- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ ജഴ്‌സികൾക്കും സമ്മാനത്തിനും രാജസ്ഥാൻ റോയൽസിനും സഞ്ജു സാംസണിനും നന്ദി'; അഭിമാനകരമെന്ന് പൃഥ്വിരാജ്; 'താങ്കളുടെ ക്യാപ്റ്റൻസിക്കു കീഴിൽ രാജസ്ഥാൻ വലിയ നേട്ടങ്ങളിലേക്ക് എത്തട്ടെ'; ആശംസകളുമായി ടോവിനോ; സഞ്ജുവിനു കീഴിൽ രാജസ്ഥാന്റെ ആദ്യ മത്സരം തിങ്കളാഴ്ച
കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14ാം സീസണിന് തുടക്കമായതിനു പിന്നാലെ, രാജസ്ഥാൻ റോയൽസിനും ടീം ക്യാപ്റ്റൻ സഞ്ജു സാംസണിനും ആശംസകളുമായി നടന്മാരായ പൃഥ്വിരാജും ടൊവീനോ തോമസും. സഞ്ജുവിനു കീഴിൽ രാജസ്ഥാൻ ആദ്യ മത്സരത്തിന് തിങ്കളാഴ്ച പഞ്ചാബ് കിങ്‌സിനെ നേരിടാൻ ഒരുങ്ങവെയാണ് ആശംസകളുമായി ചലച്ചിത്ര താരങ്ങൾ രംഗത്തെത്തിയത്.
സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇരുവരും സഞ്ജുവിനും ടീമിനും ആശംസകൾ നേർന്നത്. താരങ്ങൾക്കും ഇവരുടെ മക്കൾക്കുമായി സഞ്ജു രാജസ്ഥാൻ റോയൽസിന്റെ ജഴ്‌സികളും സമ്മാനങ്ങളും അയച്ചുകൊടുത്തിരുന്നു. ഈ സമ്മാനങ്ങൾക്ക് നന്ദിയറിയിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിനൊപ്പമാണ് ആശംസകളുമുള്ളത്.
'ഈ ജഴ്‌സികൾക്കും സമ്മാനത്തിനും രാജസ്ഥാൻ റോയൽസിനും സഞ്ജു സാംസണിനും നന്ദി. നിങ്ങൾക്ക് എന്റെയും അല്ലിയുടെയും അകമഴിഞ്ഞ പിന്തുണയുണ്ടാകും. സഞ്ജു, രാജസ്ഥാൻ റോയൽസിനെ നയിക്കാൻ താങ്കൾക്ക് ലഭിച്ച അവസരം ഞങ്ങൾക്കെല്ലാം അഭിമാനിക്കാൻ വക നൽകുന്നതാണ്. ക്രിക്കറ്റിനേക്കുറിച്ചും ജീവിതത്തേക്കുറിച്ചും കൂടുതൽ സംസാരിക്കാൻ കാത്തിരിക്കുന്നു' പൃഥ്വിരാജ് കുറിച്ചു.
'ഇപ്പോൾ എനിക്കാ റോയൽ ഫീൽ ലഭിക്കുന്നുണ്ട്. സമയം കിട്ടുമ്പോഴെല്ലാം ഞാൻ രാജസ്ഥാൻ റോയൽസിന്റെ കളികൾ ശ്രദ്ധിക്കാറുണ്ട്. എല്ലാ കേരളീയരേയും പോലെ അതിന്റെ പ്രധാന കാരണം പ്രിയപ്പെട്ട സഞ്ജു സാംസണിന്റെ സാന്നിധ്യം തന്നെ. ഈ ജഴ്‌സികൾക്ക് നന്ദി സഞ്ജൂ. താങ്കളുടെ ക്യാപ്റ്റൻസിക്കു കീഴിൽ രാജസ്ഥാൻ റോയൽസ് വലിയ നേട്ടങ്ങളിലേക്ക് എത്തട്ടെ. താങ്കൾ ഞങ്ങളുടെ അഭിമാനമാണ്. സ്‌നേഹവും ആശംസകളും' ടൊവീനോ കുറിച്ചു.
2012ൽ ഐപിഎലിൽ അരങ്ങേറിയ സഞ്ജു, 2013 മുതൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ്. ഇടയ്ക്ക് ഒത്തുകളി വിവാദത്തെ തുടർന്ന് ടീമിന് രണ്ടു വർഷത്തെ വിലക്കു ലഭിച്ചപ്പോൾ മാത്രമാണ് മറ്റൊരു ടീമിനായി കളത്തിലിറങ്ങിയത്. കഴിഞ്ഞ സീസണിൽ ഓസീസ് താരം സ്റ്റീവ് സ്മിത്തിനു കീഴിൽ രാജസ്ഥാൻ ദയനീയ പ്രകടനവുമായി ലീഗ് ഘട്ടത്തിൽ ഏറ്റവും പിന്നിലായിപ്പോയതോടെയാണ് ഈ സീസണിൽ സഞ്ജുവിനെ ക്യാപ്റ്റനാക്കിയത്.
സ്പോർട്സ് ഡെസ്ക്