- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിലക്കുറവിൽ സാധനം വിറ്റപ്പോൾ ആർക്കും കടം കൊടുക്കാത്ത ബുദ്ധി; ഹോൾസൈലുകാരിൽ നിന്ന് എല്ലാ വാങ്ങിയത് ക്രെഡിറ്റിനും; ശ്രീ സായി എന്റർപ്രൈസസ് ഉടമ മുങ്ങിയത് 11.5 കോടി രൂപയുമായി; എറണാകുളത്തെ ഒളിത്താമസം തിരിച്ചറിഞ്ഞ് പൊക്കാൻ പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് മുങ്ങലും; സനു മോഹൻ വമ്പൻ തട്ടിപ്പുകാരനെന്ന് മഹാരാഷ്ട്ര ക്രൈംബ്രാഞ്ച്
കൊച്ചി: പുഴയിൽ ദുരൂഹ സാഹചര്യത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 13 കാരിയുടെ പിതാവ് സനുമോഹൻ വൻ സാമ്പത്തിക തട്ടിപ്പ് നടത്തി കടന്നു കളഞ്ഞയാളാണെന്ന് മഹാരാഷ്ട്ര ക്രൈംബ്രാഞ്ച്. 11.5 കോടി രൂപയാണ് തട്ടിപ്പാണ് നടത്തിയതെന്നും എറണാകുളത്ത് ഒളിവിൽ താമസിക്കുന്ന സ്ഥലത്തെത്തി അറസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയതെന്നും സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കുന്ന മഹാരാഷ്ട്രയിലെ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വിജയ് ചൗരേ മറുനോടനോട് വ്യക്തമാക്കി.
പൂണെയിൽ ശ്രീ സായി എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് സനു മോഹൻ തട്ടിപ്പ് നടത്തിയത്. വിവിധ തരം ലോഹങ്ങളുടെ ഉൽപ്പന്നങ്ങൾ ഹോൾസെയിൽ വിൽപ്പന നടത്തുന്ന സ്ഥാപനമായിരുന്നു ഇത്. മുംബൈയിൽ നിന്നും വിവിധ ഉൽപ്പാദകരിൽ നിന്നും സാധനങ്ങൾ വാങ്ങി പൂണെയിൽ എത്തിച്ച് വിലകുറച്ച് വിൽക്കുന്നതായിരുന്നു രീതി. പൂണെയിൽ മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവിലാണ് സാധനങ്ങൾ വിറ്റിരുന്നത്. അതിനാൽ വലിയ കച്ചവടമായിരുന്നു ഇവിടെ നടന്നിരുന്നത്.
വലിയ വിലക്കുറവിൽ സാധനം വിൽക്കുന്നതിനാൽ ഉടനടി തന്നെ പണം വാങ്ങിയിരുന്നു. ആർക്കും കടം കൊടുക്കുന്ന ഏർപ്പാട് ഇല്ലായിരുന്നു. എന്നാൽ സനു മോഹൻ സാധനം എടുത്തിരുന്നത് മൂന്ന് മാസം വരെ അവധി പറഞ്ഞായിരുന്നു. വിലക്കുറവായതിനാൽ ദിവസവും ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ വിറ്റു പോകുകയും ചെയ്തിരുന്നു. പതിയെ പൂണെയിലെ അറിയപ്പെടുന്ന സ്ഥാപനമായി ശ്രീ സായി എന്റർപ്രൈസസ് മാറി. ഇതോടെ സനുമോഹന് സാധനങ്ങൾ കൊടുത്തിരുന്നവർ കൂടുതൽ ക്രെഡിറ്റിൽ സാധനങ്ങൾ ഇറക്കി കൊടുക്കാൻ തുടങ്ങി.
എന്നാൽ പതിയെ പതിയെ ഇയാൾ സാധനങ്ങൾ ഇറക്കി കൊടുത്തിരുന്നവർക്ക് പണം കൊടുക്കാതിരുന്നു. അങ്ങനെ 11.5 കോടി രൂപയോളം കൈവശം വന്നതോടെ ഇയാൾ കുടുംബ സമേതം പൂണെയിൽ നിന്നും ഒളിവിൽ പോകുകയായിരുന്നു. ഒളിവിൽ പോയതോടു കൂടി പണം കിട്ടാനുള്ളവർ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകി. ലോക്കൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് സംഘം പലതവണ കേരളത്തിലെത്തിയെങ്കിലും സനു മോഹനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ പണം കിട്ടാനുള്ളവർ പൊലീസിനെ വീണ്ടും സമീപിക്കുകയും അന്വേഷണം ഊർജ്ജിതമാക്കാനും ആവശ്യപ്പെട്ടത്.
ക്രൈംബ്രാഞ്ച് സംഘം പൂണെയിലുള്ള സനു മോഹന്റെ സഹോദരനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കേരളത്തിൽ നിന്നും വരുന്ന ഫോൺകോളുകൾ പരിശോധിച്ചു. എറണാകുളത്ത് നിന്നും സ്ഥിരമായി കോൾ വരുന്ന ഒരു നമ്പർ കണ്ടെത്തുകയും ആ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എറണാകുളത്തുണ്ടെന്ന് മനസ്സിലാവുകയുമായിരുന്നു. തുടർന്ന് കഴിഞ്ഞ ആഴ്ച മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് കേരളത്തിലേക്ക് തിരിക്കാൻ തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് സനു മോഹനെ കാണാതാകുന്നതും മകൾ വൈഗയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നതും.
മൂംബൈ പൊലീസ് കേരളത്തിലേക്ക് എത്തും എന്ന് പൂണെയിലെ മലയാളികൾ അറിഞ്ഞിരുന്നു. കൂടാതെ സനു മോഹന്റെ സഹോദരനും ഇക്കാര്യം അറിഞ്ഞിരുന്നതായി വിവരമുണ്ട്. ഇയാൾ പൊലീസ് ഏതു നിമിഷവും എത്തും എന്ന് വിളിച്ചറിയിച്ചതിനാലാവാം സനു മോഹൻ കടന്നു കളഞ്ഞതെന്നാണ് പൊലീസിന്റെ അനുമാനം. പക്ഷേ അപ്പോഴും മകൾ വൈഗയുടെ മരണത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. മംബൈയിൽ നിന്നും പണം കിട്ടാനുള്ളവർ കേരളത്തിലേക്ക് വന്നതായി യാതൊരു സൂചനയും കേരളാ പൊലീസിനും മുംബൈ പൊലീസിനും ലഭിച്ചിട്ടില്ല. അതിനാൽ കുട്ടിയുടെ മരണവും സനുമോഹന്റെ തിരോധാനവും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുകയാണ്.
പൂണെയിലെ മലയാളികൾക്കും ഇയാൾ പണം കൊടുക്കാനുണ്ടെന്നുള്ള വിവരമാണ് മറുനാടന് ലഭിച്ചത്. ഫ്ളാറ്റ് വാങ്ങാനായി ചിലരുടെ പക്കൽ നിന്നും ലക്ഷങ്ങൾ കടം വാങ്ങിയിരുന്നു. ഒരു ബിൽഡർക്ക് 8 ലക്ഷം രൂപയും അഡ്വാൻസ് നൽകി. എന്നാൽ പൂണെയിൽ നിന്നും കടന്നു കളയുന്നതിന് മുൻപ് അഡ്വാൻസ് നൽകിയ തുകയിൽ നിന്നും 5 ലക്ഷം രൂപ തിരികെ വാങ്ങുകയും ചെയ്തു. ഇക്കാര്യങ്ങളൊക്കെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് കണ്ടെത്തിയത്. അന്വേഷണത്തിന്റെ വിശദാംശങ്ങൾ തൃക്കാക്കര പൊലീസിന് കൈമാറിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയ വാർത്ത വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ പകർപ്പുകളും പൊലീസിന് കൈമാറിയിട്ടുണ്ട്.