- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശാർങക്കാവ് കടന്ന് ചാങ്ങപ്പാടം വഴി വന്നപ്പോൾ മുന്നിൽ മന്ത്രിയുടെ വീട്: കൊഴുവല്ലൂർ അമ്പലത്തിന്റെ നാഗത്തറ വഴി മാറ്റിയപ്പോൾ മന്ത്രിയുടെ സഹോദരന്റെ വീട്: ഭൂതംകുന്ന് കോളനിയിൽ 'റ' ഷേപ്പിൽ തിരിഞ്ഞപ്പോൾ രണ്ടു വീടുകളും സേഫ്: സജി ചെറിയാന്റെ പഞ്ചായത്തിലെ കെ റെയിൽ അലൈന്മെന്റ് വിവാദം മൂക്കുമ്പോൾ
ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാന്റെ സ്വന്തം പഞ്ചായത്തായ മുളക്കുഴയിൽ കെ റെയിൽ പദ്ധതിക്ക് വേണ്ടി തയാറാക്കിയ അലൈന്മെന്റ് രണ്ടു തവണയാണ് മാറ്റിയിരിക്കുന്നത്. ആദ്യ തവണ മന്ത്രിയുടെ വീടിനും രണ്ടാം തവണ മന്ത്രിയുടെ സഹോദരന്റെ വീടിനും ഉള്ളിലൂടെയാണ് അലൈന്മെന്റ് വന്നത്. രണ്ട് അലൈന്മെന്റും മാറ്റി വീടുകൾ രക്ഷിച്ചപ്പോൾ നേർരേഖയിലുള്ള സിൽവർ ലൈൻ 'റ' ആകൃതിയിലായി. പിന്നെ നാട്ടുകാരും പ്രതിപക്ഷവും കുറ്റം പറയുന്നതിൽ തെറ്റുണ്ടോ?
തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉന്നയിച്ച ആരോപണം ശരി വയ്ക്കുകയാണ് മന്ത്രിയുടെ നാട്ടുകാരും കെ-റെയിൽ വിരുദ്ധ സമര സമിതിയും. നൂറനാട് പടനിലം വഴി പന്തളത്തിന് അടുത്ത് ഇടപ്പോണിൽ എത്തുന്ന സിൽവർ ലൈനിന്റെ ആദ്യ അലൈന്മെന്റ് ശാർങക്കാവ് കടന്ന് ചാങ്ങപ്പാടത്ത് മുളക്കുഴ പഞ്ചായത്ത് പഞ്ചായത്ത് 12-ാം വാർഡിലേക്കാണ് പ്രവേശിക്കുന്നത്. ഇതു നേരെ വരുന്നതുകൊഴുവല്ലൂർ ലിറ്റിൽ ഫ്ളവർ കത്തോലിക്കപ്പള്ളിക്കും മന്ത്രി സജി ചെറിയാന്റെ വീടിനും മധ്യത്തിൽ കൂടിയായിരുന്നു. അവിടെ നിന്ന് പെരിങ്ങാലയിൽ കയറി ചെങ്ങന്നൂരിലെ സ്റ്റേഷനായ പിരളശേരിയിലേക്ക് എത്തും.
ഇങ്ങനെ ലൈൻ വന്നാൽ മന്ത്രിയുടെ കിടപ്പാടം പോകുമെന്ന് കണ്ടപ്പോൾ ആദ്യ മാറ്റം കൊണ്ടു വന്നു. മന്ത്രിയുടെ വീടിന് കുഴപ്പമുണ്ടാകാത്ത വിധം 250 മീറ്റർ അകലേക്ക് മാറ്റി കൊഴുവല്ലൂർ ദേവീക്ഷേത്രത്തിന്റെ നാഗത്തറയ്ക്ക് മുന്നിൽ നിന്നും 58 പട്ടികജാതി/വർഗ കുടുംബങ്ങൾ താമസിക്കുന്ന ഭൂതംകുന്ന് കോളനിയും കുടിയൊഴിപ്പിച്ചു കൊണ്ടുള്ളതായിരുന്നു മാറ്റിയ അലൈന്മെന്റ്. എന്നാൽ ഇത് നേരെ വന്നു കയറുന്നത് മന്ത്രിയുടെ മൂത്ത സഹോദരൻ റെജി ചെറിയാന്റെ പറമ്പിലേക്കും വീട്ടിലേക്കുമായിരുന്നു. ഇതോടെ രണ്ടാമത്തെ അലൈന്മെന്റിലും മാറ്റം വരുത്തിയെന്ന് കെ-റെയിൽ വിരുദ്ധ സമരത്തിന് നേതൃത്വം നൽകി ജയിലിൽ പോകേണ്ടി വന്ന കൊഴുവല്ലൂർ തെക്കേച്ചരുവിൽ സിന്ധു ജയിംസ് പറയുന്നു.
റൂട്ടിന് മാറ്റം വരുത്തിയിരിക്കുന്നത് ഭൂതംകുന്ന് കോളനിയിൽ നിന്നാണ്. നേർരേഖയിൽ പോകുമെന്ന് പറയുന്ന സിൽവർലൈൻ കോളനിയിൽ നിന്ന് യു ടേൺ അടിച്ച് വടക്കോട്ട് മാറി 'റ' ഷേപ്പിൽ റോഡ് മുറിച്ചു കടന്നായി പിരളശേരിയിലേക്കുള്ള യാത്ര. ആദ്യ രണ്ടു അലൈന്മെന്റുകളിലുമില്ലാത്ത പല വീടുകൾക്കും സ്ഥലത്തിനും നടുവിലൂടെയായി സിൽവർ ലൈനിന്റെ പോക്ക്. തന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ അടുക്കളയിലേക്ക് സിൽവർലൈൻ കുറ്റി വന്നു വീഴുമെന്നായപ്പോഴാണ് സിന്ധു സമര രംഗത്തേക്ക് കടന്നത്.
ഇതേപ്പറ്റി വിശദമായി പഠിച്ചതും കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും മനസിലാക്കിയതും അങ്ങനെയാണ്. ആദ്യ രണ്ട് അലൈന്മെന്റുകളുടെയും സർവേ നമ്പർ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ മൂന്നാമതായി വന്ന അലൈന്മെന്റിന്റെ സർവേ നമ്പർ മാത്രം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം മറ്റൊരു വിവാദവും കെറെയിലിൽ സജി ചെറിയാനുണ്ടായിട്ടുണ്ട്.
കെ റെയിൽ പദ്ധതിക്കായി തന്റെ വീട് വിട്ടു നൽകുമെന്നും ഇതിന്റെ ആസ്തിയായി അഞ്ചു കോടി കിട്ടിയാൽ അതു വാങ്ങി കരുണ സൊസൈറ്റിക്ക് കൈമാറും എന്നും പറഞ്ഞ മന്ത്രി സജി ചെറിയാൻ കുടുങ്ങി. കെ റെയിൽ സമരക്കാരെ കളിയാക്കാനായിരുന്നു മന്ത്രി ഇതു പറഞ്ഞത്. കെ റെയിൽ വിശദീകരണത്തിനിടെ ആസ്തി അഞ്ചു കോടിയാണെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ മന്ത്രി സജി ചെറിയാൻ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിൽ വെളിപ്പെടുത്തിയത് തീരെ ചെറിയ തുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്നത് ഇപ്പോൾ പറഞ്ഞതിന്റെ പത്തിലൊന്ന് പോലുമില്ല. തനിക്കും ഭാര്യയ്ക്കും ചേർന്ന് വെറും 35,47,191.87 രൂപയുടെ ആസ്തി മാത്രമെ ഉള്ളൂവെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.
സജി ചെറിയാന് 25,06,140.87 രൂപയുടെ ആസ്തിയും ഭാര്യയ്ക്ക് 10,41,051 രൂപയുടെയും ആസ്തിയാണ് ആകെയുള്ളത്. 1,14,651 രൂപ കടവും സജി ചെറിയാനുണ്ട്. ആസ്തിയായി പറഞ്ഞിരിക്കുന്നതിൽ 26 ആർ സ്ഥലം പുരയിടമാണ്. ഇതടക്കം വീടിന് കാണിച്ചിരിക്കുന്ന കമ്പോള വില 28 ലക്ഷം മാത്രം. ഭാര്യയുടെ പേരിൽ 4, 41000 രൂപയുടെ കൃഷിഭൂമി ഉണ്ട്. ഈ 28 ലക്ഷം രൂപയുടെ ഭൂമിക്കാണ് ഇപ്പോൾ അഞ്ചു കോടി വേണമെന്ന് സജി ചെറിയാൻ പറയുന്നത്. കമ്മീഷന് നൽകിയ കണക്കു പ്രകാരം വെറും 8 ഗ്രാം സ്വർണം മാത്രമാണ് സജി ചെറിയാനുള്ളത്. ഭാര്യയ്ക്ക് 64 ഗ്രാം സ്വർണവും ഉണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് സജി ചെറിയാന്റെ കൈവശം ഉണ്ടായിരുന്നത് വെറും 3250 രൂപ മാത്രമായിരുന്നു. ഭാര്യയുടെ കൈവശമാകട്ടെ 2100 രൂപയും.
ഒന്നുകിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മന്ത്രിയായതിനു ശേഷം സജി ചെറിയാന്റെ ആസ്തി വലിയ തോതിൽ വർധിച്ചു എന്നാണ് വിലയിരുത്തൽ. എന്നാലും വെറും 10 മാസം കൊണ്ട് 35 ലക്ഷം രൂപയുടെ ആസ്തി 5 കോടി ആയതെങ്ങനെയെന്ന ചോദ്യവും ഉയരുകയാണ്. അതല്ലെങ്കിൽ യഥാർത്ഥ സ്വത്ത് വിവരം മന്ത്രി തെരഞ്ഞെടുപ്പ് കമ്മിഷനിൽ മറച്ചു വച്ചു. രണ്ടും സജി ചെറിയാന് വിനയാകും.