ഒബിസി ക്രീമിലെയർ വിശദീകരിക്കുന്നതിന് മുമ്പ് ഒരു സംഭവം പറയാം. തൃശൂരിൽ ജോലി ചെയ്യുന്ന കാലത്ത് മകന് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിനായി ഒരാൾ ഓഫീസിൽ വന്നു. അദ്ദേഹം ടൗൺപ്ളാനറായി ജോലി ചെയ്യുന്നു. മാസശമ്പളം ഒരു ലക്ഷത്തി പതിനായിരം. ഭാര്യ ഹൈസ്‌കൂൾ ടീച്ചർ ശമ്പളം മാസം 60000. ( ഏകദേശ കണക്ക്)

കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം = 12 x 110000+ 12x 60000
= 1320000+ 720000
= 2040000

നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിനുള്ള വാർഷികവരുമാന പരിധി 8 ലക്ഷമായിരിക്കെ ഒരു വർഷം 20 ലക്ഷം വരുമാനമുള്ള ഈ കുടുംബത്തിലെ കുട്ടിക്ക് സംവരാണാനുകൂല്യം കിട്ടുമോ....? കിട്ടും. ഒരു സംശയവും വേണ്ട ഉറപ്പായും കിട്ടും. നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിനായി സർക്കാർ ജീവനക്കാരുടെ വരുമാനം കണക്കിലെടുക്കാനേ പാടില്ല. ശമ്പള ഇനത്തിൽ എത്ര ലക്ഷം കിട്ടിയാലും ഒരു ലോഭവുമില്ലാതെ മക്കൾക്ക് റിസർവേഷൻ കിട്ടും.

പിന്നെ എപ്പോഴാണ് ഗവൺമെന്റ് സർവീസിലുള്ളവരൂടെ മക്കൾക്ക് ഒബിസി സംവരണം ലഭിക്കാത്തത്? കുട്ടിയുടെ അച്ഛനോ അമ്മയോ ക്ളാസ് 1 ഓഫീസറായി സർവീസിൽ കയറിയവരാണെങ്കിൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കില്ല. അച്ഛനും അമ്മയും ക്ളാസ് 2 ഓഫീസറാണെങ്കിൽ മക്കൾക്ക് സംവരണം ഇല്ല. കൂടാതെ അച്ഛനോ അമ്മയോ 35 വയസ്സിന് മുമ്പ് പ്രൊമോഷൻ ലഭിച്ച് ക്ളാസ് 1 ഓഫീസറായാലും ഒബിസി റിസർവേഷൻ മക്കൾക്ക് ലഭിക്കില്ല.

അതായത് ഒബിസി ജീവനക്കാരുടെ ശമ്പള വരുമാനമല്ല മറിച്ച് അവർ ഏത് കേഡറിൽ സർവീസിൽ പ്രവേശിച്ചു എന്നത് മാത്രം പരിഗണിച്ചാണ് മക്കൾക്ക് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. ചുരുക്കത്തിൽ 8 ലക്ഷം എന്ന വരുമാനപരിധി സർക്കാർ സർവീസുകാരുടെ കാര്യത്തിൽ ഒരു മുട്ടൻ കോമഡിയാണ്.

ഇതുവരെ എഴുതിയതിൽ 'അച്ഛനും അമ്മയും മക്കൾ' എന്നീ പദങ്ങൾ പലതവണ ആവർത്തിച്ച് വന്നതിന് ഒരു കാരണമുണ്ട്. നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന് മാതാപിതാക്കളുടെ വരുമാനം ഭൂമിയുടെ വിസ്തീർണ്ണം എന്നിവ മാത്രമേ കണക്കാക്കുകയുള്ളു. അതായത് സർട്ടിഫിക്കറ്റിനായി അപേക്ഷ നല്കുന്ന ഒരാൾക്ക് എത്ര വലിയ ജോലിയോ വരുമാനോ ഉണ്ടായാലും അത് പരിഗണിക്കാനേ പാടില്ല. വിവാഹം കഴിച്ച അപേക്ഷാ കക്ഷിയുടെ പങ്കാളിയുടെ ഒരു തരത്തിലുള്ള വരുമാനവും കണക്കിലെടുക്കാൻ പാടില്ല.

കാച്ചിക്കുറുക്കി പറഞ്ഞാൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന് മുകേഷ് അംബാനി അപേക്ഷ നല്കിയാൽ അദ്ദേഹത്തിന്റെ മാതാപിതാക്കളൂടെ വരുമാനവും ഭൂസ്വത്തുക്കളും പരിഗണിച്ചാൽ മതി. അംബാനി ഇന്ത്യയിലെ നമ്പർ 1 കോടീശ്വരനാണെങ്കിലും അങ്ങേരുടെ സ്വത്ത് ക്രീമിലെയർ നിർണ്ണയത്തിൽ ഒരു ഘടകമേയല്ല. വരുമാനം കഴിഞ്ഞാൽ നോൺക്രീമിലെയറിന് പരിഗണിക്കുന്ന മറ്റൊരു പ്രധാന ഘടകം മാതാപിതാക്കളുടെ ഭൂസ്വത്താണ്.

അച്ഛനും അമ്മയ്ക്കും 5 ഹെക്ടറിൽ കവിഞ്ഞ് ഭൂമിയുണ്ടെങ്കിൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കില്ല 5 ഹെക്ടർ എന്നുപറഞ്ഞാൽ 12.35 ഏക്കർ. പക്ഷെ വരുമാനം പരിണിക്കുമ്പോൾ കാർഷിക വരുമാനം പരിഗണിക്കാനേ പാടില്ല.

സർക്കാർ ജീവനക്കാരല്ലാത്തവരുടെ വരുമാനം കണക്കാക്കാൻ അവരുടെ മൂന്ന് വർഷത്തെ ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റ് മാനദണ്ഡമാക്കേണ്ടതാണ്. ഒരു കോടി വരുമാനമുള്ളവർ പോലും ആദായനികുതി നല്കാതെ വെട്ടിപ്പ് നടത്തുന്ന രാജ്യത്ത് ഈ സ്റ്റേറ്റ്മെന്റ് തന്നെ ഒരു കടലാസ് ഫലിതമാണ്.

ശമ്പളവരുമാനത്തിനൊപ്പം കാർഷിക വരുമാനം കൂട്ടാൻ പാടില്ല കൂടാതെ വാടകകെട്ടിടങ്ങൾ തുടങ്ങിയ മറ്റിനങ്ങളിൽ നിന്നുള്ള ഇൻകവും ശമ്പളവരുമാനത്തിനൊപ്പം ക്ളബ് ചെയ്യാൻ പാടില്ല. അതായത് എത്ര സമ്പന്നനായാലും (വളരെ ചുരുക്കം പേരൊഴിച്ച്) ഒബിസിക്കാരന്റെ മക്കൾക്ക് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കും. അങ്ങനെ സംവരണാനുകൂല്യങ്ങളും ലഭിക്കും.

ഭർത്താവ് ഐഎഎസ് ഓഫീസറായാലും ഭാര്യയ്ക്ക് ഒബിസി സംവരണം കിട്ടും. ഭാര്യ കളക്ടറാണെങ്കിലും ഭർത്താവിന് ഒബിസി റിസർവേഷൻ കിട്ടും. കൂടാതെ വരുമാനം എത്രയായാലും മാതാപിതാക്കൾ നാലാം ക്ലാസ് പാസ്സായിട്ടില്ലെങ്കിൽ മക്കൾക്ക് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കും.

ഒബിസി സംവരണ നിർണ്ണയത്തിന്റെ ഒരു ലളിതചിത്രമാണ് മുകളിൽ വരയ്ക്കാൻ ശ്രമിച്ചത്. വാർഷിക വരുമാനം 8 ലക്ഷം എന്നത് മനുഷ്യരുടെ കണ്ണിൽ പൊടിയിടാനായി സൃഷ്ടിച്ച ഒരു ആറക്ക നമ്പർ മാത്രമാണ്. പാവപ്പെട്ടവരുടെ പേരിൽ പണക്കാർക്ക് മദിച്ച് മേയാനുള്ള മറ്റൊരു വിശാല വിഭവസമൃദ്ധപറമ്പ് മാത്രമാണ് ഈ നോൺക്രീമിലെയർ.