- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നില്ല; ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്‌ലിം സമുദായം; സമുദായ നേതാക്കളുടെ പ്രതികരണം മതമൈത്രി തകർക്കുന്നതാവരുത്; നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സർക്കാർ പാലാ ബിഷപ്പിനെ ന്യായീകരിക്കുന്നു; സർക്കാറിനെതിരെ സമസ്ത
കോഴിക്കോട്: പാലാ ബിഷപ്പ് നടത്തിയ നാർക്കോടിക് ജിഹാദ് വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ സമസ്ത. ഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സമസ്ത വ്യക്തമാക്കി. ഖുർ ആൻ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നത്. സമസ്ത പ്രവർത്തിക്കുന്നത് മതസൗഹാർദ്ദത്തിനായി ആണ്. വിവാദ പരാമർശം നടത്തിയ ബിഷപ്പിനെ പ്രോൽസാഹിപ്പിക്കുന്ന തരത്തിലായി സർക്കാർ ഇടപെടൽ. ഇത് തെറ്റാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മന്ത്രി വാസവന്റെ നിലപാട് സർക്കാരിന്റേതാണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും സമസ്ത കേരള ഇംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങൾ വ്യക്തമാക്കി. ബിഷപ്പ് പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്. നാർകോട്ടിക് ജിഹാദ് ഉണ്ടെന്ന് തോന്നുന്നുവെങ്കിൽ അത് സർക്കാരിനോടായിരുന്നു പറയേണ്ടിയിരുന്നത്. ബിഷപ്പിന്റെ അതേ നിലവാരത്തിൽ നമ്മളും പറഞ്ഞാൽ എന്താകും സ്ഥിതി? മതനേതാക്കന്മാർ ഇത്തരത്തിൽ നീങ്ങിയാൽ മതസ്പർധയുണ്ടാകും.
ഇസ്‌ലാമിൽ നാർക്കോട്ടിക് ജിഹാദും ലൗജിഹാദുമില്ല. ഉത്തരവാദപ്പെട്ടവർ ബിഷപ്പിനെ പ്രോത്സാഹിപ്പിക്കുകയാണ്. മന്ത്രിമാരുടെ ഭാഗത്തുനിന്ന് അതുണ്ടാവാൻ പാടില്ല. സർക്കാർ ഇത്തരക്കാരെ പ്രോത്സാഹിക്കുന്നോ എന്ന് സംശയമുണ്ട്. സർക്കാർ ബിഷപ്പിനെ ന്യായീകരിക്കുകയാണ്. സർക്കാർ എല്ലാവരുടേതുമാണ്. മന്ത്രിമാരുടെ പ്രസ്താവന വേദനയുണ്ടാക്കി- ജിഫ്രി തങ്ങൾ പറഞ്ഞു.
ക്രിസ്ത്യാനികളിൽ പലരും മുസ്‌ലിംകളെ വിവാഹം ചെയ്തിട്ടുണ്ട്, തിരിച്ചുമുണ്ട്. ഹിന്ദുക്കളിൽ പലരും മുസ്‌ലിംകളെ വിവാഹം ചെയ്തിട്ടുണ്ട്. തിരിച്ചുമുണ്ട്. ഇതൊക്കെ മതം അംഗീകരിച്ചിട്ടാകില്ല. രാജ്യത്തെ ഭരണഘടന അനുവദിക്കുന്നതു പ്രകാരം ചെയ്യുന്നതാകാം. മുസ്‌ലിംകൾ എന്തെങ്കിലും പറഞ്ഞാൽ അത് തീവ്രവാദമാകുന്ന സ്ഥിതിയുണ്ട്. മുസ്‌ലിംകളിൽ ആരെങ്കിലും ചെയ്യുന്നത് ഒരു സമുദായത്തിന്റെ മേൽ കെട്ടിവയ്ക്കരുത്. മതമേലധ്യക്ഷന്മാർക്ക് ആ മതവിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ളവരാണ്. മതങ്ങൾക്കിടയിൽ സൗഹാർദമുണ്ടാക്കുകയാണ് അവരിൽനിന്ന് നമ്മൾ പ്രതീക്ഷിക്കുന്നത്. മതമൈത്രിയും സ്നേഹവുമുണ്ടാക്കേണ്ടവരാണ് അവർ-അദ്ദേഹം കൂട്ടിച്ചേര്ത്തു.
'ലൗജിഹാദ്' എന്നു പറയുന്ന സംഗതി ഇസ്‌ലാമോ സമസ്തയോ മുസ്‌ലിം സംഘടനകളോ പ്രോത്സാഹിപ്പിക്കുന്നില്ല. എല്ലാവർക്കും മുട്ടാനുള്ള ചെണ്ടയല്ല ഇസ്‌ലാം. മതസൗഹാർദം തകർക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രസ്താവനകൾ സമസ്തയുടെയോ കീഴ്ഘടകങ്ങളുടെയോ പ്രവർത്തകരുടെയോ ഭാഗത്തുനിന്നുണ്ടായ ചരിത്രമില്ല. ഇസ്‌ലാം ഒരിക്കലും തീവ്രവാദത്തെ അനുകൂലിക്കുന്നില്ല. ഇസ്‌ലാമിന്റെ ചരിത്രം പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും. ഇസ്‌ലാമിക രാഷ്ട്രമാക്കൽ ഇസ്‌ലാമിന്റെ ലക്ഷ്യമല്ല. ഏതു രാജ്യത്തായാലും ആ രാജ്യത്തെ നിയമങ്ങൾക്കനുസരിച്ച് ജീവിക്കുകയാണ് മുസ്‌ലിംകൾ വേണ്ടത്- തങ്ങൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ