- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാങ്കിന് മുമ്പിൽ പൊലീസും സിങ്കക്കുട്ടിയും തമ്മിലെ തർക്കം വിളിച്ചറിയിച്ചത് ഓട്ടോക്കാരൻ; ഓടിയെത്തി മൊബൈലിൽ എല്ലാം ചിത്രീകരിച്ചത് നിർണ്ണായകമായി; ഗൗരിനന്ദയെ കുടുക്കാനുള്ള പൊലീസ് മോഹം പൊളിച്ചത് സജീവ് ചടയമംഗലം; സത്യം പുറത്തെത്തിച്ചത് ജേണലിസ്റ്റായ ചാരിറ്റി പ്രവർത്തകൻ
കൊല്ലം: പൊലീസ് അന്യായമായി പിഴചുമത്തിയത് ചോദ്യം ചെയ്ത ഗൗരി നന്ദയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വലിയചർച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തതോടെ പൊലീസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയില്ലായിരുന്നെങ്കിൽ ഈ സംഭവം ആരുമറിയുകയുമില്ലായിരുന്നു. ഗൗരിക്കെതിരെ പൊലീസ് കടുത്ത നടപടിയും സ്വീകരിച്ചേനെ.
ദൃശ്യങ്ങൾ പ്രചരിച്ചതുമുതൽ ആരാണ് ഇത് പകർത്തിയതെന്നായിരുന്നു എല്ലാവരുടെയും അന്വേഷണം. ദൃശ്യങ്ങൾ പകർത്തിയത് ചടയമംഗലത്തെ ഒരു ഓൺലൈൻ മാധ്യമ പ്രവർത്തകനും ഒരു ചാരിറ്റി സംഘടനയുടെ അംഗവുമായ സജീവ് ചടയമംഗലമായിരുന്നു. എങ്ങനെയാണ് ആ സമയത്ത് അവിടെ എത്തിയതെന്നും എന്താണ് നടന്നതെന്നും സജീവ് മറുനാടൻ പ്രേക്ഷകരോട് പങ്കുവയ്ക്കുന്നു.
കഴിഞ്ഞ 26 ന് ചടയമംഗലത്തെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് ബാങ്കിന് മുന്നിൽ പൊലീസും ഒരു പെൺകുട്ടിയും തമ്മിൽ വാക്കു തർക്കം നടക്കുന്നു എന്ന് വിളിച്ചറിയിക്കുന്നത്. അടുത്തു തന്നെയുണ്ടായിരുന്നതിനാൽ വേഗം തന്നെ സ്ഥലത്തെത്തി. എത്തുമ്പോൾ പൊലീസ് ഉദ്യോഗസ്ഥരും പെൺകുട്ടിയും വലിയ തർക്കം നടക്കുന്നതാണ് കാണുന്നത്.
അപ്പോൾ തന്നെ മൊബൈലിൽ ആ സംഭവങ്ങൾ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങൾ അപ്പോൾ തന്നെ വാർത്തയാക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. അവിടെ പൊലീസ് നോട്ടീസ് നൽകി എന്നാണ് പറഞ്ഞത്. എന്നാൽ പെറ്റിയാണ് എന്ന് പറഞ്ഞാണ് തർക്കം നടന്നത്. എന്തു തന്നെയായാലും സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ കാര്യങ്ങൾ നീങ്ങിയതാണ് വലിയ തർക്കം ഉടലെടുക്കാൻ കാരണം എന്നാണ് മനസ്സിലാക്കുന്നത്:- സജീവ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചടയമംഗലത്തെ സ്വകാര്യ ബാങ്കിന് സമീപമാണ് കേരളം ചർച്ച ചെയ്ത സംഭവങ്ങൾ ഉണ്ടായത്. അമ്മയ്ക്കൊപ്പം ആശുപത്രിയിൽ പോയ ശേഷം എ.ടി.എമ്മിൽ നിന്ന് പണമെടുക്കാൻ ബാങ്കിന് മുന്നിലെത്തിയതായിരുന്നു ഗൗരിനന്ദ. തിരിച്ചിറങ്ങിയപ്പോൾ പൊലീസ് ആളുകൾക്ക് മഞ്ഞ പേപ്പറിൽ എന്തോ എഴുതി കൊടുക്കുന്നു. ഒരാളോട് കാര്യം തിരക്കിയപ്പോൾ സാമൂഹ്യ അകലം പാലിക്കാത്തതിന് പിഴ അടയ്ക്കാനുള്ള പൊലീസിന്റെ നോട്ടീസ് കാണിച്ചു.
ഇതിന്റെ കാര്യം തിരക്കിയപ്പോൾ മോശമായ ഭാഷയിലായിരുന്നു പൊലീസുകാരന്റെ പ്രതികരണമെന്ന് ഗൗരിനന്ദ പറയുന്നു. ഇതോടെ ഗൗരി ശബ്ദമുയർത്തി. തർക്കം അരമണിക്കൂറോളം നീണ്ടു. ആളുകൾ തടിച്ചുകൂടി. പെണ്ണല്ലായിരുന്നെങ്കിൽ കാണിച്ചുതരാമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതോടെയാണ് താൻ രൂക്ഷമായി പ്രതികരിച്ചത് എന്നാണ് ഗൗരി പറയുന്നത്. അതിനിടയിൽ ആരോ പകർത്തിയ വീഡിയോ വൈറലായി, താൻ വീട്ടിലെത്തിയ ശേഷമാണ് ഈ വീഡിയോ വൈറലാകുന്ന കാര്യം അറിഞ്ഞത് എന്നാണ് ഗൗരി പറയുന്നത്.
അതേ സമയം ഗൗരിക്കെതിരെ കേസ് എടുത്ത പൊലീസ് നടപടി സോഷ്യൽ മീഡിയയിൽ അടക്കം വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. കോവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയും പൊലീസ് നടപടികളും ചോദ്യം ചെയ്ത് രംഗത്തെത്തുന്ന പലരും ഗൗരിയുടെ നടപടിയെ അഭിനന്ദിക്കുകയാണ്. പ്രതിഷേധങ്ങൾക്കൊടുവിൽ കേസ് പൊലീസ് പിൻവലിച്ചെങ്കിലും സാമൂഹിക അകലം പാലിക്കാത്തതിന് ചുമത്തിയ പെറ്റി റദ്ധാക്കിയിട്ടില്ല എന്നാണ് ഗൗരി അറിയിച്ചത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.