- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഡ്നി സ്റ്റോൺ ചികിൽസയ്ക്കെത്തിയ ആഡംബരകപ്പലിലെ സേഫ്റ്റി ഓഫീസറുടെ മരണം ഡോക്ടർമാരുടെ വീഴ്ച്ചയിൽ; അനസ്തീഷ്യസ്റ്റിന്റെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതരമായ വീഴ്ച്ച; കിഡ്നി സ്റ്റോൺ ചികിത്സ നടത്തിയ ഡോക്ടറുടെ ഭാഗത്തും പിഴവുകൾ; കിംസ് ആശുപത്രിയുടെ വീഴ്ച്ചകൾ എണ്ണിപ്പറഞ്ഞ് മെഡിക്കൽ ബോർഡ് റിപ്പോർട്ട്; സമീറിന്റെ കുടുംബത്തിന് നീതി കിട്ടുമോ?
തിരുവനന്തപുരം: കിഡ്നി സ്റ്റോൺ ചികിൽസയ്ക്കെത്തിയ ആഡംബരകപ്പലിലെ സേഫ്റ്റി ഓഫീസറുടെ മരണം ഡോക്ടർമാരുടെ വീഴ്ച്ചയിലെന്ന് സൂചനിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. കിംസ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ട സമീറിന്റെ ചികിത്സയിൽ ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടെന്നാണ് അന്വേഷണത്തിന്റെ ഭാഗമായി രൂപീകരിച്ച മെഡിക്കൽ എക്സ്പെർട്ട് കമ്മിറ്റി പൊലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ട്. സമീറിനെ ചികിത്സിച്ച കിംസിലെ ഡോക്ടർമാരുടെ ഭാഗത്തു നിന്നുമുണുണ്ടായ ഗുരുതരമായ അലംഭാവമാണ് മരണത്തിലേക്ക് നയിച്ചതെന്ന സൂചനകൾ വ്യക്തമാക്കുന്നതാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ടും.
കിംസ് ഹോസ്പിറ്റലിലെ ചില ഡോക്ടർമാരുടെ ഗുരുതമായ അശ്രദ്ധ സമീറിന്റെ മരണത്തിനു കാരണമായേക്കാം എന്ന നിഗമനത്തിലാണ് മെഡിക്കൽ ബോർഡ് എത്തിചേർന്നിരിക്കുന്നത്. തിരുവനന്തപുരം ഡിഎംഒ കെ എസ് ഷിനു നേതൃത്വം നൽകിയ എട്ടംഗ വിദഗ്ധ ഡോക്ടർമാരുടെ നിഗമനമാണ് കേസിൽ വഴിത്തിരിവായിരിക്കുന്നത്. കിംസ് ആശുപത്രിയുടെ വീഴ്ച്ചകൾ എണ്ണിപ്പറഞ്ഞുള്ള റിപ്പോർട്ടുകൾ നേരെത്തെ മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചിരുന്നു.
സമീറിനെ ചികിത്സിച്ച യൂറോളജിസ്റ്റ് ഡോ. സുദിന്റെ ഭാഗത്തു നിന്നു പിഴവുകൾ ഉണ്ടായെന്നാണ് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ. കിഡ്നിയിൽ കല്ലുണ്ടെന്നിരിക്കെ തന്നെ കല്ലില്ലെന്ന തെറ്റായ റിപ്പോർട്ടാണ് ഡോക്ടർ 17.02.2020ൽ നൽകിയതെന്നാണ് ഇതിൽ ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യം. ഇത് അംഗീകരിക്കാൻ സാധിക്കുന്നതല്ല. ഇത്തരം കിഡ്നി സ്റ്റോണുകൾ ഉള്ളപ്പോൾ യൂറോളജിസ്റ്റിന്റെ ഭാഗത്തു നിന്നും കൂടുതൽ ശ്രദ്ധ വേണ്ടിയിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അനസ്തേഷ്യ നൽകിയ ഡോക്ടറുടെ ഭാഗത്തും വീഴ്ച്ച ഉണ്ടായെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കുന്നുണ്ട്. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ നൽകിയ വീഡിയോയിൽ ജനറൽ അനസ്തീഷ്യ നൽകിയ ഡോക്ടർ ഓപ്പറേഷൻ തീയറ്ററിൽ നിന്നും നേരത്തെ പോയി എന്ന് വ്യക്തമാണ്. ഒരു ഡിഎൻബി വിദ്യാർത്ഥിയെ ഏൽപ്പിച്ചാണ് ഉത്തരവാദിത്തപ്പെട്ട ഡോക്ടർ സ്ഥലത്തു നിന്നും പോയത്. ഇത് അംഗീകരിക്കാൻ സാധിക്കാത്ത കാര്യമാണെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.
സമീറിന്റെ മരണത്തിൽ കിംസ് അധികൃതരാണ് ഉത്തരവാദികൾ എന്നു ചൂണ്ടിക്കാട്ടി കുടുംബം നടത്തിയ നിയമ പോരാട്ടം ഫലം കാണുമെന്ന സൂചനയാണ് മാർച്ച് 30ന് നൽകിയ മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ സൂചനയുള്ളത്. കിഡ്നി സ്റ്റോൺ റിമൂവ് ചെയ്യാനുള്ള ലേസർ ചികിത്സയ്ക്കിടെയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് ഷീബയുടെ ഭർത്താവ് സമീറിന് ജീവൻ നഷ്ടമാകുന്നത്. 2020 ഫെബ്രുവരി ഇരുപതിനായിരുന്നു സംഭവം. രണ്ടു മാസങ്ങളിൽ ജനുവരിയും ഫെബ്രുവരിയും മൂന്നു ലേസർ സർജറികളാണ് ഡോക്ടർ സുദിൻ സമീറിൽ നടത്തിയത്.
ഫെബ്രുവരി മാസം നടത്തിയ രണ്ടാമത്തെ ലേസർ ട്രീറ്റ്മെന്റിനു ശേഷവും സ്റ്റോൺ സ്റ്റോൺ ആയിത്തന്നെ കണ്ടതോടെയാണ് ക്ഷുഭിതനായ സമീർ ഡോക്ടറുമായി വാഗ്വാദത്തിൽ ഏർപ്പെടുകയുമുണ്ടായി. ഈ വാഗ്വാദത്തിനു ശേഷം ഫെബ്രുവരിയിൽ തന്നെ മൂന്നാമതും സമീർ ഇതേ ട്രീറ്റ്മെന്റിന് വിധേയനായി. പക്ഷെ മൂന്നാമത് ലേസർ ട്രീറ്റ്മെന്റിന് ശേഷം സമീർ ജീവനോടെ കിംസിൽ നിന്നും പുറത്ത് വന്നില്ല. ഇതോടെയാണ് മരണത്തിൽ അസ്വഭാവികതയുണ്ടെന്ന ആരോപണവുമായി ഭാര്യ ഷീബ നിയമ പോരാട്ടത്തിന് വന്നത്.
വിദേശത്ത് ആഡംബരകപ്പലിൽ ജീവനക്കാരനായിരിക്കെയാണ് ലീവിൽ വന്നപ്പോൾ സമീർ കിംസ് ആശുപത്രിയിൽ എത്തി യൂറോളജി വിഭാഗത്തിലെ ഡോക്ടർ സുദിനെ കണ്ടത്. നാൽപ്പത്തി രണ്ടാം വയസിൽ ചെറുപ്രായത്തിലാണ് സമീറിന് ജീവൻ നഷ്ടമാകുന്നത്. സമീർ മരിച്ചപ്പോൾ ഷീബയ്ക്കൊപ്പം ചെറുപ്രായത്തിലുള്ള രണ്ടു കുട്ടികളും അനാഥരാവുകയും ചെയ്തു. കിഡ്നി സ്റ്റോൺ റിമൂവ് ചെയ്യാനുള്ള ചികിത്സയ്ക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ എന്ന് പറഞ്ഞാണ് സിസ്റ്റോസ്കോപ്പി നടത്തിയത്. രണ്ടു സിസ്റ്റോസ്കോപ്പിക്ക് മാത്രം രണ്ടര ലക്ഷത്തോളം രൂപയായി. എന്നിട്ടും സ്റ്റോൺ അതുപോലെ തന്നെ നിന്നതിനാലാണ് വീണ്ടും സിസ്റ്റോസ്കോപ്പിക്ക് സമീർ വിധേയനായത്. വാഗ്വാദത്തിന്നിടെ നടന്ന മൂന്നാം ലേസർ ചികിത്സയ്ക്കിടെ സമീർ മരിക്കുകയും ചെയ്തു.
അന്ന് ഷീബ മറുനാടനോട് പറഞ്ഞത്:
ഡോക്ടർ സുദിനെ കണ്ട ശേഷം ആഹ്ലാദവാനായാണ് സുദിൻ മടങ്ങിയത്. ഡോക്ടറിൽ സുദിന് വിശ്വാസമുണ്ടായിരുന്നു. ഒന്നര ലക്ഷത്തോളം രൂപ ചെലവാകുന്ന ലേസർ സർജറിക്ക് ഒരു മുറിവ് പോലും വരില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. സ്റ്റോൺ പൂർണമായും എടുത്ത് കളയാൻ കഴിയും എന്ന് പറഞ്ഞു. ഇതോടെയാണ് തനിക്ക് അസ്വസ്ഥതയായ സ്റ്റോണിന്റെ കാര്യത്തിൽ ഒരു പരിഹാരമാകുമെന്നു സമീർ കരുതിയത്. പക്ഷെ സ്റ്റോൺ റിമൂവ് ചെയ്യപ്പെട്ടില്ല എന്ന് മാത്രമല്ല എന്റെ ഭർത്താവിന് ജീവൻ കൂടി നഷ്ടമായി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രണ്ടു ലേസർ ചികിത്സയാണ് നടത്തിയത്. രണ്ടാമത് ചികിത്സ നടത്തിയപ്പോൾ തന്ന സർട്ടിഫിക്കറ്റ് രോഗം പൂർണമായി ഭേദമായി എന്ന നിലയിൽ ഉള്ളതും. പക്ഷെ പിന്നീടും മൂത്രത്തിലൂടെ ചെറു തരിയായി കല്ലുകൾ വന്നു. വേദനയും വന്നു. ഇതോടെയാണ് പരിശോധന നടത്തിയത്.
കിഡ്നിയിൽ സ്റ്റോൺ ഉണ്ടെന്നാണ് ലാബ് പരിശോധനയിൽ കണ്ടത്. ഇതോടെ സമീറിനും ദേഷ്യം വന്നു. രണ്ടര ലക്ഷം രൂപ ചെലവായി. സ്റ്റോൺ അതുപോലെ തന്നെ തുടരുന്നു. ഇതും പറഞ്ഞു ഫെബ്രുവരിയിൽ ഡോക്ടറും സമീറും തർക്കിച്ചു. ഒരു ദിവസത്തെ കേസ് ആണെന്ന് പറഞ്ഞാണ് അഡ്മിറ്റ് ചെയ്തത്. ലേസർ ട്രീറ്റ്മെന്റും കഴിഞ്ഞാണ് ഇനി രണ്ടാഴ്ച കഴിഞ്ഞു ഇനിയും വരണമെന്ന് പറയുന്നത്. ഈ കാര്യം ആദ്യം പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ തർക്കം സംസാരത്തിൽ ഉടനീളം തർക്കം തുടർന്നു. ജനുവരി 26 നു ആദ്യം അഡ്മിറ്റ് ആയി. ലേസർ ട്രീറ്റ്മെന്റ് നടത്തി. ഫെബ്രുവരി 11 നു വീണ്ടും സർജറി ചെയ്തു. എല്ലാം ക്ലിയർ ആയി എന്ന് ഡോക്ടർ പറയുകയും ചെയ്തു. വീണ്ടും കല്ല് വന്നത് എന്തുകൊണ്ടാണ് എന്നാണ് സമീർ ചോദിച്ചത്. വലിയ കല്ലായിരുന്നു. അനസ്തേഷ്യ നൽകി കയറിയിറങ്ങിയാണ് കിഡ്നിയിലെ കല്ല് എടുത്ത് മാറ്റുന്നത്. . അനസ്തേഷ്യ നീട്ടിയാൽ നിങ്ങൾ കോമയിൽ ആകും എന്നാണ് ഡോക്ടർ പറഞ്ഞത്. രോഗം ഭേദമായി എന്ന് പറഞ്ഞു സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർ തന്നെയാണ് ഈ കാര്യം പറയുന്നത്.
സ്റ്റോൺ പൂർണമായി എടുത്തു കളയാൻ കഴിഞ്ഞിട്ടില്ല. കുറച്ച് കൂടിയുണ്ട്. എന്നാണു പിന്നീട് ഡോക്ടർ പറഞ്ഞത്. ഇത് ആദ്യം തന്നെ എന്തുകൊണ്ട് പറഞ്ഞില്ലാ എന്നാണ് സമീർ ചോദിച്ചത്. ഡ്യൂട്ടിക്ക് പോകേണ്ടതുണ്ട്. ഇത്രയും പ്രശ്നങ്ങളുണ്ട്. ലീവ് തീർന്നു. വീണ്ടും ജോലിക്ക് കയറണം. ജോലിക്ക് കയറാൻ കഴിഞ്ഞില്ലെങ്കിൽ ജോലി പോകും. ഇതിനു വഴിവെക്കുന്നത് ഡോക്ടറുടെ നടപടികളാണ് എന്നാണ് സമീർ പറഞ്ഞത്. ആദ്യം ചെയ്ത സർജറി, രണ്ടാമത് ചെയ്ത സർജറി എന്നിവയുടെ വീഡിയോ റെക്കോർഡ് വേണമെന്നും സമീർ ആവശ്യപ്പെട്ടിരുന്നു. അതൊക്കെ തരാം എന്നാണ് ഡോക്ടർ പറഞ്ഞത്. ലീവ് നീട്ടാൻ ഇതൊക്കെ വേണ്ടിവരും എന്നും സമീർ പറഞ്ഞു. സ്റ്റോൺ പൂർണമായും ഭേദമാകാൻ ഒരു ലക്ഷത്തി ഇരുപതിനായിരം എന്ന് പറഞ്ഞാണ് ചികിത്സ ആരംഭിച്ചത്. അത് ഇപ്പോൾ രണ്ടര ലക്ഷത്തോളം രൂപയായിട്ടുണ്ട്. ഒരു പൈസ പോലും ഇനി തരില്ല. എന്നു പറഞ്ഞതോടെ ഇന്നു തന്നെ അഡ്മിറ്റ് ആകാനാണ് ഡോക്ടർ പറഞ്ഞത്. എല്ലാം ക്ലിയർ ചെയ്യാമെന്നും ഡോക്ടർ പറഞ്ഞു. രണ്ടു സർജറി ചെയ്ത ഡോക്ടർക്ക് എല്ലാ കാര്യങ്ങളും അറിയാം. വേറെ ആശുപത്രിയിൽ പോയാൽ എല്ലാം ആദ്യം തന്നെ തുടങ്ങേണ്ടി വരും. ഈ ചിന്തയാണ് ഞങ്ങൾക്കുണ്ടായത്. തിയേറ്റർ വാടകമായി 40000 രൂപ നൽകണം എന്നാണ് ഡോക്ടർ ആവശ്യപ്പെട്ടത്. ഇതിനാണ് വീണ്ടും ഫെബ്രുവരി 20 നു ഞങ്ങൾ അഡ്മിറ്റ് ആകുന്നത്. ഇതിന്റെ തലേന്നാളാണ് ഡോക്ടറുമായി തർക്കം ഉണ്ടാകുന്നത്.
പറഞ്ഞത് ലോക്കൽ അനസ്തേഷ്യ; ലോ ബിപിയായിട്ടും നൽകിയത് ജനറൽ അനസ്തേഷ്യ
കിംസ് ആശുപത്രിയിൽ മൂന്നാമത് ലേസർ ട്രീറ്റ്മെന്റിന് അഡ്മിറ്റ് ആയ ശേഷം ഡോക്ടർ സുദിൻ ഡോക്ടർ ഞങ്ങളെ കാണാൻ വന്നില്ല. ഒരു ടെസ്റ്റും സർജറിക്ക് മുൻപ് നടത്തിയില്ല. ആദ്യ ട്രീറ്റ്മെന്റ് നടത്തുമ്പോൾ ഇസിജി അടക്കം എല്ലാ ടെസ്റ്റുകളും പൂർത്തിയാക്കിയിരുന്നു. ഈ ഘട്ടത്തിൽ ഒരു ടെസ്റ്റും നടത്തിയില്ല. അനസ്തേഷ്യ ഡോക്ടർ റൂബിയയാണ് ഞങ്ങളുടെ അടുത്ത് വന്നു സിസ്റ്റോസ്കോപ്പിയാണ് എഴുതിയിരിക്കുന്നത് ലോക്കൽ അനസ്തേഷ്യ മതി എന്നൊക്കെ പറയുന്നത്. രണ്ടാമത് നൽകിയത് ജനറൽ അനസ്തേഷ്യയാണ്. അതിന്റെ ക്ഷീണമുണ്ടെന്നു റുബിയ ഡോക്ടറോട് പറഞ്ഞു. അപ്പോഴാണ് അനസ്തേഷ്യ ഡോക്ടർ പറയുന്നത് നിങ്ങൾക്ക് സിസ്റ്റോ സ്കോപ്പിയാണ്. ലോക്കൽ അനസ്തേഷ്യയുടെ ആവശ്യം മാത്രമേയുള്ളൂ എന്ന് പറയുന്നത്. വേദന അറിയില്ല. പക്ഷെ നടക്കുന്നത് എല്ലാം നിങ്ങൾക്ക് മനസിലാകും എന്നൊക്കെ പറഞ്ഞു. ബിപി ചെക്ക് ചെയ്യാൻ വന്നപ്പോൾ ലോ ബിപിയാണ് എന്ന് കണ്ടു. ഇത് ഞങ്ങൾ അന്വേഷിച്ചു. പക്ഷെ ലോക്കൽ അനസ്തേഷ്യയാണ് പ്രശ്നമില്ലെന്നാണ് പറഞ്ഞത്.
ആറരയ്ക്ക് വീൽ ചെയറുമായി ഒരാൾ വന്നു. ലേസർ ചികിത്സയ്ക്കായി കൊണ്ടുപോയി. ഒരു മണിക്കൂറിനു ശേഷം മാത്രം സർജറി എന്നാണ് പറഞ്ഞത്. വൈകീട്ട് ആറരയ്ക്ക് തിയെറ്ററിലേക്ക് കൊണ്ടുപോയ ആളെ ഒമ്പത് മണിയായിട്ടും കാണുന്നില്ല. അന്വേഷിച്ചപ്പോൾ ഡോക്ടർ വിളിക്കും എന്ന് പറഞ്ഞു. രാത്രി പത്തരയ്ക്ക് ആണ് പിന്നെ വിളിക്കുന്നത്. അനൗൺസ് ചെയ്താണ് സാധാരണ അവിടെ സർജറിക്ക് കൊണ്ടുപോകുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ചെയ്യാറ്. പക്ഷെ എന്റെ ഫോണിൽ നേരിട്ടാണ് ആശുപത്രിയിൽ നിന്നും വിളിച്ചത്. ഡോക്ടറിനു എന്തോ സംസാരിക്കണം. വരണം എന്ന് പറഞ്ഞു. പത്തിരുപത് പേർ സർജറി ഐസിയു വാർഡിനു പുറത്ത് കൂടി നിന്നിരുന്നു. യൂറോളജി ഹെഡും ഡോക്ടർ സുദിനും ഉൾപ്പെടെയുള്ളവർ അവിടെയുണ്ട്. സർജറി കഴിയുമ്പോഴെക്കും കാർഡിയാക് അറസ്റ്റ് വന്നിട്ടുണ്ട്. ആൻജിയോഗ്രാം ചെയ്യണം. സൈൻ ചെയ്യണം എന്നാണ് പറഞ്ഞത്. അതെന്താ കാർഡിയാക് അറസ്റ്റ് വരുന്നത്. ലോക്കൽ അനസ്തേഷ്യ, സിസ്റ്റോസ്കോപ്പിയും. പിന്നെങ്ങിനെ കാർഡിയാക് അറസ്റ്റ് വരും. അപ്പോഴാണ് ജനറൽ അനസ്തേഷ്യ നൽകിയാണ് ചെയ്തത് എന്ന് സുദിൻ പറയുന്നത്.
അനസ്തേഷ്യ ഡോക്ടർ വന്നു ലോക്കൽ അനസ്തേഷ്യ എന്ന് പറഞ്ഞിട്ടുണ്ട്. പിന്നെന്തിനു ജനറൽ അനസ്തേഷ്യ നൽകി എന്ന് ചോദിച്ചപ്പോൾ നിങ്ങളോട് ആരാണ് ഇത് പറഞ്ഞത് എന്നാണ് ഡോക്ടർ ചോദിച്ചത്. അനസ്തേഷ്യ നൽകുന്ന ഡോക്ടർ തന്നെ ഇത് പറഞ്ഞിട്ടുണ്ട്. നിങ്ങൾ അത് മാറ്റുമ്പോൾ എന്നെ അറിയിക്കെണ്ടെ ഞാൻ വെളിയിൽ നിൽക്കുന്നുണ്ടല്ലോ? എന്താണ് പറയാത്തത് എന്ന് ചോദിച്ചപ്പോൾ ഡോക്ടർ മറുപടി പറഞ്ഞില്ല. . ലോ ബിപിയാണ് എന്ന് ഫയലിൽ എഴുതി വെച്ചിട്ടുണ്ട്. ആ ഘട്ടത്തിൽ ജനറൽ അനസ്തേഷ്യ കൂടി നൽകിയാലോ. ജനറൽ അനസ്തേഷ്യ നൽകില്ല എന്നും മുൻപ് പറഞ്ഞിരുന്നു. പിന്നെ എന്തുകൊണ്ട് ജനറൽ അനസ്തേഷ്യ നൽകി. ഇങ്ങനെ പറഞ്ഞപ്പോൾ ലോ ബിപിയായിരുന്നോ എന്നാണ് ഡോക്ടർ എന്നോടു തിരിച്ചു ചോദിച്ചത്. ഫയലിൽ നഴ്സ് എഴുതിയത് ഒന്നും ഡോക്ടർ ശ്രദ്ധിച്ചിട്ടില്ല. ഫയൽ പോലും നോക്കാതെ ഒന്നും പരിശോധിക്കാതെയാണോ സിസ്റ്റോസ്കൊപി ചെയ്തത് എന്ന ചോദ്യത്തിനും ഡോക്ടർക്ക് മറുപടിയുണ്ടായില്ല. ഡോക്ടറെ വിശ്വസിച്ചു. കിംസ് ആശുപത്രിയെ വിശ്വസിച്ചു.
രണ്ടു സിസ്റ്റോസ്കോപ്പി കഴിഞ്ഞതാണ്. രോഗിക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടോ ഇതെല്ലാം ഡോക്ടർ നോക്കേണ്ടതല്ലേ. ഇതൊന്നും ചെയ്യാതെ ഞങ്ങൾ പറയുന്നത് കേൾക്കാൻ പോലും അവസരം നൽകാതെ പെട്ടെന്ന് സിസ്റ്റോസ്കോപ്പി നടത്തി ഡോക്ടർ സുദിൻ എന്റെ ഭർത്താവിന്റെ ജീവനെടുത്തു. സ്റ്റോൺ എടുക്കാനുള്ള ലേസർ ട്രീറ്റ്മെന്റ് നടത്തുമ്പോൾ ഒരു രോഗിക്ക് ജീവൻ നഷ്ടമാകുമോ? ഇതാണ് കിംസ് ആശുപത്രിയിൽ സംഭവിച്ചത്. രാത്രി 11 മണിക്ക് മരിച്ചു എന്നാണ് പറഞ്ഞത്. പത്തരയ്ക്ക് വിളിച്ച് കാർഡിയാക് അറസ്റ്റ് എന്നാണ് പറഞ്ഞത്. കാർഡിയോളജി ഡോക്ടർ എവിടെ എന്ന് ചോദിച്ചപ്പോൾ കാർഡിയോളജി ഡോക്ടർ അവിടെ ഉണ്ടായിരുന്നില്ല. ചോദിച്ചപ്പോൾ ആശുപത്രി ജീവനക്കാർ തമ്മിൽ തമ്മിൽ നോക്കി. ആരുടെ പേര് പറയണമെന്നാണ് അവർ തമ്മിൽ തമ്മിൽ ചോദിച്ചത്. ആരുടെ പേരും പറഞ്ഞില്ല. ഒരു ഡോക്ടറും അവിടെ ഉണ്ടായിരുന്നുമില്ല. പതിനൊന്നിനാണ് മരിച്ചത് എന്നാണു പറഞ്ഞത്. ബന്ധുക്കൾ എത്തിയ ഉടൻ തന്നെ ഞാൻ കയറി ഭർത്താവിനെ കണ്ടു. തൊട്ടപ്പോൾ മരവിച്ച നിലയിലായിരുന്നു.
മരണം മണിക്കൂറുകൾക്ക് മുൻപ് തന്നെ നടന്നിരുന്നു. തൊട്ടപ്പോൾ എനിക്ക് ആ കാര്യം ബോധ്യമായി. അവർ എല്ലാ കാര്യങ്ങളും ഫയലിൽ എഴുതി ക്ലിയർ ചെയ്തിരുന്നു. ഞങ്ങളോട് അത്രയ്ക്ക് അനീതിയാണ് കാണിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. സ്റ്റോൺ അതുപോലെ തന്നെയുണ്ട്. ഒന്നും ചെയ്തിട്ടില്ല എന്ന്. എന്നാൽ ഡോക്ടർ പറഞ്ഞതോ സ്റ്റോൺ എല്ലാം പുറത്തെടുത്ത് അവസാന സമയത്താണ് കാർഡിയാക് അറസ്റ്റ് വന്നത് എന്നാണ് പറഞ്ഞത്. അഞ്ചു സർജറിയുണ്ട് എന്നാണ് പറഞ്ഞത്. ഡോക്ടർ തിരക്കിലാണ് എന്നും പറഞ്ഞു. പക്ഷെ ഡോക്ടർ ഒപിയിലുണ്ട്. അപ്പോൾ ഈ സർജറിയൊക്കെ ഡോക്ടർ ആരെയാണ് ഏൽപ്പിച്ചത്. എന്തായാലും മരണം നടന്ന ശേഷം ആശുപത്രി റെക്കോർഡുകൾ എല്ലാം ഞാൻ ആവശ്യപ്പെട്ടിരുന്നു. അതിന്റെ കോപ്പിയിൽ അവർ ജനറൽ അനസ്തേഷ്യ എന്നാണ് എഴുതിയത്.
കിഡ്നി സ്റ്റോൺ മാറ്റാനുള്ള ലേസർ ചികിത്സയ്ക്കിടെ സമീർ മരിച്ച സംഭവത്തിൽ പ്രതിക്കൂട്ടിലായ കിംസ് ആശുപത്രിയെ രക്ഷിക്കാനുള്ള ശ്രമങ്ങളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്ന്. മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് പൊലീസിന്റെ എഫ്ഐആറിൽ പ്രതിസ്ഥാനത്ത് ആരുടേയും പേര് ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് നിയമ പോരാട്ടങ്ങൾ തുടങ്ങിയപ്പോഴാണ് കിംസിനെതിരെ എഫ്ഐആർ ഇടുന്നതും അന്വേഷണം തുടങ്ങഇയതും. കേസ് കഴക്കൂട്ടത്തെ സൈബർ സിറ്റി ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ