ബംഗളുരു: ഐഫോൺ നിർമ്മാണ യൂണിറ്റ് അടിച്ച് തകർത്ത് ജീവനക്കാർ. ആപ്പിൾ ഐഫോണുകളുടെ നിർമ്മാതാക്കളിലൊരാളായ വിസ്ട്രൺ കോർപറേഷന്റെ ബംഗളുരു യൂണിറ്റിലാണ് ജീവനക്കാർ പ്രകോപിതരായത്. ശമ്പളം വൈകിയതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കൃത്യമായി ശമ്പളം ലഭിക്കുന്നില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു. പ്രശ്നപരിഹാരത്തിന് കമ്പനി തയ്യാറാകാത്തതാണ് ജീവനക്കാരെ രോഷാകുലരാക്കിയത്. സംഭവത്തിൽ പ്രതികളായ 80 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശനിയാഴ്ച രാവിലെ 6.30 ന് 8000ത്തോളം വരുന്ന കമ്പനി ജീവനക്കാർ ഷിഫ്റ്റ് മാറുന്ന സമയത്താണ് സംഭവം. ഓഫീസിലെ ഗ്ലാസുകളും മറ്റ് സാമഗ്രികളും ഇവർ നശിപ്പിച്ചു. പരിസരത്തുണ്ടായിരുന്ന രണ്ട് വാഹനങ്ങൾ ജീവനക്കാർ അഗ്‌നിക്കിരയാക്കിയതായാണ് റിപ്പോർട്ട്. ക്യാമറകൾ, രണ്ട് കാറുകൾ, ഗ്ലാസുകൾ എന്നിവയെല്ലാം നശിപ്പിച്ചിട്ടുണ്ട്.

മെച്ചപ്പെട്ട ഭക്ഷണം, ശമ്പള വർധന എന്നിവ ആവശ്യപ്പെട്ട് ജീവനക്കാരുടെ ധർണ നിർമ്മാണ യൂണിറ്റിൽ നടന്നിരുന്നു. ചില ജീവനക്കാരെ 12 മണിക്കൂർ ജോലി ചെയ്യാൻ കമ്പനി പ്രേരിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. എന്നാൽ, ഈ ജീവനക്കാർക്ക് ദിവസേന 200-300 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. 12 മണിക്കൂർ ജോലി ചെയ്തിട്ടും 7-8 മണിക്കൂർ ജോലി ചെയ്തതായാണ് രേഖപ്പെടുത്തുന്നത്. ഉചിതമായ ശമ്പളവും ലഭിക്കുന്നില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു.