- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയോളം പ്രായമുള്ളവളെ കെട്ടിയവനെന്ന ആൾക്കാരുടെ അടക്കംപറച്ചിലും കളിയാക്കലും സഹിച്ചില്ല; ഇഷ്ടപ്പെട്ട് വിവാഹത്തിന് സമ്മതിച്ചെങ്കിലും കല്ല്യാണ ശേഷം കാര്യങ്ങളെല്ലാം കൈവിട്ടുപോയെന്ന് അരുൺ; ശാഖാ കൊലപാതക കേസിൽ കുറ്റക്കാരാകുന്നത് മലയാളി സമൂഹവും; കൊലപാതക കുറ്റം സമ്മതിച്ച അരുൺ പൊലീസിനോട് ചോദിച്ചത് തനിക്ക് എത്രകൊല്ലത്തെ ശിക്ഷ കിട്ടുമെന്ന്
തിരുവനന്തപുരം: കാരക്കോണത്ത് ശാഖാകുമാരിയെന്ന 51കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിസ്ഥാനത്ത് അരുൺ എന്ന 28കാരൻ ഭർത്താവാണെങ്കിലും ഈ കൊലപാതകത്തിൽ നമ്മുടെ സമൂഹ മനസാക്ഷിക്കും പങ്കുണ്ടെന്ന ആക്ഷേപം ശക്തമാണ്. വ്യക്തികളുടെ ജീവിതത്തിലേക്ക് അനാവശ്യമായി എത്തിനോക്കുന്ന മലയാളി പ്രവണത ഇവിടെയും വില്ലനായെന്നാണ് അരുണിന്റെ കുറ്റസമ്മതത്തിൽ നിന്നും വ്യക്തമാകുന്നത്. ദ്വീർഘകമായി പ്രണയിച്ചാണ് അരുൺ ശാഖയെ വിവാഹം കഴിച്ചത്. വിവാഹം കഴിക്കും വരെ അവരുടെ പ്രായക്കൂടുതൽ പ്രശ്‌നമായിരുന്നില്ല. എന്നാൽ, സമൂഹം എന്തു ചിന്തിക്കും എന്ന ചിന്ത പിടികൂടിയതാടെ അരുൺ ആളാകെ മാറുകയായിരുന്നു. സമൂഹത്തിലെ കളിയാക്കലുകളും അരുണിനെ കൊലപാതകത്തിന്് പ്രേരിപ്പിച്ചെന്നാണ് പറയുന്നത്.
ശാഖയെ പരിചയപ്പെട്ടത് തമാശയ്ക്കായിരുന്നുവെന്നും, പിന്നീട് ഇഷ്ടപ്പെട്ട് വിവാഹത്തിന് സമ്മതിക്കുകയുമായിരുന്നെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.വിവാഹശേഷം കാര്യങ്ങൾ കൈവിട്ടുപോയെന്ന് അരുൺ പറഞ്ഞു. അമ്മയോളം പ്രായമുള്ളവളെ കെട്ടിയവനെന്ന ആൾക്കാരുടെ അടക്കംപറച്ചിലും, തമാശയ്ക്കാണെങ്കിലും സുഹൃത്തുക്കൾ നടത്തിയ കളിയാക്കലും സഹിച്ചില്ലെന്നും അതാണ് ഭാര്യയെ കൊല്ലാൻ കാരണമെന്നും പ്രതി മൊഴി നൽകി.
അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ പ്രതി കുറ്റം സമ്മതിച്ചിരുന്നു. 'സാറെ എനിക്ക് എത്ര കൊല്ലത്തെ ശിക്ഷയായിരിക്കും കിട്ടുക...15 ആണോ...' എന്നായിരുന്നു ഇയാൾ പൊലീസിനോട് ചോദിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു ശാഖ മരണപ്പെട്ടത്. ഷോക്കടിച്ചതാണ് മരണകാരണമെന്നാണ് അരുൺ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.എന്നാൽ ശാഖയുടെ മൃതദേഹം പരിശോധിച്ച ഡോക്ടർമാർ ഇക്കാര്യത്തിൽ ചില സംശയങ്ങൾ പ്രകടിപ്പിച്ചതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ താൻ തന്നെയാണ് തന്റെ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് അരുൺ സമ്മതിക്കുകയായിരുന്നു.
ശ്വാസം മുട്ടിച്ചു ബോധരഹിത ആക്കിയ ശേഷം ഷോക്കടിപ്പിച്ചാണ് ശാഖയെ അരുൺ കൊലപ്പെടുത്തിയത്. വൈദ്യുതാഘാതമേറ്റാണു ശാഖയുടെ മരണമെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി കിടപ്പുമുറിയിൽ വച്ച് ഇരുവരും തമ്മിലുണ്ടായ വഴക്കാണു കൊലപാതകത്തിലെത്തിയതെന്നു പൊലീസ് അറിയിച്ചു. ശാഖാകുമാരി തനിക്കൊരു കുഞ്ഞിനെ വേണമെന്ന് ആഗ്രഹിച്ചിരുന്നു. ഇക്കാര്യം അരുണിനോട് സംസാരിച്ചപ്പോൾ എതിർപ്പു നേരിടേണ്ടി വന്നു. ശാഖ കൊല്ലപ്പെട്ട ദിവസം കുഞ്ഞിനെ ചൊല്ലിയുള്ള തർക്കമാണ് പ്രശ്നം വഷളാക്കിയത്.
രാത്രി 12.30 നാണ് ഇരുവരും തമ്മിൽ വഴക്കു തുടങ്ങിയത്. വാക്കു തർക്കത്തിനൊടുവിൽ ശാഖയെ അരുൺ മർദ്ദിച്ചു. അരുണിന്റെ ഇടിയേറ്റു കട്ടിലിൽ നിന്നു താഴെ വീണ ശാഖയുടെ മൂക്കു മുറിഞ്ഞു രക്തം ഒഴുകി. ഉടൻ തന്നെ അരുൺ മുഖം അമർത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു. ബോധരഹിതയായ ശാഖയെ വലിച്ചിഴച്ചു ഹാളിലെത്തിച്ചു. മെയിൻ സ്വിച്ചിൽ നിന്നു വീടിനു വെളിയിലൂടെ ഇവിടേക്കു വൈദ്യുതി എത്തിക്കാനുള്ള സജ്ജീകരണം നേരത്തേ ഒരുക്കിയിരുന്നു. ഇലക്ട്രിക് വയർ ശരീരത്തിൽ ഘടിപ്പിച്ചു വൈദ്യുതി കടത്തിവിട്ടാണു കൊലപ്പെടുത്തിയത്. മുഖത്തും കയ്യിലും തലയിലും ഷോക്കേൽപിച്ചു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അരുൺ കിടന്നുറങ്ങിയെന്നും പൊലീസ് അറിയിച്ചു.
ശാഖ ഷോക്കേറ്റു മരിച്ചതായി പിറ്റേന്നു രാവിലെ 6 ന് അയൽവീട്ടിലെത്തി അരുൺ അറിയിക്കുകയായിരുന്നു. അതേസമയം അയൽക്കാർക്ക് അരുണിന്റെ ഭാവം കണ്ടു തോന്നിയ സംശയവും കൂടാതെ ഇവർ തമ്മിലുള്ള വഴക്ക് പതിവായിരുന്നതും കൂടിയായപ്പോൾ പന്തികേടു തോന്നുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് ശാഖാ കുമാരി പലതവണ ഉറ്റ സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. ശാഖയുടെ ഉറ്റസുഹൃത്ത് പ്രീതയും ഇക്കാര്യം ശരിവെക്കുന്നു. ഉത്രയുടെ കൊലപാതകം ഉദാഹരണമാക്കിയാണ് സൂചന നൽകിയത്. പണത്തിനു വേണ്ടിമാത്രമാണ് അരുൺ ശാഖയെ വിവാഹം കഴിക്കാൻ തയ്യാറായതെന്ന് വ്യക്തമായിരുന്നു.
ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അരുൺ കൂടെയുള്ളത് കുറച്ച് ആശ്വാസമാകുന്നുണ്ടെന്നായിരുന്നു ശാഖയുടെ മറുപടി. താൻ സാമ്പത്തികമായി പിന്നിലാണെന്നും കുറേ ബാധ്യതകളുണ്ടെന്നും പറഞ്ഞിരുന്ന അരുൺ 50ലക്ഷംരൂപയും 100പവനും വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ശാഖ വിവാഹത്തിനു മുൻപും പലതവണ അരുണിന് പണം നൽകിയിട്ടുണ്ട്. വാടക വീടെടുക്കാനും വീട്ടുസാധനങ്ങൾ വാങ്ങാനും ശാഖയാണ് പണം നൽകിയത്.
കല്യാണദിവസം അരുൺ വൈകിയാണ് പള്ളിയിലെത്തിയത്. ബന്ധുക്കളാരും ഒപ്പമുണ്ടായിരുന്നില്ല. വിവാഹത്തിന്റെ ചിത്രം എടുക്കുന്നതും അരുൺ എതിർത്തു. വിവാഹ ശേഷം അരുൺ ഏറെ മാറി. വിവാഹം കഴിഞ്ഞശേഷം വഴക്ക് പതിവായിരുന്നു. വിവാഹ ദിനത്തിൽ വൈകിട്ട് നടന്ന സ്വീകരണത്തിലും അരുൺ ഫോട്ടോയെടുക്കാൻ നിന്നില്ല. അരുണിനോടൊപ്പമുള്ള ചിത്രങ്ങൾ ആരെയും കാണിക്കരുതെന്ന് വിലക്കിയിട്ടുണ്ട്. വിവാഹം രജിസ്റ്റർ ചെയ്യാൻ വൈകിയതിലും ഇരുവരും വഴക്കിട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ