തിരുവനന്തപുരം: കെ റെയിൽ വിഷയവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വിശദീകരിച്ച് ശശി തരൂർ എം പി.ജനാധിപത്യത്തിൽ രാഷ്ട്രീയക്കാർ 'പാവ്‌ലോവിന്റെ നായ്ക്കൾ' ആവരുതെന്ന് ഓർമ്മിച്ച തരൂർ പ്രവർത്തനവും പ്രതിപ്രവർത്തനവും എന്ന നിലയിലേക്ക് ജനാധിപത്യത്തെ തരം താഴ്‌ത്തരുതെന്നും അഭിപ്രായപ്പെട്ടു.സർക്കാറിനെ വിമർശിക്കാം പക്ഷെ അത് അവർക്ക് പറയാനുള്ളത് കൂടി കേട്ടിട്ടാവണമെന്നും തരൂർ വ്യക്തമാക്കി.മാതൃഭൂമിക്കായി എഴുതിയ ലേഖനത്തിലാണ് കെ റെയിൽ വിഷയത്തിലുള്ള തന്റെ നിലപാട് വിശദമായി തന്നെ തരൂർ പറയുന്നത്.

ചർച്ചയും സംവാദവും വിയോജിപ്പുമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളെന്ന് തരൂർ പറഞ്ഞു. ഇതിനുള്ള പരിസരം നിഷേധിക്കപ്പെടുന്നത് ജനാധിപത്യത്തെയും സമൂഹത്തേയും ദുർബലമാക്കും. ആശയപരമായി എതിർഭാഗത്തു നിൽക്കുന്നവർ മുന്നോട്ടുവെയ്ക്കുന്ന എന്തിനെയും യാന്ത്രികമായി എതിർക്കുന്നത് അംഗീകരിക്കാനാവില്ല. ബിജെപി ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. യുപിഎ സർക്കാരാണ് നടപ്പാക്കിയതെന്നതുകൊണ്ട് തങ്ങൾ തന്നെ അനുകൂലിച്ച പല പദ്ധതികളും ബിജെപി അതിശക്തമായി എതിർത്തു. യുഡിഎഫിനും എൽഡിഎഫിനും ഇതു തന്നെയാണ് പലപ്പോഴും സംഭവിക്കുന്നത്. നോബൽ സമ്മാന ജേതാവ് അമർത്യ സെൻ ചൂണ്ടിക്കാട്ടുന്നതുപോലെ ജനാധിപത്യം ഒരു തുടർപ്രക്രിയയാണ്. അവിടെ യുക്തിപരമായ ചിന്തകളും സംവാദവും ഉടലെടുക്കണം. അതിന് പകരം പാർട്ടി അച്ചടക്കം പ്രയോഗിക്കുന്നത് സ്വതന്ത്ര ചിന്തയെയാണ് തടയുക.

കെ-റെയിൽ പദ്ധതിയെ എതിർത്തുകൊണ്ട് യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവെ മന്ത്രിക്കയച്ച കത്തിൽ താൻ ഒപ്പുവെയ്ക്കതിരുന്നതും തിരുവനന്തപുരത്ത് ലുലുമാൾ ഉദ്ഘാടന ചടങ്ങിൽ താൻ നടത്തിയ പരാമർശങ്ങളും അനാവശ്യ വിവാദമാണുളവാക്കിയിരിക്കുന്നതെന്ന് തരൂർ പറയുന്നു. ''കെ റെയിൽ പദ്ധതിയെക്കുറിച്ച് നന്നായി പഠിക്കാതെ അക്കാര്യത്തിൽ ഒരു നിലപാട് എടുക്കാനാവില്ല. അങ്ങിനെയൊരു പഠനം ഇനിയും നടത്തിയിട്ടില്ലെന്നതിനാലാണ് കത്തിൽ ഒപ്പ് വെയ്ക്കാതിരുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന സെമി ഹൈസ്പിഡ് റെയിൽ പദ്ധതിയുടെ പ്രത്യാഘാതങ്ങൾ വിശദമായി മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടുമാത്രമാണ് എംപിമാരുടെ കത്തിൽ ഒപ്പുവെയ്ക്കാതിരുന്നത്.'' കത്തിൽ ഒപ്പുവെയ്ക്കണമെന്ന് മാത്രമാണ് തന്നോട് ആവശ്യപ്പെട്ടതെന്നും കത്തിന്റെ ഉള്ളടക്കം തനിക്ക് ലഭ്യമായിരുന്നില്ലെന്നും തരൂർ സൂചിപ്പിച്ചു.

കത്തിൽ ഒപ്പുവെയ്ക്കാതിരുന്നതിന്റെ അർത്ഥം താൻ കെ-റെയിലിനെ പിന്തുണയ്ക്കുന്നുവെന്നല്ലെന്ന് തരൂർ ചൂണ്ടിക്കാട്ടി. ''എന്റെ സഹപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നതുപോലെ കെ-റെയിൽ സുപ്രധാന ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. എന്താണ് പദ്ധതിയുടെ സാമൂഹ്യ പ്രത്യാഘാതം? നിരവധി പേരെ കുടിയൊഴിപ്പിച്ചുകൊണ്ട് ഇത്തരമൊരു പദ്ധതി നടപ്പാക്കേണ്ടതുണ്ടോ? സ്വതവെ ദുർബലമായ നമ്മുടെ പരിസ്ഥിതിയെ ഈ പദ്ധതി വീണ്ടും തളർത്തുമോ? പരിസ്ഥിതി പ്രത്യാഘാതങ്ങൾ വിലയിരുത്തുന്ന സുവ്യക്തമായ പഠനം സർക്കാർ നടത്തുമോ? സാമ്പത്തികമായി എത്രമാത്രം പ്രായോഗികമാണ് കെ-റെയിൽ? വൻപണച്ചെലവ് വരുന്ന പദ്ധതിയാണ് ഇതെന്നതിനാൽ പദ്ധതിയുടെ സാമ്പത്തികവശങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകൾക്ക് സർക്കാർ മറുപടി പറയുമോ? വളരെ നിർണായകമായ ചോദ്യങ്ങളാണിവ. ഇതിന് പരിഹാരമുണ്ടാക്കാൻ സർക്കാർ പ്രതിനിധികൾ, ജനപ്രതിനിധികൾ, സാങ്കേതിക-ഭരണ വിദഗ്ദർ എന്നിവരുൾപ്പെടുന്ന ഒരു ഫോറത്തിന് രൂപം നൽകണമെന്നും ഈ വിഷയങ്ങൾ സമഗ്രമായി ചർച്ച ചെയ്യണമെന്നും ഞാൻ ആവശ്യപ്പെട്ടിരുന്നു.''

ഇത്തരം സമീപനമാണ് കേരളത്തിലെ ജനങ്ങൾക്ക് ഉപകാരപ്രദമാവുകയെന്നും അല്ലാതെ കണ്ണടച്ച് ഒരു പദ്ധതിയെയും എതിർക്കുന്നത് ജനാധിപത്യത്തിൽ സ്വാഗതാർഹമായ നിലപാടല്ലെന്നും തരൂർ പറയുന്നു. ലുലുമാൾ ഉദ്ഘാടന ചടങ്ങിൽ താൻ നടത്തിയ പരാമർശങ്ങൾ കേരള മുഖ്യമന്ത്രി പിണറായി വിജയനോട് താൻ അതിവ ഉദാരത പുലർത്തുകയാണെന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും തരൂർ പറയുന്നു. കേരളത്തിലെ യുവാക്കൾക്ക് കൂടുതൽ തൊഴിൽ കിട്ടണമെങ്കിൽ നിലവിലെ സാമ്പത്തിക അന്തരീക്ഷം മാറേണ്ടതുണ്ടെന്നാണ് താൻ പറഞ്ഞതെന്ന് തരൂർ ചൂണ്ടിക്കാട്ടുന്നു. യൂസഫലിയോട് കേരള സർക്കാരിനുള്ള സമീപനം ചെറുകിട ഇടത്തരം വ്യവസായ സംരംഭകരോടും ഉണ്ടാവണം. കേരളത്തിലേക്ക് കൂടുതൽ സ്വകാര്യ നിക്ഷേപകർ വരണം. ബിസിനസ് ചെയ്യാൻ പറ്റിയ സ്ഥലമാണ് കേരളം എന്ന സന്ദേശം ലോകത്തിന് കിട്ടണം. ഇത്തരമൊരു സന്ദേശം തന്റെ പ്രസംഗത്തിലൂടെ നൽകിയതിനാണ് താൻ മുഖ്യമന്ത്രിയെ പ്രശംസിച്ചതെന്നും തരൂർ പറയുന്നു.

കെ-റെയിലും ലുലുമാളുമായും ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശങ്ങളുടെ അന്തഃസത്ത ഉൾക്കൊള്ളപ്പെടാതെ പോവുന്നതിൽ വേദനയുണ്ടെന്ന് തരൂർ പറയുന്നു. സ്ഫടികം പോലെ സുതാര്യമായ വാദങ്ങളാണ് മുഖ്യമന്ത്രിയെ പരസ്യമായി പിന്തുണച്ചു എന്ന രീതിയിൽ ചുരുക്കപ്പെടുന്നത്. കറുപ്പും വെളുപ്പും എന്ന രണ്ട് കള്ളികളിൽ മാത്രമാണ് മാധ്യമങ്ങൾ കാര്യങ്ങളെ സമീപിക്കുന്നതെന്ന് തരൂർ കുറ്റപ്പെടുത്തി. നിങ്ങൾ ഞങ്ങളുടെ കൂടെയാണോ അതോ ഞങ്ങൾക്കെതിരെയാണോ എന്ന മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിനെപ്പോലെയാണ് മാധ്യമങ്ങൾ പെരുമാറുന്നത്. മുൻ പ്രധാനമന്ത്രി നെഹ്രു നടത്തിയതായി പറയപ്പെടുന്ന ഒരു പരാമർശം ഈ ഘട്ടത്തിൽ തരൂർ അനുസ്മരിച്ചു. സമാനമായൊരു ചോദ്യം ചോദിച്ച യുഎസ് മുൻ വിദേശ മന്ത്രി ജോൺ ഫോസ്റ്ററിനോട് നെഹ്രു പറഞ്ഞത് ഇതാണ്: ''നിങ്ങളോട് യോജിക്കുമ്പോൾ ഞാൻ നിങ്ങളുടെ കൂടെയാണ്; നിങ്ങളോട് വിയോജിക്കുമ്പോൾ നിങ്ങൾക്കെതിരെയും; ഓരോ വിഷയത്തിനും അനുസരിച്ചാണ് സമീപനം എടുക്കുക.'' നെഹ്രുവിന്റെ ഈ നിലപാട് നമ്മുടെ മാധ്യമ വിശലനങ്ങൾക്ക് ഉൾക്കൊള്ളാനാവുന്നില്ല. ഒന്നുകിൽ മുഖ്യമന്ത്രിയുടെ കൂടെ അല്ലെങ്കിൽ മുഖ്യമന്ത്രിക്കെതിര് എന്നതാണ് അവരുടെ സമീപനം.

ഈ നിലപാടിന് ഒപ്പം നിൽക്കാൻ തന്നെ കിട്ടില്ലെന്ന് തരൂർ വ്യക്തമാക്കുന്നു. നല്ല കാര്യങ്ങൾ അംഗികരിക്കാനും മോശം കാര്യങ്ങൾ എതിർക്കാനും നമുക്കാവണം. വാജ്‌പേയി അടക്കമുള്ള പ്രതിപക്ഷ നേതാക്കളോട് ഇത്തരം സമീപനം സ്വീകരിക്കാൻ പണ്ഡിറ്റ് നെഹ്‌റുവിന് കഴിഞ്ഞിരുന്നു. ഒരു പാർട്ടിയുടെ നയങ്ങളോടും പ്രത്യയശാസ്ത്രങ്ങളോടും നമുക്ക് എതിർപ്പുണ്ടായേക്കാം, പക്ഷേ, ഒന്നിച്ചുപോകേണ്ട കാര്യങ്ങളിൽ ഒന്നിച്ചുപോകാനും കഴിയണം.'' ഇടക്കാലത്ത് ലോകപ്രശസ്തി നേടിയ ഫിഫ്റ്റി ഷെയ്ഡ്‌സ് ഒഫ് ഗ്രെ എന്ന പുസ്തകത്തെക്കുറിച്ചും തരൂർ തന്റെ ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്