായി അരങ്ങേറ്റം കുറിച്ച സായി കുമർ വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടി പിൽക്കാലത്ത മലയാള സിനിമയിൽ ഉയരങ്ങൾ താണ്ടുന്നതും അടുത്തു നിന്നു കണ്ടു വിജയലക്ഷ്മി അമ്മ.

വിജയലക്ഷ്മി അമ്മയുടെ നിര്യാണത്തിൽ മലയാളം സിനിമാ ലോകത്തെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ അനുശോചനം രേഖപ്പെടുത്തി.