- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻ മന്ത്രി സജിചെറിയാന്റെ വിവാദ പ്രസംഗം മാധ്യമങ്ങൾക്ക് ചോർത്തിയത് മുൻ ജില്ലാ പഞ്ചായത്തംഗം എസ് വി സുബിനും ദേശാഭിമാനി ലേഖകൻ ഷിനുവുമോ? മല്ലപ്പള്ളിയിൽ ലഘുലേഖാ പ്രചരണം; ഊമക്കത്ത് എത്തുന്നത് നേതാക്കളുടെ വീട്ടിലേക്ക് തപാലിൽ: ഭരണഘടനാ പ്രസംഗത്തിൽ സിപിഎമ്മിൽ അലയൊലികൾ തുടരുമ്പോൾ
മല്ലപ്പള്ളി: മുന്മന്ത്രി സജി ചെറിയാന്റെ വിവാദമായ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിലുള്ള വിവാദം സിപിഎമ്മിൽ ആളിക്കത്തുന്നു. വിവാദ പ്രസംഗം മാധ്യമങ്ങൾക്ക് ചോർത്തിയത് മുൻ ജില്ലാ പഞ്ചായത്തംഗം എസ് വി സുബിനും ദേശാഭിമാനി ഏരിയാ ലേഖകൻ ഷിനു കുര്യനുമാണെന്ന തരത്തിൽ ലഘുലേഖകൾ പ്രചരിക്കുന്നു. പാർട്ടി പ്രവർത്തകരുടെ വീട്ടിലേക്ക് തലയും വാലുമില്ലാത്ത ലഘുലേഖ തപാലിൽ ആണെത്തുന്നത്.
മാധ്യമ കുടിലതയുടെ കാലത്ത മാധ്യമ പ്രവർത്തനത്തിന് പ്രയത്നിച്ച രാധാകൃഷ്ണൻ സഖാവിന് വാരിക്കുഴി കുഴിച്ച സുബിനും അസുര മാധ്യമപ്രവർത്തകൻ ഷിനു കുര്യനും കുലംകുത്തികൾ മാത്രം എന്ന തലക്കെട്ടിലുള്ളതാണ് ലഘുലേഖ. സി പി എം മല്ലപ്പള്ളി ഏരിയാ കമ്മറ്റി അംഗമായ രാധാകൃഷ്ണൻ ഫെയിസ്ബുക്കിലൂടെ നടത്തിയ പ്രഭാഷണ പരമ്പര 100 ദിവസം പിന്നിട്ടതിന്റെ ആഘോഷ പരിപാടിയിലാണ് സജി ചെറിയാന്റെ വിവാദ പരാമർശം ഉണ്ടായതും തുടർന്ന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നതും.
സുബിൻ ജാതി മത കോമരങ്ങളുമായും ബിജെപി നേതാക്കളുമായും അടുത്ത ബന്ധം പുലർത്തുന്ന ആളാണെന്നും ആരോപിക്കുന്ന ലഘുലേഖയിൽ സുബിൻ ജില്ലാ പഞ്ചായത്ത് അംഗമായിരിക്കുമ്പോഴും പാർട്ടി പിരിവിൽ കൃത്രിമം കാണിച്ചും അനധികൃതമായി ധന സമ്പാദനം നടത്തിയതായും ആരോപിക്കുന്നു.
അപമാനിച്ചും മാറ്റി നിർത്തിയും രാധാകൃഷ്ണനെ നാടുകടത്താനൊരുങ്ങിയ പേപ്പട്ടി കൂട്ടർക്ക് മുന്നിലൂടെ നൂറിന്റെ നിറവിൽ നിവർന്നു നിന്ന കെപിആറിനോട് നിങ്ങൾക്ക് വിരോധം തോന്നാം. അതിൽ തരിപ്പണമായത് ചെങ്ങന്നൂരിന്റെ അഭിമാനവും ഞങ്ങളുടെ എല്ലാം ചങ്കുമായ സജി സഖാവാണെന്ന ഓർമ വേണം നിങ്ങൾക്ക്.
രാധാകൃഷ്ണന് കിട്ടിയ അംഗീകാരത്തിന്റെ ശോഭ കെടുത്താൻ സജി ചെറിയാന്റെ പ്രസംഗം അടിവരയിട്ട് ബിജെപി നേതാക്കളെയും കൂട്ടി ജനം ടിവി, മാതൃഭൂമി ചാനൽ തുടങ്ങിയവരുടെ വാതിൽക്കൽ പാതിരാത്രിയിൽ മുട്ടി വിളിച്ച് സുബിനും ഷിനുവും പാർട്ടിയുടെ നെഞ്ചകം പിളർത്തി ചോര കുടിച്ചു.
പുന്നപ്ര വയലാറിലും ജീവൻ വെടിഞ്ഞവർ അവരുടെ പിൻതലമുറ പടുത്തുയർത്തിയതാണ് കമ്യൂണിസ്റ്റ് പാർട്ടി. അതിന്റെ തലപ്പത്ത് വരാൻ ഇത്തരം ചെറ്റത്തരം കാണിച്ച നിന്നെ രണ്ടിനെയും കുലംകുത്തി എന്ന വാക്കിനപ്പുറം വിളിക്കാൻ വാക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു എന്നിങ്ങനെയാണ് ലഘുലേഖയിലെ പ്രസക്ത ഭാഗങ്ങൾ.