- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനൊപ്പം ജീവിക്കാൻ അച്ഛനെ കൊലപ്പെടുത്തി; ശശിധര പണിക്കർ കൊലപാതകത്തിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴ ശിക്ഷയും; ആദ്യ രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; മകൾക്കും കാമുകനും അടക്കം ശിക്ഷ വിധിച്ചത് മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി
ആലപ്പുഴ: അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും ഉൾപ്പടെ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ ചുനക്കര സ്വദേശി ശശിധര പണിക്കരുടെ കൊലപാതകത്തിലാണ് വിധി. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.ആദ്യ 2 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും നൽകി.ഇരട്ട ജീവപര്യന്തം ഒരുമിച്ചനുഭവിച്ചാൽ മതി. കാമുകനൊപ്പം ജീവിക്കാനാണ് മകൾ കൃത്യം ചെയ്തതെന്ന് കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിധി.
ചുനക്കര ലീലാലയം വീട്ടിൽ ശശിധര പണിക്കരാണ് (54) കൊല്ലപ്പെട്ടത്. 2013 ഫെബ്രുവരി 23 നാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി കൃഷ്ണപുരം ഞക്കനാൽ മണപ്പുറത്ത് വീട്ടിൽ റിയാസ് (37), രണ്ടാം പ്രതി റിയാസിന്റെ സുഹൃത്ത് നൂറനാട് പഴഞ്ഞിയൂർകോണം രതീഷ് ഭവനത്തിൽ രതീഷ് (38), മൂന്നാം പ്രതിയും ഒന്നാം പ്രതിയുടെ കാമുകിയും കൊല്ലപ്പെട്ട ശശിധര പണിക്കരുടെ മൂത്തമകളുമായ ശ്രീജമോൾ (36) എന്നിവർ ഇന്ത്യൻ ശിക്ഷാനിയമം 302, 201, 120 (ബി) വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് തെളിഞ്ഞതായി മാവേലിക്കര അഡി. ജില്ലാ ജഡ്ജി സി എസ് മോഹിത് വിധി പ്രസ്താവിച്ചിരുന്നു തുടർന്നാണിപ്പോൾ ശിക്ഷ പ്രഖ്യാപിച്ചത്.
റിയാസും ശ്രീജമോളും ദീർഘകാലമായി പ്രണയത്തിലായിരുന്നു. റിയാസ് തൊഴിൽ തേടി വിദേശത്ത് പോയപ്പോൾ ശ്രീജമോൾ തന്നോടൊപ്പം ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി ശ്രീജിത്തുമായി വിവാഹം കഴിച്ചു. എന്നാൽ തുടർന്നും ശ്രീജമോളും റിയാസും തമ്മിലുള്ള ബന്ധം തുടർന്നു പോന്നു. ഇക്കാരണത്താൽ ശ്രീജിത്ത് ശ്രീജയിൽ നിന്നും വിവാഹ മോചനം നേടി. ശ്രീജമോളും മകളും ശശിധരപ്പണിക്കർക്കൊപ്പം താമസമായി.
റിയാസുമായുള്ള ശ്രീജമോളുടെ ബന്ധത്തെ ശശിധരപണിക്കർ എതിർത്തു. അച്ഛനെ വകവരുത്താതെ തങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ കഴിയില്ലെന്ന് ബോധ്യം വന്ന ശ്രീജമോൾ ശശിധരപണിക്കരെ കൊലപ്പെടുത്താൻ വിദേശത്തുള്ള റിയാസുമായി ഗൂഢാലോചന നടത്തി. ഒപ്പം ജോലി ചെയ്തിരുന്ന രതീഷിന്റെ സഹായം റിയാസ് തേടി. വിദേശത്തു നിന്നും നാട്ടിലെത്തിയ രതീഷും റിയാസും 2013 ഫെബ്രുവരി 19 ന് ശശിധരപ്പണിക്കർക്ക് മദ്യത്തിൽ വിഷം നൽകി കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കി.
ഫെബ്രുവരി 23 ന് രാത്രി 8 ന് റിയാസും രതീഷും ശശിധരപണിക്കരെ പടനിലത്ത് കരിങ്ങാലി പുഞ്ചയുടെ ഓരത്ത് വിജനമായ സ്ഥലത്തെത്തിച്ച് മദ്യത്തിൽ വിഷം കലർത്തി നൽകി. എന്നിട്ടും മരിക്കുന്നില്ലെന്ന് കണ്ടപ്പോൾ റിയാസും രതീഷും കല്ലുകൊണ്ട് ശശിധരപ്പണിക്കരുടെ തലക്കടിച്ചും പിച്ചാത്തി ഉപയോഗിച്ച് കുത്തിയും കൊലപ്പെടുത്തി. മൃതദേഹം സമീപത്തെ കുളത്തിൽ തള്ളി എന്നതാണ് പ്രോസിക്യൂഷൻ കേസ്. ഫെബ്രുവരി 26 ന് മൃതശരീരം സമീപവാസികൾ കുളത്തിൽ കണ്ടെത്തുകയായിരുന്നു.
നൂറനാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശശിധരപണിക്കരുടെ കുടുംബാംഗങ്ങൾ സംശയമില്ലെന്നാണ് അന്ന് മൊഴി നൽകിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കൊലപാതക സൂചന നൽകിയത്. പ്രോസിക്യൂഷന് വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടർ എസ് സോളമൻ ഹാജരായി.
മറുനാടന് മലയാളി ബ്യൂറോ