തിരുവല്ല: ഭരണഘടനാ പ്രസംഗം വിവാദമായതിനെ തുടർന്ന് മന്ത്രി സജി ചെറിയാൻ രാജി വച്ചത് കോടതി ഇടപെടൽ മൂലമെന്ന് സൂചന. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജി നാളെ പരിഗണിക്കാൻ വേണ്ടി മാറ്റി വച്ചിരുന്നതാണ്.

എന്നാൽ, ഉച്ചയ്ക്ക് ശേഷം പെട്ടെന്ന് മജിസ്ട്രേറ്റ് കേസ് പരിഗണിക്കുകയും 153(6) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മജിസ്ട്രേറ്റ് രേഷ്മ ശശിധരൻ ഉത്തരവിടുകയുമായിരുന്നു. ഹർജിക്കാരൻ പോലും ഈ വിവരം മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്നാണ് പറയുന്നത്. ഭരണഘടനാ വിഷയം സംബന്ധിച്ച ഹർജി ആയതിനാൽ ഉടൻ തന്നെ പരിഗണിക്കണമെന്ന നിർദ്ദേശം വന്നതു കൊണ്ടാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം തന്നെ ഹർജി പരിഗണിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

വിവാദ പ്രസംഗം നടന്ന മല്ലപ്പള്ളി കീഴ്‌വായ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കോടതി ഉത്തരവ് മുദ്ര വച്ച കവറിൽ അവിടേക്ക് കൊടുത്തു വിടുകയായിരുന്നു. എന്നാൽ, ഏറെക്കാലമായി സ്റ്റേഷൻ ഹൗസ് ഓഫീസർ ഇല്ലാതിരിക്കുകയാണ് ഇവിടെ. കഴിഞ്ഞ ദിവസമാണ് ഇവിടേക്ക് പുതിയ ഇൻസ്പെക്ടറെ നിയമിച്ച് സർക്കാർ ഉത്തരവിട്ടത്. പമ്പ എസ്എച്ച്ഓ ആയിരുന്ന വിപിൻ ഗോപിനാഥിനെയാണ് കീഴ്‌വായ്പൂരിലേക്ക് മാറ്റിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ ജോയിനിങ് ടൈം ഉള്ളതിനാൽ വിപിൻ ഇതുവരെ ചുമതലയേറ്റില്ല.

കോടതി ഉത്തരവുമായി പോയ പൊലീസുകാർ ഉടൻ തന്നെ എസ്‌പി ഓഫീസുമായി ബന്ധപ്പെട്ടു. ഉത്തരവ് തിരുവല്ല ഡിവൈഎസ്‌പിക്ക് കൈമാറാനായിരുന്നു നിർദ്ദേശം. ഉത്തരവ് ലഭിച്ച തിരുവല്ല ഡിവൈഎസ്‌പി രാജപ്പൻ റാവുത്തർ ഉടൻ തന്നെ മന്ത്രിയുടെ ഓഫീസിലേക്ക് വിവരം അറിയിച്ചു. ഇവിടെ നിന്ന് സംഗതി രഹസ്യമാക്കി വയ്ക്കാൻ നിർദ്ദേശം വന്നു. തൊട്ടുപിന്നാലെ പത്രസമ്മേളനം വിളിച്ച് മന്ത്രി രാജി വയ്ക്കുകയായിരുന്നു. മന്ത്രിക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുന്ന പക്ഷം പിന്നീട് തുടരാൻ നിയമപ്രകാരം അദ്ദേഹത്തിന് അർഹതയില്ല. കോടതി നിർദേശപ്രകാരം കേസ് എടുത്തതു കൊണ്ട് രാജി വച്ചുവെന്ന പഴിദോഷം കൂടി കിട്ടാതിരിക്കാൻ വേണ്ടിയാണ് കോടതി ഉത്തരവ് സംബന്ധിച്ച വിശദാംശങ്ങൾ രഹസ്യമാക്കി വച്ച ശേഷം രാജി പ്രഖ്യാപിച്ചത്.

എന്നാൽ, മല്ലപ്പള്ളിയിലെ മന്ത്രിയുടെ പ്രസംഗം വിവാദമാക്കിയ സിപിഎമ്മിലെ ഒരു വിഭാഗം തന്നെ മന്ത്രിക്കെതിരേ കേസെടുക്കാനുള്ള ഉത്തരവും പുറത്തു വിട്ടു. ഒരു സർക്കാർ വക്കീൽ തന്നെയാണ് ഈ വിവരം മാധ്യമങ്ങൾക്ക് ചോർത്തിയത്. ചാനലുകളിൽ ഫ്ളാഷ് പ്രത്യക്ഷപ്പെട്ടപ്പോഴും തിരുവല്ല ഡിവൈ.എസ്‌പി തനിക്ക് ഉത്തരവ് ലഭിച്ചില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു.