ആലപ്പുഴ: ആലപ്പുഴ സിപിഎം അതികായകരുടെ നാടാണ്. പുന്നപ്രയിൽ കരുത്ത് കാട്ടിയ വി എസ് അച്യുതാനന്ദനായിരുന്നു എൺപതുകൾക്ക് ശേഷം ഈ ജില്ലയെ നിയന്ത്രിച്ച സിപിഎം നേതാവ്. വെട്ടിനിരത്തലിന്റെ കരുത്ത് കേരള രാഷ്ട്രീയത്തിന് നൽകിയ ചരിത്രമാണ് ആലപ്പുഴയുടേത്. ഒടുവിൽ വിഎസിനേയും ആലപ്പുഴയിൽ നിന്ന് വെട്ടിനിരത്തി. വിഎസിന്റെ ശിഷ്യൻ ജി സുധാകരനെ മുന്നിൽ നിർത്തിയായിരുന്നു അത്. അതും പിണറായി വിജയന്റെ രാഷ്ട്രീയ ബുദ്ധി. അതിന് ശേഷം സുധാകരനേയും തകർത്തു. സജി ചെറിയാനിലൂടെയായിരുന്നു ഇത്. സുധാകരന്റെ പിന്തുണയിൽ ആലപ്പുഴയിൽ നിറഞ്ഞ നേതാവായിരുന്നു സജി ചെറിയാൻ. ചെങ്ങന്നൂരിൽ നിന്ന് നിയമസഭയിലെത്തിയ സജി ചെറിയാൻ അതിവേഗം ആലപ്പുഴയിലെ നേതാവായി മാറി. സുധാകരനെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് പോലും അപ്രസക്തനാക്കുകയായിരുന്നു സജി ചെറിയാൻ. വേദന പുറത്തു പറയാതെ സുധാകരൻ വീട്ടിലേക്ക് ഒതുങ്ങി. പക്ഷേ സജി ചെറിയാന് അധിക കാലം മന്ത്രിയായി തുടരാനായില്ല. ഒരു കൊല്ലം കഴിയുമ്പോൾ രാജി.

ഭരണ ഘടനയെ അപമാനിക്കുകയായിരുന്നു സജി ചെറിയാൻ. ഭരണഘടനാ ശിൽപ്പി ഡോ അംബേദ്കറിനെ അപമാനിച്ചു. ഇത് സിപിഎമ്മിന് പോലും ഞെട്ടലായി. സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്ന വീഡിയോ എല്ലാ അർത്ഥത്തിലും സിപിഎം ദേശീയ നേതൃത്വത്തെ ഞെട്ടിച്ചു. ഇതോടെ സിപിഎം സംസ്ഥാന നേതൃത്വത്തിനോ മുഖ്യമന്ത്രി പിണറായി വിജയനോ സജി ചെറിയാനെ രക്ഷിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായി. സജി ചെറിയാൻ രാജിവച്ചു. ഇത് ആലപ്പുഴയിലും പ്രതിഫലിക്കും. ആലപ്പുഴ സിപിഎമ്മിൽ സജി ചെറിയാന് പഴയ കരുത്തുണ്ടാകില്ല. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിലെ അംഗീകാരത്തിന് അപ്പുറം നിയന്ത്രണം ഉണ്ടാകില്ല. തോമസ് ഐസക്കിനെ പോലെ അധികാരമൊന്നുമില്ലാത്ത സഖാവായി സജി ചെറിയാനും മാറും. ആലപ്പുഴയിൽ നിന്ന് പകരം സിപിഎം മന്ത്രി സഭയിൽ എത്തുമോ എന്നതും നിർണ്ണായകമാണ്.

എന്റെയീ കൊന്ത ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അയാൾ അനുഭവിക്കും-പിസി ജോർജിന്റെ ഭാര്യ ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞ വാക്കുകളാണ്. മൊഴി എടുക്കാൻ വിളിച്ചു വരുത്തി പിസി ജോർജ്ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് മ്യൂസിയം പൊലീസായിരുന്നു. തീർത്തും അപ്രതീക്ഷിത നീക്കം. ചോദ്യം ചെയ്യലിന് പിസി എത്തിയ ശേഷമായിരുന്നു തട്ടിപ്പുകേസിലെ പ്രതി പരാതിയുമായി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിയത്. പെട്ടെന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പിന്നാലെ പിസിയെ അറസ്റ്റും ചെയ്തു. ഇത് അറിഞ്ഞാണ് വികാരത്തോടെ പിണറായി സർക്കാരിനെ ചാനൽ ക്യാമറയ്ക്ക് മുമ്പിൽ പിസിയുടെ ഭാര്യ ശപിച്ചത്. പിന്നാലെ പിസിക്ക് ജാമ്യവും കിട്ടി. സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണ് കോടതി പിസിയെ ജാമ്യത്തിൽ വിട്ടത്.

ഏതായാലും ജോർജിന്റെ ഭാര്യ പൊട്ടിത്തെറിച്ച് അഞ്ചാം ദിനം തന്നെ പിണറായിയെ തേടി വമ്പൻ രാഷ്ട്രീയ വിവാദം എത്തി. സിപിഎം വിപ്ലവ നായകനായി കാണുന്ന ഭരണഘടനാ ശിൽപ്പി അംബേദ്കറിനെ തന്നെ മന്ത്രി സജി ചെറിയാൻ തള്ളി പറഞ്ഞു. കേരളത്തിലെ സിപിഎമ്മിനെ ഇതിന് അപ്പുറം വിവാദത്തിലാക്കിയ മറ്റൊരു പ്രസ്താവനയും ഇല്ല. സമാനതകളില്ലാത്ത രീതിയിൽ ജനരോഷം ഉയർന്നു. അതിനെ നാക്കു പിഴയായി സിപിഎം പിബി അംഗം എംഎ ബേബിയും സമ്മതിച്ചു. ഇതിനൊപ്പമാണ് പിസിയുടെ ഭാര്യയുടെ എന്റെയീ കൊന്ത ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അയാൾ അനുഭവിക്കും എന്ന പ്രസ്താവനയും ചർച്ചയാകുന്നത്. സജി ചെറിയാന്റെ രാജിയോടെ ജോർജ്ജിന്റെ ഭാര്യയുടെ വാക്കുകൾ ട്രോളുകളുമായി മാറുന്നു.

സിപിഎം സംസ്ഥാന അവൈലബിൾ സെക്രട്ടറിയേറ്റിൽ എല്ലാം തുറന്നു പറയുകയായിരുന്നു സജി ചെറിയാൻ. തെറ്റു പറ്റിപ്പോയെന്ന് കുറ്റസമ്മതവും ഏന്തു ശിക്ഷയും ഏറ്റെടുക്കാമെന്നമുള്ള തുറന്നു പറച്ചിൽ രാജി സന്നദ്ധതയായി നേതൃത്വം കണക്കാക്കി. പ്രസംഗത്തിലെ ഓരോ വരിയും പരിശോധിച്ച് നിയമ വിദഗ്ദ്ധർ നൽകിയതും അതിരുവിട്ട ഭരണഘടനാ അവഹേളനമെന്ന നിരീക്ഷണമായിരുന്നു. ഇതിനൊപ്പം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഉറച്ച നിലപാടും സജി ചെറിയാനെ പ്രതിസന്ധിയിലാക്കി. അങ്ങനെ അംബേദ്കറെ അപമാനിച്ചതിന് മന്ത്രിപദം പോയ ആദ്യ സിപിഎം നേതാവായി സജി ചെറിയാൻ. ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമർശം നടത്തി പുലിവാൽ പിടിച്ച മന്ത്രി സജി ചെറിയാനെ രക്ഷിക്കാൻ വിശദ നിയമ പരിശോധനയ്ക്ക് സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു.

സജി ചെറിയാന്റെ പ്രസംഗത്തിലെ ഓരോ വരിയും ഇടതു പക്ഷത്തോട് ചേർന്ന് നിന്ന നിയമ വിദഗ്ദ്ധർ പരിശോധിച്ചു. ഓരോ വരിയും എടുത്ത് പ്രത്യേക വിശകലനം ചെയ്ത് അതിൽ ഭരണഘടനാ വിരുദ്ധ ഉണ്ടെന്ന നിലപാടിലാണ് അന്തിമമായി അവർ എത്തിയത്. കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്നും ഭയന്നു. അതുകൊണ്ട് തന്നെ സജി ചെറിയാനെ രക്ഷിക്കാൻ മുഖ്യമന്ത്രിക്കും കഴിയാതെ വന്നു. ഭരണഘടനയെ തള്ളി പറഞ്ഞ മന്ത്രിക്ക് രാജിവെക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് നിയമവിദഗ്ദ്ധരടക്കം ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിൽ സിപിഎം നേതൃത്വം എ.ജി.യിൽ നിന്ന് നിയമോപദേശം തേടിയത്. എജിയാണ് കൂടുതൽ വിശദമായി പ്രസംഗം പരിശോധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ചത്. ആ പരിശോധന സിപിഎമ്മിന് എതിരായി.

ബ്രിട്ടീഷുകാർ പറഞ്ഞത് ഇന്ത്യക്കാർ എഴുതിവെച്ചതാണ് ഇന്ത്യൻ ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിതെന്നുമുള്ള വിവാദപരാമർശങ്ങളാണ് സജി ചെറിയാൻ നടത്തിയത്. വെറുമൊരു നാക്കു പിഴയിൽ സംഭവിച്ചതാണ് തെറ്റെന്ന പ്രസ്താവനയാണ് അവൈലബിൾ സെക്രട്ടറിയേറ്റിൽ മന്ത്രി സജി ചെറിയാൻ അവതരിപ്പിച്ചത്. കരുതൽ ഉണ്ടായില്ലെന്ന വിമർശനം മുഖ്യമന്ത്രി പിണറായി വിജയന്റെ നടത്തുകയും ചെയ്തു. മിക്ക അംഗങ്ങളും സജി ചെറിയാനെ കുറ്റപ്പെടുത്തി. രാജി സന്നദ്ധതയും മന്ത്രി അറിയിച്ചു. എന്നാൽ രാജി ഉടൻ വേണ്ടെന്നായിരുന്നു തീരുമാനം. പക്ഷേ സീതാറം യെച്ചൂരി തന്റെ അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിച്ചു. ഇതോടെ സജി ചെറിയാന് രാജി വയ്ക്കാനുള്ള നിർദ്ദേശം എകെജി സെന്ററിൽ നിന്ന് നൽകുകയും ചെയ്തു.

അവൈലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിക്കെതിരെ വിമർശനം ഉയർന്നിരുന്നു. എതിരാളികൾക്ക് ആയുധം നൽകുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളതെന്നും വാക്കുകളിൽ മിതത്വം പാലിക്കേണ്ടിയിരുന്നുവെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ഭരണഘടനയെ അല്ല ഭരണകൂടത്തെയാണ് തന്റെ വിമർശനം ലക്ഷ്യം വെച്ചിരുന്നതെന്ന് സജി ചെറിയാൻ നേതാക്കളോട് ആവർത്തിച്ചു. ഇത് പറയുന്നതിനിടെ ഉണ്ടായ നാക്കു പിഴയാണ് പ്രശ്‌നമായതെന്നും വിശദീകരിച്ചു.