- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികൾക്കെതിരായ പീഡനത്തിൽ നടപടികൾക്കപ്പുറം സമൂഹത്തിന്റെ കണ്ണു തുറപ്പിക്കാൻ ഇറങ്ങിയപ്പോൾ പിന്തുണയുമായി ഒപ്പം നിന്നത് കരുണയുടെ അമ്മയും; 'നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ' എന്ന പുസ്തകം പൂർണ്ണതയിലെത്തിയത് സുഗതകുമാരിയുടെ ആമുഖത്തിൽ; സൈബർ സ്പെഷ്യലിസ്റ്റ് ഡിഐജി ഗുരുഡിൻ ടീച്ചറെ ഓർക്കുമ്പോൾ
തിരുവനന്തപുരം : കുട്ടികൾക്കെതിരായ പീഡനത്തിൽ നടപടികൾക്കപ്പുറം സമൂഹത്തിന്റെ കണ്ണു തുറപ്പിക്കാൻ പുസ്തക രചനയുമായി സഞ്ജയ് കുമാർ ഗുരുഡിൻ എന്ന ഐപിഎസ് ഓഫീസർ ഇറങ്ങിയപ്പോൾ കൂടെ നിന്നത് മലയാളത്തിന്റെ സ്വന്തം ടീച്ചർ. സൈബർ ലോകത്തെ ചതിവലകളിൽ സമൂഹത്തിന് മുന്നറിയിപ്പ് നൽകാനായിരുന്നു സഞ്ജയ് കുമാർ ഗുരുഡിന്റെ ശ്രമം. ഇതിന് എല്ലാ പിന്തുണയും നൽകിയത് ഇന്നലെ അന്തരിച്ച മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരിയും.
സൈബർ വല കഴുത്തിൽ കുടുങ്ങി മരണം കാത്തിരിക്കുന്ന ഇത്തരം നൂറ് കണക്കിന് കൗമാരകാരുടെ ജീവിതവും, അതിന്റെ പ്രതിവിധിയുമാണ് 'നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ' എന്ന പുസ്തകത്തിലൂടെ സഞ്ജയ് കുമാർ ചോദിച്ചത്. ഈ പുസ്തക രചനയുടെ അവസാനത്തിൽ ഡിജിപിക്ക് പുറമേ ഒരാൾ കൂടി ആമുഖം എഴുതണമെന്ന് സഞ്ജയ് ആഗ്രഹിച്ചു. അങ്ങനെ ആഗ്രഹിക്കുമ്പോൾ തന്നെ മുന്നിലുണ്ടായിരുന്നു ഒരു പേരുമാത്രം. സുഗതകുമാരി എന്ന കരുണയുടെ മുഖം. കേരളാ പൊലീസിലെ ഡിഐജി റാങ്കിലുള്ള ഈ ഉദ്യോഗസ്ഥന് സുഗതകുമാരി ടീച്ചർ കരുണയുടെ അനുഭവമായി ഇതോടെ മാറി.
ആമുഖം എഴുതാൻ സുഗത ടീച്ചറിനെ ഡിഐജി വിളിച്ചു. പൂർണ്ണ സമ്മതം. ഒറ്റ ദിവസം കൊണ്ടു തന്നെ ആമുഖം എഴുതി നൽകി. കൊച്ചുമക്കളെച്ചേർത്തു.. പിടിച്ചു ഞാനമ്മ... എന്ന് തുടങ്ങുന്ന കവിതയുമായി തുടക്കം. പിന്നെ സൈബർ ലോത്തെ നൂതന സ്വർഗ്ഗത്തിലെ ചതിക്കുഴികൾ എണ്ണിയെണ്ണി നിരത്തി. ഇതോടെ ഐപിഎസുകാരന്റെ പുസ്തകത്തിന് പുതിയ തലം വന്നു. കുട്ടികൾ നേരിടുന്ന ഭീഷണികൾക്ക് പരിഹാരമാണ് ഈ പുസ്തകം എന്നും ടീച്ചർ കുറിച്ചു. ടൈപ്പ് ചെയ്ത് അടുത്ത ദിവസം തന്നെ പൊലീസ് ഉദ്യോഗസ്ഥന്റെ കൈയിൽ ആ ആമുഖം എത്തി. എന്നും സ്‌നേഹം മാത്രം നൽകിയ അമ്മയായിരുന്നു സുഗത ടീച്ചറെന്ന് സഞ്ജയ് കുമാർ ഗുരുഡിൻ ഓർത്തെടുക്കുന്നു.
തീർത്തും വേദനാ ജനകമായിരുന്നു ഈ പൊലീസ് ഉദ്യോഗസ്ഥനും സുഗതകുമാരിയുടെ മരണം. തന്റെ പുസ്തകത്തിന് പുതിയ ഭാവം നൽകിയത് ഈ കവയത്രിയുടെ ആമുഖമാണെന്നും ഈ ഉദ്യോഗസ്ഥന് അറിയാം. പുസ്തകം എഴുതുമ്പോൾ തന്നെ അശരണരായ കുട്ടികൾക്ക് വേണ്ടി നിലയുറപ്പിച്ച വ്യക്തിത്വമാകണം ആമുഖം എഴുതേണ്ടതെന്ന് ഉറപ്പിച്ചിരുന്നു. പക്ഷേ പ്രതീക്ഷിച്ചതിൽ അധികം മാതൃവാൽസല്യത്തോടെ സുഗതകുമാരി അത് എഴുതി നൽകി.
എത് വ്യക്തിയേയും വഴിതെറ്റിക്കാൻ പ്രാപ്തിയുള്ള സൈബർ ലോകത്തിന്റെ പിന്നാമ്പുറ കഥകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ആ പുസ്തകം. നിറം പിടിപ്പിച്ച സൈബർ ലോകത്തിന് ചതിയും കാപട്യവും നിറഞ്ഞ മറ്റൊരു മുഖമുണ്ടെന്ന് പുസ്തകം ഓർമ്മപ്പെടുത്തുന്നു. ബ്‌ളൂവെയിൽ അടക്കമുള്ള ഓൺലൈൻ മരണകളികളുടെ കാലത്ത് അതിനിരയാക്കപ്പെടുന്ന കൗമാരക്കാരെകൂടിയാണ് പുസ്തകം അഭിസംബോധന ചെയ്യുന്നത്. പൊലീസിലെ സൈബർ സ്‌പെഷ്യലിസ്റ്റാണ് ഗുരുഡിൻ. ഈ അനുഭവ കരുത്തിൽ നിന്നാണ് പുസ്തക രചനയും സംഭവിച്ചത്.
ആളെ കൊല്ലുന്ന ഓൺലൈൻ ഗെയിം മുതൽ ഓൺലൈൻ മോഷ്ടാക്കൾ വരെയുള്ള നല്ലതും ചീത്തയുമായ കഥാപാത്രങ്ങൾ പുസ്തകത്തിന്റെ ഇതിവൃത്തമാണ്. കണക്കും സാമൂഹ്യശാസ്ത്രവും, ഒക്കെ പോലെ സിലബസിന്റെ ഭാഗമായി മാറെണ്ടതാണ് സൈബർ ലോകവും ,അതിന്റെ നിയമവും എന്നതാണ് ഈ ഐപിഎസ് ഓഫീസറുടെ അഭിപ്രായം. സൈബർ ക്രൈംസ്, സൈബർ സുരക്ഷ, ഡാറ്റ പ്രൊട്ടക്ഷൻ തുടങ്ങിയ വിഷയങ്ങളിൽ സഞ്ജയ് കുമാർ അതീവ ശ്രദ്ധാലുവാണ്. കുട്ടികളുടെ ഓൺലൈൻ സുരക്ഷയെക്കുറിച്ച് ആധികാരികമായി സംസാരിക്കുന്ന മലയാളത്തിലെ ഒരുപക്ഷേ ആദ്യത്തെ പുസ്തകം, അതും ഒരു അന്വേഷണോദ്യോഗസ്ഥന്റെ അനുഭവങ്ങളിലൂടെ പറയുകയായിരുന്നു നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ?'' എന്ന പുസ്തകത്തിലൂടെ/
സൈബർ സുരക്ഷ, ഓൺലൈൻ ബുള്ളിയിങ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളെ കുറിച്ച് ദിവസവും വായിക്കുകയൂം സംസാരിക്കുകയും ചെയ്യുമെങ്കിലും എങ്ങനെ ഇവയെ പ്രതിരോധിക്കണം, ഒരു കുട്ടി സൈബർ അതിക്രമങ്ങൾക്ക് ഇരയായാൽ എന്തുചെയ്യണം എന്ന കാര്യങ്ങളെക്കുറിച്ചൊക്കെ മിക്കവാറും രക്ഷിതാക്കൾ അജ്ഞരാണ്. ആ അജ്ഞത തന്നെയാണ് കുറ്റവാളി ചൂഷണം ചെയ്യുന്നത്. അതിനു പുറമേ, അപകടം സംഭവിച്ചാൽ പുറത്തു പറയാൻ സാധിക്കാത്തവിധം അപകർഷതാ ബോധം, സമൂഹം എങ്ങനെ പ്രതികരിക്കുമെന്ന ഭയം, അങ്ങനെ നിരവധി പ്രശ്‌നങ്ങൾ വേറെയും. ഇവിടെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തി. ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും ഈ പുസ്തകം ലഭ്യമാണ്.
സൈബർ സുരക്ഷയെക്കുറിച്ച് സഞ്ജയ് കുമാർ ധാരാളം ലേഖനങ്ങൾ ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെ പല മാധ്യമങ്ങളിലും എഴുതിയിട്ടുണ്ട്, എഴുത്ത് തുടരുന്നുമുണ്ട്. 9, 10 ക്ലാസ്സുകളിലെ സോഷ്യൽ സയൻസ്, ഐ.ടി തുടങ്ങിയ പാഠപുസ്തകങ്ങളിൽ ഇദ്ദേഹത്തിന്റെ ലേഖനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ