- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർദാർ ഉദ്ധം ഒരു ക്ലാസിക്ക് ചിത്രം; ഇത് 21വർഷം കാത്തിരുന്ന് ബ്രിട്ടനോട് പകവീട്ടിയ ഉദ്ധം സിങിന്റെ ത്രസിപ്പിക്കുന്ന കഥ; ജാലിയൻ വാലാബാഗിലെ ക്രൂരതകൾ നടുക്കുന്നത്; പാട്ടും ഡാൻസും സംഘട്ടനങ്ങളം ഒന്നുമില്ലാതെ ക്ലീൻ മേക്കിങ്ങ്; വാരിയൻകുന്നൻ' ഉണ്ടാക്കാൻ ശ്രമിക്കുന്നവർ കാണേണ്ട സിനിമ!
ജാലിയൻ വാലാബാഗ് എന്നത് പാഠപുസ്തങ്ങളിൽ ഒരു പാരഗ്രാഫിൽ എഴുതിയ ഒരു ചരിത്രഭാഗമോ, പി.എസ്.സി പരീക്ഷയിൽ വർഷം ചോദിക്കുന്ന ഒരു ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യമോ ആണ്, ഒരു ശരാശരി മലയാളിയെ സംബന്ധിച്ച്. എന്നാൽ പഞ്ചാബിനെ സംബന്ധിച്ച് അത് ഇന്നും നീറുന്ന മുറിവാണ്. 1919 ഏപ്രിൽ 13ന് റൗലത്ത് ആക്റ്റിനെതിരെ പ്രതിഷേധിക്കാൻ ജാലിയൻവാലാബാഗ് മൈതാനത്ത് ഒത്തുകൂടിയ ആൾക്കൂട്ടത്തിനുനേരെ യാതൊരു പ്രകോപനവുമില്ലാതെ ബ്രിട്ടീഷുകാർ നടത്തിയ വെടിവെപ്പിൽ സ്ത്രീകളും കൂട്ടികളുമടക്കം ആയിരത്തോളം പേർ കൊല്ലപ്പെട്ടത് നാം സ്‌കുൾ ക്ലാസുകളിൽ പഠിച്ചതാണ്. ആ സംഭവത്തിൽ രണ്ട് വില്ലന്മാരാണ് മുഖ്യമായും ഉണ്ടായിരുന്നത്. ഒന്ന് വെടിവയ്പിന് നേതൃത്വം വഹിച്ച സൈനിക ഉദ്യോഗസ്ഥൻ ജനറൽ ഡയർ, മറ്റെയാൾ അന്നത്തെ പഞ്ചാബ് ലഫ്റ്റനന്റ് ഗവർണറായിരുന്ന മൈക്കൽ ഡ്വയർ.
അമൃത്സറിന്റെ കൊലപാതകി എന്നറിയപ്പെട്ട ജനറൽ ഡയർ, ജാലിയൻ വാലാ ബാഗ് സംഭവത്തിന്റെ പേരിൽ വിമർശനം നേരിടുകയും ബ്രിട്ടിഷ് സൈന്യത്തിൽ നിന്നു പുറത്താക്കപ്പെടുകയും ചെയ്തു. എന്നാൽ ബ്രിട്ടനിൽ തിരിച്ചെത്തിയ ഇയാൾക്ക് വീരോചിത സ്വീകരണമാണ് ലഭിച്ചത്. അയാൾക്കായി വലിയ ഫണ്ടും ഇംഗ്ലീഷ് ജനത പിരിച്ചുനൽകി. തങ്ങളുടെ ആളുകളെ കൂട്ടക്കുരുതി നടത്തിയ ഒരു മനുഷ്യത്വരഹിതനോട് ബ്രിട്ടൻ കാണിക്കുന്ന ഈ അനുകമ്പ ഇന്ത്യക്കാരിൽ വലിയ അമർഷമുണ്ടാക്കി. എന്നാൽ പിന്നീട് ഗുരുതര രോഗങ്ങൾ ബാധിച്ച് കഷ്ടതയിലായിരുന്ന ജനറൽ ഡയർ 1927ൽ മരിച്ചു.
പഞ്ചാബ് ലഫ്റ്റനന്റ് ഗവർണറായിരുന്ന മൈക്കൽ ഡ്വയറായിരുന്നു ജനറൽ ഡയറിനേക്കാൾ വില്ലൻ. ഐ.സി.എസ് ഉദ്യോഗസ്ഥനായിരുന്ന ഇയാളാണ് വെടിവയ്പിനു നിർദ്ദേശം നൽകിയത്. തന്റെ പ്രവൃത്തിയിൽ ഒരുകാലത്തും ആത്മപരിശോധന നടത്താൻ ഇയാൾ ഒരുക്കമായിരുന്നില്ല. ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യം നേടാനുള്ള സമയമായിട്ടില്ലെന്നായിരുന്നു മൈക്കൽ ഡ്വയറിന്റെ പക്ഷം. ( ഈ രണ്ടു ഡയർമ്മാരെയും പരസ്പരം മാറ്റിയാണ് നമ്മുടെ ചില അദ്ധ്യാപകർ ഇന്നും ക്ലാസ് എടുക്കുന്നത്. ജനറൽ ഡയറിനെയാണ് ഉദ്ധം സിങ്ങ് വെടിവെച്ച് കൊന്നതെന്ന് പലരും പഠിപ്പിക്കുന്നു. പല മാസികളിലും ഇത് തെറ്റായും അച്ചടിച്ച് വന്നിട്ടുണ്ട്)
ജാലിയൻ വാലാബാഗിൽ ശക്തി പ്രയോഗിക്കേണ്ടി വന്നെങ്കിലും ഭാവിയിൽ നടക്കാനിടയുള്ള ഒട്ടേറെ കലാപങ്ങൾ ഇത് അടിച്ചമർത്തിയതു മൂലം ഒഴിഞ്ഞുപോയെന്നും ഡ്വയർ പറഞ്ഞു നടന്നു. പക്ഷേ കൂട്ടക്കൊല നടന്ന് 21വർഷങ്ങൾക്കുശേഷം ലണ്ടനിൽവെച്ച് ഒരു പഞ്ചാബി ചെറുപ്പക്കാരൻ മൈക്കൽ ഡ്വയറിനെ വെടിവെച്ചു കൊന്നു. അതായിരുന്നു സാക്ഷാൽ ഉദ്ധം സിങ്്. ഭഗത്സിങിനെപ്പോലെ ഓരോ ഇന്ത്യാക്കാരണും രോമാഞ്ചം കോള്ളേണ്ട നിർഭയനായ ഈ പോരാളി. ആ ഉദ്ധം സിങിന്റെ കഥ ഇപ്പോൾ ചലച്ചിത്രമായിരിക്കയാണ്. വിക്കി കൗശൽ എന്ന യുവനടനെ നായകനാക്കി, ഹിന്ദിസിനിമയിലെ പ്രതിഭാശാലിയായ ന്യൂജൻ സംവിധായകൻ ഷൂജിത്ത് സർക്കാർ എടുത്ത 'സർദാർ ഉദ്ധം' ആമസോൺ പ്രൈമിൽനിന്ന് ഒന്ന് കണ്ടുനോക്കുക. ഇവിടെ ചരിത്രം നിങ്ങളെ തേടിയെത്തുകയല്ല നിങ്ങൾ ചരിത്രത്തിൽ പെട്ടുപോവുകയാണ്.
നാടകീയതകൾ ഒട്ടുമില്ലാത്ത മേക്കിങ്ങ്
ബോളിവുഡ്ഡിന്റെ സ്ഥിരം ചേരുവുകൾ ചേർത്താൽ നിഷ്പ്രയാസം വമ്പൻ ഹിറ്റുണ്ടാക്കാൻ കഴിയുന്ന ഒരു ത്രില്ലർ കഥയായിരുന്നു ഉദ്ധം സിങിന്റെ ജീവിതം. ഒന്നും രണ്ടും വർഷമല്ല 21വർഷമാണ് ആ ചെറുപ്പക്കാരൻ തന്റെ പ്രതികാരത്തിനായി കാത്തിരുന്നത്. പഞ്ചാബിലെ സാംഗ്രൂരിൽ ഒരു ദരിദ്ര പഞ്ചാബി കുടുംബത്തിൽ 1899 ഡിസംബർ 26നാണ് ഉദ്ധം സിങ് ജനിച്ചത്. ആദ്യകാലത്ത് ബ്രിട്ടിഷ് സൈന്യത്തിൽ ഒരു സഹായിയായി ജോലി ചെയ്ത ഉദ്ധമിന്റെ ജീവിതം പല രാജ്യങ്ങളിലായിട്ടായിരുന്നു. എന്നാൽ 1919ൽ ജാലിയൻ സംഭവത്തിൽ പ്രതിഷേധിച്ച് അദ്ദേഹം വിപ്ലവകാരികളുടെ പാർട്ടിയായ ഗദർ പാർട്ടിയിൽ ചേർന്നു.
1924ൽ ഉദ്ധം യുഎസിലെത്തി. അന്ന് അമേരിക്കയിലെ ഗദർ പ്രക്ഷോഭത്തിന്റെ ഈറ്റില്ലമായ സാൻ ഫ്രാൻസിസ്‌കോയിൽ നിലയുറപ്പിച്ച ഉദ്ധം അമേരിക്കയിലുടനീളം, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പ്രക്ഷോഭങ്ങൾ ആസൂത്രണം ചെയ്യാനായി ഓടി നടന്നു. പിന്നീട് ഇറ്റലി, ജർമനി, പോളണ്ട്, ഇറാൻ, ഹോങ്കോങ്, ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയിടങ്ങളും സന്ദർശിക്കുകയും അവിടെയുള്ള ഗദ്ദർ വിപ്ലവകാരികളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. നീണ്ട പ്രവാസത്തിനു ശേഷം ഇന്ത്യയിലെത്തിയ ഉദ്ധം സിങ്ങിനെ 1927 ഓഗസ്റ്റ് 30ന് അമൃത്സറിൽ വച്ച് ബ്രിട്ടിഷ് പട്ടാളം അറസ്റ്റ് ചെയ്തു. പിന്നീട് നാലുവർഷം നീണ്ട ജയിൽ ശിക്ഷ.അതിനു ശേഷം ഉദ്ധം സിങ് വീണ്ടും പ്രവാസജീവിതം തുടങ്ങി. അപ്പോഴും ജാലിയൻ വാലാബാഗ് ഒരു കനലായി അദ്ദേഹത്തിന്റെ മനസ്സിൽ അവശേഷിച്ചു.തുടർന്ന് 1940ൽ വീണ്ടും കള്ള പാസ്പോർട്ടിൽ ഇംഗ്ലണ്ടിൽ എത്തിയാണ്, ലണ്ടനിലെ കാക്‌സ്ടൺ ഹാളിൽ ഒരു ഉന്നതതല ബ്രിട്ടിഷ് യോഗം നടക്കുന്നതിൽ പ്രസംഗിക്കുയായിരുന്ന മൈക്കൽ ഡ്വയറിനെ വെടിവെച്ച് കൊന്നത്.
ഒന്നാന്തരം ഒരു സിനിമാറ്റിക്ക് ആയ ത്രില്ലർ. ബിഗ് ബജറ്റിൽ ദേശീയത കത്തിച്ച് കോടികൾ വാരാൻ കഴിയുന്ന പടം. പക്ഷേ അവിടെയാണ് സംവിധായകൻ ഷൂജിത്ത് സർക്കാർ വ്യത്യസ്തനാവുന്നത്. ഒരു ത്രില്ലർ സ്വാഭവമില്ലാതെ നോൺ ലീനിയർ ആയി എന്നാൽ ഒന്നും തന്നെ ബോറടിക്കാത്ത രീതിയിൽ റിയലിസ്റ്റിക്കായാണ് ചിത്രം എടുത്തിരിക്കുന്നത്.
പാട്ടില്ല, ദേശഭക്തി ഡയലോഗുകളില്ല!
ഒറ്റപാട്ടില്ല ഈ ചിത്രത്തിൽ എന്നോർക്കണം. മധൂർഭണ്ഡാർക്കറുടെ ചാന്ദിനി ബാറിനുശേഷം സോങ്ങ്സില്ലാത്ത ഒരു ഹിന്ദി ചിത്രം ഇത് ആദ്യമാണെന്ന് തോനുന്നു. പാട്ടില്ല എന്ന് മാത്രമല്ല, മുട്ടിന് മുട്ടിനുള്ള ഹമ്മിങ്ങുകളും, നാടോടിഗാനങ്ങുടെ ട്രാക്കുമൊന്നും സംവിധായകൻ ഉപയോഗിച്ചിട്ടില്ല. പാശ്ചാത്തല സംഗീതത്തിലെ പക്വതയും ശ്രദ്ധേയാമാണ്. സാധാരണ ഇത്തരം സിനിമകളിലെ ഹീറോയെ കാണിക്കുമ്പോഴൊക്കെ, ആവേശം തുടിപ്പക്കൽ ലക്ഷ്യമിട്ട് തുടങ്ങുന്ന ബി.ജി.എം ഓർക്കുക. വല്ലാത്ത ധൈര്യം ഏന്നേ പറയാനുള്ളൂ. പലപ്പോഴും തീർത്തും കൺട്രോൾഡാണ് ചിത്രത്തിന്റെ ശബ്ദപഥം. കേട്ടു പരിചയമില്ലാത്ത ഈ രീതി ആദ്യപകുതിയിൽ ചിലയിടത്ത് ലാഗടിപ്പിക്കുന്നുണ്ടെങ്കിലും വളരെ പെട്ടെന്ന് സംവിധായകൻ ചിത്രം തിരിച്ചു പിടിക്കുന്നുണ്ട്.
അതുപോലെ സംഭാഷണത്തിലെ മിതത്വവും പക്വതയുമൊക്കെ ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നു. 'നെഞ്ചിൽ ഇടനെഞ്ചിൽ തുടികൊട്ടും ഹിന്ദുസ്ഥാൻ' പോലുള്ള പാട്ടുകൾക്കും ഘോരഘോഷമായ ദേശഭക്തി ഡയലോഗുകൾക്കും ഒരുപാട് സ്‌കോപ്പ് ഉണ്ടായിട്ടും സിനിമ അതിലേക്ക് പോകുന്നില്ല. എന്തിന് ക്ലൈമാക്സിൽ തൂക്കിക്കൊല്ലെപ്പടുമ്പോൾപോലും ഭാരത്മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിയില്ല. അവിടെയും വിഷ്വലുകളിലൂടെയാണ് ചിത്രം നൊമ്പരം ഉണർത്തുന്നത്. എന്നാൽ ഇത്തരം ഡയലോഗുകളിലൂടെയല്ല ദേശസ്നേഹം ഉണ്ടാക്കാട്ടേണ്ടത് എന്ന് സംവിധായകന് നന്നായി അറിയാം. ജാലിയൻവാലാബാഗ് കൂട്ടക്കൊല ഇത്രയും ഹൃദയ സ്പർശിയായി ചിത്രീകരിച്ച ചിത്രം വേറെയില്ല. കൂട്ടക്കൊലയും തുടന്നുള്ള ആശുപത്രി ദൃശ്യങ്ങളും പ്രേക്ഷകന്റെ ഉള്ളുലയ്ക്കും. അപ്പോൾ നമ്മൾ അറിയാതെ നമ്മുടെ ഉള്ളിൽ കയറിപ്പോകുന്നതാണ് ഇന്ത്യ എന്ന വികാരം. അതായത് ആഹ്വാനങ്ങളിലൂടെയും മുദ്രാവാക്യങ്ങളിലൂടെയുമല്ല ഈ ചിത്രം ദേശഭക്തി ഉണർത്തുന്നത്. അല്ലാതെ ആഹ്വാനങ്ങളിലൂടെയല്ല.
വിപ്ലവവും തീവ്രവാദവും തമ്മിലുള്ള വ്യത്യാസം
പൊളിറ്റിക്കൽ കറക്ട്നെസ്സ് കണ്ടുപിടിക്കുന്നതിലെ ആശാന്മാരായ മലയാളികൾ ശരിക്കും ഈ ചിത്രം കണ്ടുപഠിക്കേണ്ടതാണ്. പ്രത്യേകിച്ചും ചരിത്രം വളച്ചൊടിച്ചും, മാപ്പിള കാലാപത്തെ പെയിന്റടിച്ചും വാരിയൻ കുന്നൻ പോലുള്ള സിനിമകൾ എടുക്കാൻ ഒരുങ്ങുന്നവർ ധാരാളമുള്ള ഈ സമയത്ത്. സമൂഹത്തിലേക്ക് സ്പർധ പടർത്താനല്ല ചലച്ചിത്രപോലൊരു വലിയ കാൻവാസ് ഉപയോഗിക്കേണ്ടത്. ( സാന്ദർഭികമായി പറയട്ടെ ഭഗത്സിങിന്റെയും ഉദ്ധംസിങിന്റെയുമൊക്കെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ മതം ഒരു ഘടകമായിരുന്നില്ല. വാരിയൻ കുന്നൻ ചെയ്തതുപോലെ ഇസ്ലാമിലേക്ക് മതം മാറിയവരെ വെറുതെ വിടുകയും, മതം മാറാത്തവരെ കഴുത്തുവെട്ടിക്കൊല്ലുകയും ഇവരാരും ചെയ്തിട്ടല്ല. മാത്രമല്ല ഭഗത്സിങ്് മതം ഉപേക്ഷിച്ച് നിരീശ്വരവാദിയായിരുന്നു അവസാനകാലത്ത്. ഉദ്ധം സിങും ആ വഴിയെ ആയിരുന്നു.)
ഈ ചിത്രത്തിൽ എന്താണ് വിപ്ലവവും തീവ്രവാദവും എന്നത് ഭഗത്്സിങ്് ഉദ്ധം സിങ്് അടക്കമുള്ളവർക്ക് പറഞ്ഞുകൊടുക്കുന്ന രംഗമുണ്ട്. തീവ്രവാദികൾ നടത്തുന്ന മേലുകീഴ്നോക്കാത്ത ആക്രമണങ്ങളല്ല, വിപ്ലവകാരികളുടേത്. അത് ഒരു ലക്ഷ്യത്തിലേക്ക് പ്രതിഷേധം എത്തിക്കയാണ്. ആ ടാർജറ്റിന് മാത്രമേ കുഴപ്പം ഉണ്ടാവാൻ പാടുള്ളൂ. മൈക്കൽ ഡ്വയറിനെ നിരവധി ദിവസങ്ങൾ പിന്തുടരുന്നുണ്ട് ഉദ്ധം സിങ്്. വിജനമായ സ്ഥലത്ത് അതിനുള്ള അവസരം കിട്ടിയിട്ടും അയാൾ കൊല ചെയ്യുന്നില്ല. പിന്നീട് തന്ത്രപൂർവം ഡ്വയറിന്റെ വീട്ടുജോലിക്കാരനായും അയാൾ കയറിപ്പറ്റുന്നു. അപ്പോഴും കിട്ടുന്ന സുവർണ്ണാവസരങ്ങൾ അയാൾ ബോധപൂർവം ഉപയോഗിക്കുന്നില്ല. കാരണം ഡ്വയറിനെ ഉദ്ധം സിങ്് കൊല്ലാൻ ഉദ്ദേശിക്കുന്നത് പരസ്യമായി ആളുകൾ കാൺകെയാണ്. അപ്പോൾ മാത്രമേ അതൊരു വിപ്ലവവും പ്രതിഷേധവും ആകുന്നുള്ളൂ. തന്റെ ലക്ഷ്യം എന്താണെന്ന് ജനം അറിയുകയുള്ളൂ. വീട്ടുജോലിക്കിടെ ഡ്വയറിനെ കൊന്നാൽ അത് ഉടമയും വീട്ടുജോലിക്കാരനുമായുള്ള പ്രശ്നമായി ചിത്രീകരിക്കപ്പെടുമെന്നും ചിത്രത്തിൽ ഉദ്ധം സിങ്് പറയുന്നുണ്ട്.
അതുപോലെ ഭഗത്സിങിനെപോലെ കൃത്യത്തിനുശേഷം രക്ഷപ്പെടാനുള്ള ശ്രമം ഉദ്ധവും നടത്തിയില്ല. നിരപരാധികൾക്കുമേൽ ചാവേറായി പൊട്ടിത്തെറിക്കുന്ന ജിഹാദികൾ അല്ല ഈ വിപ്ലവകാരികൾ. അതുപോലെ തന്നെ ഡ്വയർ തന്റെ പ്രവർത്തികളിൽ യാതൊരു തരത്തിൽ ഖേദിക്കുന്നില്ലെന്നും, അയാൾ അങ്ങനെ ചെയ്തത് ശരിയാണെന്നും, അപരിഷ്‌കൃതരായ ഇന്ത്യക്കാരെ നേർവഴിക്കുക നടത്തുക എന്ന കടമ കൂടി ബ്രിട്ടനുണ്ടെന്ന് വിശ്വസിക്കുന്ന തികഞ്ഞ വംശീയവാദിയാണെന്ന് ആവർത്തിച്ച് ഉറപ്പിച്ചശേഷമാണ് ഉദ്ധം അയാളെ തീർക്കുന്നത്. ( വിറ്റ്സൺ ചർച്ചലിനെപ്പോലുള്ള ബ്രിട്ടീഷ് ഭരണാധികൾ ആത്മാർഥമായി വിശ്വസിച്ചത്, തങ്ങൾ പോയാൽ തമ്മിൽ തല്ലിയും കലഹിച്ചും, ഭക്ഷ്യക്ഷാമം മൂലം പട്ടിണി കിടന്നും ഇന്ത്യ തീരുമെന്നാണ്. അവിടെ നെഹ്റുവിനും ഹരിത വിപ്ലവത്തിനും നാം നന്ദി പറയേണ്ടതുണ്ട്)
ചിത്രത്തിൽ ചോദ്യം ചെയ്യലിനിടയിൽ ഉദ്ധം ബ്രിട്ടീഷ് ഉദ്യോഗസ്ഥനോട് പറയുന്നുണ്ട്. ' എനിക്ക് നിങ്ങളോടോ ബ്രിട്ടീഷ് ജനതയോടൊ യാതൊരു പകയുമില്ല. കാരണം നിങ്ങൾ നിങ്ങളുടെ ഡ്യൂട്ടി ചെയ്യുകയാണ്. എന്നാൽ ജനറൽ ഡ്വയർ അതിൽനിന്ന് മാറി. ഇന്ത്യാക്കാരെ ഒരു പാഠം പഠിപ്പിക്കുന്നതിനുള്ള അവസരമാക്കി''- എത്ര ശക്തമായ വാക്കുകൾ. കോടതി പേര് എന്താണ് എന്ന് ചോദിക്കുമ്പോൾ അയാൾ പറയുന്ന റാം മുഹമ്മദ് സിങ്് ആസാദ്് എന്നാണ്.
വിക്കി കൗശലിന്റെ വൺമാൺഷോ
രാഗോംപാൽ വർമ്മ, അനുരാഗ് കാശ്യപ് സ്‌ക്കൂളിലൂടെ വന്ന ഒരു പറ്റം ചെറുപ്പക്കാരാണ് ഇന്ന് ഹിന്ദി ന്യൂജൻ സിനിമയുടെ പതാകവാഹകർ. അതിൽ മറക്കാൻ കഴിയാത്ത വ്യക്തിയാണ് 'ഗ്യാങ്ങ്്സ് ഓഫ് വസിപ്പൂരിലൂടെ' അനുരാഗ്കാശ്യപ് കണ്ടെത്തിയ വിക്കി കൗശൽ. ഒരർഥത്തിൽ വിക്കിയുടെ വൺമാൻ ഷോയാണ് ഈ ചിത്രം എന്ന് പറയാം. കൗമാരപ്രായം മുതൽ നാൽപ്പതുകൾ വരെയുള്ള മൂന്ന് കാലത്തെയാണ് വിക്കി ഇവിടെ ഹൃദ്യമായി അവതരിപ്പിക്കുന്നത്. വിക്കിക്ക് ഒപ്പം കിടിപിടിക്കുന്ന രീതിയിൽ മൈക്കൽ ഡ്വയർ ആയി അഭിനയിച്ച ബ്രിട്ടീഷ് നടനുമുണ്ട്. പക്ഷേ നടനല്ല സംവിധായകനാണ് ഈ ചിത്രത്തിലെ താരം. അനുരാഗ് കാശപ് സ്‌ക്കുളിൽനിന്ന് വന്ന ഷൂജിത്ത് സർക്കാറിന്റെ മേക്കിങ്ങ് മികവാണ് ചിത്രത്തെ വേറിട്ടതാക്കുന്നത്.
വാൽക്കഷ്ണം: ചിത്രത്തിന്റെ ടെയിൽ എൻഡിലെ എഴുത്തുകളിൽ ഈ സംഭവത്തിൽ ഇതുവരെയും ബ്രിട്ടൻ ഇന്ത്യയോട് മാപ്പു പറഞ്ഞിട്ടില്ല എന്ന് എഴുതിക്കാട്ടുന്നുണ്ട്. ചിത്രം ഉയർത്തിക്കാട്ടുന്ന പൊതുധാരക്ക് വിരുദ്ധമായി തോന്നി ഇത്. ഒരു ചരിത്രകാലഘട്ടത്തിൽ നടന്ന ക്രൂരതകൾക്ക് ഒരു ആധുനിക രാഷ്ട്രം മാപ്പുപറഞ്ഞിട്ട് പ്രത്യേകിച്ച് ഫലം ഉണ്ടാവുമോ. കോളോണിയൽ കാലത്തെ ബ്രിട്ടനല്ല ഇന്നത്തെ ബ്രിട്ടൻ. മാത്രമല്ല ഇന്ന് ബ്രിട്ടനിലെ പൊതുസമൂഹം ജാലിയൻവാലാബാഗിന് ഒപ്പമാണ്. വിവിധ സർവേകളിൽ അത് പ്രകടമാണ്. പണ്ട് ജനറൽ ഡയറിന് സ്വീകരണം കൊടുത്തവർ ആയിരുന്നു ഇവർ. മാത്രമല്ല, ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമായിരുന്നു ജാലിയൻവാലാബാഗിൽ നടന്നതെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ തന്റെ ഇന്ത്യാ സന്ദർശനത്തിനിടെ അഭിപ്രായപ്പെട്ടതം നാം കേട്ടതാണ്.
ചരിത്രം മറക്കാനും പൊറുക്കാനും കൂടിയുള്ളതാണ്. മുറിവുകളിൽ ഉപ്പുതേക്കാൻ വേണ്ടി മാത്രമല്ല.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ