- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്കും സ്പീക്കർക്കുമെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തി; ഇഡിക്കെതിരെ സന്ദീപിന്റെ മൊഴി, സഹകരിച്ചാൽ മാപ്പ് സാക്ഷിയാക്കാം, ജാമ്യം ലഭിക്കാൻ സഹായിക്കാം എന്നീ വാഗ്ദാനങ്ങൾ നൽകി; ക്രൈംബാഞ്ചിന് മുന്നിൽ സന്ദീപ് നായർ നൽകിയ മൊഴിയിൽ വെട്ടിലായി ഇഡി; സന്ദീപിനെ ചോദ്യം ചെയ്തത് അഞ്ച് മണിക്കൂർ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിർബന്ധിച്ചെന്ന് പ്രതി സന്ദീപ് നായരുടെ മൊഴി. സർക്കാരിലെ മറ്റു ഉന്നതരുടെ പേരു പറയാനും സമ്മർദമുണ്ടായെന്നും, കസ്റ്റഡിയിലും ജയിലിലും വച്ച് സമ്മർദം ചെലുത്തിയെന്നും സന്ദീപ് മൊഴി നൽകി. ക്രൈംബ്രാഞ്ചിന് മുമ്പാകെയാണ് സന്ദീപ് മൊഴി നൽകിയത്.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രി കെടി ജലീൽ, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാനാണ് ഇഡി നിർബന്ധിച്ചതെന്ന് സന്ദീപ് ക്രൈംബ്രാഞ്ചിന് മൊഴി നൽകി. കസ്റ്റഡിയിലും ജയിലിലും ചോദ്യം ചെയ്തപ്പോഴാണ് ഇഡി ഇക്കാര്യം നിർബന്ധിച്ചതെന്നും സന്ദീപ് ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി.
സഹകരിക്കുകയാണെങ്കിൽ മാപ്പ് സാക്ഷിയാക്കാം, ജാമ്യം ലഭിക്കാൻ സഹായിക്കാം എന്നീ വാഗ്ദാനങ്ങളാണ് ഇഡി സന്ദീപിന് മുമ്പാകെ വച്ചത്. കോടതിയുടെ അനുമതിയോടെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് പൂജപ്പുര ജയിലിലെത്തി അഞ്ചു മണിക്കൂറോളമാണ് സന്ദീപിനെ ചോദ്യം ചെയ്തത്. ഇതിനിടെ ക്രൈംബ്രാഞ്ചിനെതിരെ ഇഡി രംഗത്ത് വന്നു. കോടതിയെ കബളിപ്പിച്ചാണ് സന്ദീപിനെ ചോദ്യം ചെയ്യാനുള്ള അനുമതി ക്രൈംബ്രാഞ്ച് നേടിയെതെന്നുമാണ് ഇഡിയുടെ വാദം. സന്ദീപിനെ ചോദ്യം ചെയ്യുമെന്ന കാര്യം ക്രൈംബ്രാഞ്ച് അറിയിച്ചില്ലെന്നും കാട്ടി ഇഡി കോടതിയെ സമീപിച്ചു.
കോടതിയെ കബളിപ്പിച്ചു കൊണ്ടാണ് ക്രൈം ബ്രാഞ്ച് ഈ കേസിൽ തുടർ നടപടികൾ എടുക്കുന്നതെന്ന് ഇ ഡി. തങ്ങൾക്ക് ഈ വിഷയത്തിൽ പറയാനുള്ളത് കേൾക്കാതെയാണ് ക്രൈം ബ്രാഞ്ച് മുന്നോട്ട് പോകുന്നതെന്നും ഇ ഡി ആരോപിച്ചിരുന്നു. ക്രൈം ബ്രാഞ്ചിന്റേത് സംശയാസ്പദമായ നീക്കങ്ങൾ ആണെന്നും ഇതിൽ തങ്ങൾക്ക് എതിർപ്പുണ്ടെന്നും ഇ ഡി വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്കാൻ ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്ന കേസിലാണ് സന്ദീപ് നായരെ ചോദ്യം ചെയ്തത്. സന്ദീപ് കസ്റ്റഡിയിലുള്ളപ്പോൾ ജില്ലാ സെഷൻസ് ജഡ്ജിക്കയച്ച അയച്ച കത്തിലെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കി അഭിഭാഷകൻ ഉന്നയിച്ച പരാതിയിലാണ് ഈ കേസ്. കഴിഞ്ഞ ദിവസമാണ് കോടതി സന്ദീപിനെ ചോദ്യം ചെയ്യാൻ അനുമതി നൽകിയത്. നേരത്തെ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി നിർബന്ധിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് സന്ദീപ് ജില്ലാ ജഡ്ജിക്ക് കത്ത് നൽകിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ