- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിന്റെ സമ്മർദത്തിന് വഴങ്ങി പൊലീസ്; പെരിങ്ങര സന്ദീപ് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; കൊലപാതകം രാഷ്ട്രീയ കാരണങ്ങളാൽ; യുവമോർച്ച നേതാവ് ജിഷ്ണുവിന് ലോക്കൽ സെക്രട്ടറിയായിരുന്ന സന്ദീപിനോട് രാഷ്ട്രീയ വൈരാഗ്യമെന്നും പൊലീസ്
പത്തനംതിട്ട: ആദ്യം ഗുണ്ടാപ്പകയെന്ന് പറഞ്ഞ് പൊലീസ് സിപിഎം സമ്മർദത്തിൽ നിലപാട് മാറ്റിയതോടെ പെരിങ്ങര സന്ദീപ് വധം രാഷ്ട്രീയ കൊലപാതകമായി. തിരുവല്ല സിജെഎം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകം ആണെന്ന് പരാമർശമുള്ളത്. ഒന്നാം പ്രതിയും കേസിലെ മുഖ്യ സൂത്രധാരനും യുവമോർച്ചയുടെ പെരിങ്ങര പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന ജിഷ്ണു രഘുവിന് സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്ന സന്ദീപിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കൊലപാതകം നടന്ന ഡിസംബർ രണ്ടിന് അർദ്ധരാത്രിയിലും മൂന്നാം തീയതി പകലുമായി കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സന്ദീപിനെ എങ്ങനെ കൊല്ലണമെന്ന് ആസൂത്രണം ചെയ്യാൻ രണ്ട് മുതൽ അഞ്ച് വരെയുള്ള പ്രതികളായ പ്രമോദ്, നന്ദു അജി, മൺസൂർ, വിഷ്ണു അജി എന്നിവർക്കായി ജിഷ്ണു മുത്തൂരിലെ ലോഡ്ജിൽ മുറി എടുത്തു നൽകി. ഇവിടെ നിന്നാണ് പ്രതികൾ കൃത്യം നടപ്പിലാക്കാൻ ചാത്തങ്കരിയിലേക്ക് പോയത്.
ഒന്നാം പ്രതിക്ക് മാത്രമാണ് സന്ദീപിനോട് രാഷ്ട്രീയ വൈരാഗ്യമെന്നും മറ്റുള്ളവർ ജിഷ്ണുവിനെ സഹായിക്കാൻ എത്തിയതാണെന്നും 732 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച ഹരിപ്പാട് സ്വദേശി രതീഷ് അടക്കം ആകെ ആറ് പ്രതികളാണ് കേസിലുള്ളത്. പ്രതികളുടെ കുറ്റസമ്മത മൊഴി അടക്കം 75 രേഖകളാണ് കുറ്റപത്രത്തിനൊപ്പമുള്ളത്. ആകെ 79 സാക്ഷികൾ. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി രേഷ്മ ശശിധരന് മുന്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ തിരുവല്ല ഡിവൈഎസ്‌പി രാജപ്പൻ റാവുത്തറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്