പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ നിർണായകമായ ഫോൺ സംഭാഷണം പുറത്ത്. കൊലപാതകം നടത്തിയ ശേഷം പ്രതികളിലൊരാളായ വിഷ്ണു കുമാർ നടത്തിയ കോൺഫറൻസ് കോളിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. സന്ദീപുമായി മുൻപും പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കഴുത്തിൽ വെട്ടിയത് താനാണെന്നും വിഷ്ണു പറയുന്നതിന്റെ ശബ്ദരരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ഡമ്മി പ്രതികളെ അവതരിപ്പിക്കാനുള്ള നീക്കം നടന്നതായും സംഭാഷണത്തിൽ സൂചനയുണ്ട്.

ഡമ്മി പ്രതികളെ അവതരിപ്പിക്കാനുള്ള നീക്കം നടന്നുവെന്ന സൂചനയിൽ നിന്ന് വ്യക്തമാകുന്നതുകൊലപാതകത്തിന് മുൻപ് കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും നടന്നുവെന്ന് തന്നെയാണ്. അതേസമയം സംഭാഷണത്തിന്റെ ആധികാരികത ഉറപ്പുവരുത്താൻ ശാസ്ത്രീയ പരിശോധന ഉൾപ്പെടെ നടത്തും. സന്ദീപിനെ വെട്ടിയത് ജിഷ്ണുവാണെന്നാണ് പൊലീസ് നൽകിയിരുന്ന സൂചന. ഇതിന് വിരുദ്ധമാണ് ജിഷ്ണുവിന്റെ ഫോൺ സംഭാണം.

കേസിൽ യുവമോർച്ച മുൻ ഭാരവാഹി തിരുവല്ല പെരിങ്ങര ചാത്തങ്കരി കൗസല്യയിൽ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ് (23), തിരുവല്ല കാവുംഭാഗം വേങ്ങൽ നന്ദുഭവനിൽ നന്ദു (24), കണ്ണൂർ ചെറുപുഴ മരുതംപടി കുന്നിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (22), വേങ്ങൽ ആലംതുരുത്തി പാറത്തറ തുണ്ടിയിൽ വിഷ്ണുകുമാർ (അഭി -25) എന്നിവരാണ് വിഷ്ണുവിന് പുറമേ ഇതുവരെ പിടിയിലായത്. കൊലപാതകം, വധഭീഷണി ഉൾപ്പടെയുള്ള എട്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇതിൽ ജിഷ്ണുവിന് ബിജെപി ബന്ധമുണ്ട്. മുമ്പ് സിപിഎമ്മിലായിരുന്ന ജിഷ്ണു പിന്നീട് ബിജെപിയിൽ എത്തി. യുവമോർച്ചാ ഭാരവാഹിയുമായി. എന്നാൽ വിഷ്ണു അടക്കമുള്ളവർ സിപിഎം ആണെന്നാണ് ബിജെപി ആരോപണം. ഇവരുടെ ഫെയ്‌സ് ബുക്ക് പ്രൊഫൈലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടെയാണ് താനാണ് സന്ദീപിനെ കഴുത്തിൽ വെട്ടിയെന്ന് സമ്മതിക്കുന്നത്.

സന്ദീപിന്റെ കഴുത്തിൽ വെട്ടിയത് താനാണെന്ന് വിഷ്ണു കുമാർ സംഭാഷണത്തിൽ പറയുന്നുണ്ട്. കൃത്യം നടത്തിയ ശേഷം അഞ്ചംഗ സംഘം മൂന്നായി തിരിഞ്ഞു. ഒന്നാം പ്രതി ജിഷ്ണു, പ്രമോദ്, നന്ദു എന്നിവർ കരുവാറ്റയിലേക്കാണ് പോയത്. മുഹമ്മദ് ഫൈസൽ മറ്റൊരിടത്തേക്കും അഞ്ചാം പ്രതിയായ വിഷ്ണു കുമാർ സ്വന്തം വീട്ടിലേക്കുമാണ് പോയത്. ജിഷ്ണുവും സന്ദീപുമായി മുൻപും പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കൈയിൽ കിട്ടിയപ്പോൾ അങ്ങ് ചെയ്തുവെന്നും വിഷ്ണു സംഭാഷണത്തിൽ പറയുന്നുണ്ട്.

സന്ദീപ് മരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും വിഷ്ണുകുമാർ പറയുന്നുണ്ട്. അക്രമിച്ചയാൾ കൊല്ലപ്പെട്ടുവെന്നറിഞ്ഞിട്ടും അതിന്റെ ഒരു ഭയവും പ്രതികൾക്കുണ്ടായിരുന്നില്ല. പ്രതികളായ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവർ പൊലീസിൽ കീഴടങ്ങുമെന്നും എന്നാൽ താൻ കയറേണ്ടതില്ലെന്നാണ് നിർദ്ദേശമെന്നും വിഷ്ണു പറയുന്നു. ഈ നിർദ്ദേശം ആരാണ് നൽകിയതെന്നാണ് ഇനി അറിയേണ്ടത്.

ആക്രമണം നടത്തിയ ശേഷം വീട്ടിലെത്തിയ വിഷ്ണു പെരിങ്ങരിയിലുള്ള സുഹൃത്തിനെയാണ് വിളിച്ചത്. കോൺഫറൻസ് കോളിൽ തിരുവല്ലയിലുള്ള ഒരു സുഹൃത്തിനേയും ഉൾപ്പെടുത്തുകയായിരുന്നു.

പുറത്തു വന്ന ഫോൺ സംഭാഷണത്തിന്റെ പ്രസക്ത ഭാഗം ഇങ്ങനെ

സുഹൃത്ത്: ഹലോ എവിടെയുണ്ട് അണ്ണാ
വിഷ്ണു: ഞാൻ വീട്ടിലുണ്ട്. ഒരു സീനുണ്ടേ
സുഹൃത്ത്: സീൻ ഞാൻ അറിഞ്ഞു
വിഷ്ണു: അത് നമ്മളാണ് ചെയ്തത്.ആരോടും പറയണ്ട കേട്ടോ
സുഹൃത്ത്; ആ
വിഷ്ണു: ഞാൻ കയറുന്നില്ല. നാല് പേർ വേറെ കയറാനുണ്ട്, പിള്ളേര്. ജിഷ്ണു ഉൾപ്പടെ അനന്തുവും പ്രമോദും ചിലപ്പോൾ കയറും.
സുഹൃത്ത്: കാര്യം എന്തായിരുന്നെടാ?
വിഷ്ണു: അവനോട് നേരത്തെ ഒരു വിഷയം ഉണ്ടായിരുന്നു. കൈയിൽ കിട്ടിയപ്പോൾ അങ്ങ് ചെയ്തു. ചത്ത് പോകുമെന്ന് ആരെങ്കിലും കരുതിയോ
സുഹൃത്ത്: സീൻ ആയല്ലോവിഷ്ണു: അവൻ ചത്തുപോയി, സീൻ ആയി. ഞാൻ കയറുന്നില്ല. ഇപ്പോൾ വീട്ടിൽ തന്നെയുണ്ട്.

മുകളിലത്തെ ഫോൺ സംഭാഷണം പരിശോധിച്ചാൽ ജിഷ്ണു അടക്കമുള്ളവരെ പിള്ളേരെന്നാണ് വിഷ്ണു വിളിക്കുന്നത്. അതുകൊണ്ട് തന്നെ താനാണ് മുഖ്യ ആസൂത്രകൻ എന്ന തരത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് വിഷ്ണു എന്ന വിലയിരുത്തലും സജീവമാണ്.