കരിപ്പൂർ: വലിയവിമാനങ്ങളുടെ സർവീസ് തുടങ്ങുന്നതിലെ അനിശ്ചിതത്വം തുടരവേ, സൗദി എയർലൈൻസ് കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം വിടുന്നു. പിന്മാറ്റം താത്കാലികമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും കരിപ്പൂരിലെ പ്രമുഖ വിമാനക്കമ്പനിയുടെ തീരുമാനം ആയിരങ്ങളെയാണ് ആശങ്കയിലാക്കുന്നത്.

2020-ലെ വിമാന അപകടത്തെത്തുടർന്ന് വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെയാണ് കരിപ്പൂരിൽനിന്നുള്ള സൗദി എയർലൈൻസുകൾ മുടങ്ങിയത്. 'കോഡ് ഇ' ഇനത്തിൽപ്പെട്ട മുന്നൂറിലധികംപേർക്ക് സഞ്ചരിക്കാവുന്ന വലിയ വിമാനങ്ങളാണ് സൗദി എയറിനുള്ളത്. 2020 ഓഗസ്റ്റുമുതൽ ഇത്തരം വിമാനങ്ങൾക്ക് കോഴിക്കോട്ട് സർവീസ് അനുമതിയില്ല.ഇതാണ് പിന്മാറ്റത്തിന് കാരണം.

പിന്മാറ്റത്തിന്റെ ഭാഗമായി വിമാനത്താവളത്തിലെ ഓഫീസുകളും അനുബന്ധസ്ഥലങ്ങളും എയർപോർട്ട് അഥോറിറ്റിക്കു കൈമാറാനുള്ള നടപടികൾ സൗദി എയർലെൻസ് പൂർത്തിയാക്കി.വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സർവീസ് പുനരാരംഭിക്കാൻ സൗദി എയർ സന്നദ്ധമായെങ്കിലും ഡി.ജി.സി.എ. അനുമതി നിഷേധിക്കുകയായിരുന്നു.

സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ എയർപോർട്ട് അഥോറിറ്റിക്ക് വൻതുക വാടകനൽകി ഒരുവർഷമായി ഓഫീസും അനുബന്ധസംവിധാനങ്ങളും സൗദി എയർലൈൻസ് നിലനിർത്തി. എന്നാൽ, അനിശ്ചിതത്വം തുടർക്കഥയായതോടെയാണ് സൗദി എയർലൈൻസും പിന്മാറുന്നത്.

സൗദി എയറിന്റെ തീരുമാനം ഇന്ത്യയിൽനിന്നുള്ള സ്വകാര്യ വിമാനക്കമ്പനികളുടെ ജിദ്ദ സർവീസിനെ ബാധിക്കാനും സാധ്യതയേറി. ഏറ്റവുമധികം മലയാളികൾ ജോലിയെടുക്കുന്ന ജിദ്ദയിലേക്കുള്ള സർവീസുകളെയാകും ഇത് ഏറെ ബാധിക്കുക.എയർ ബബ്ൾ കരാർപ്രകാരം സൗദി ഔദ്യോഗിക വിമാനക്കമ്പനിക്ക് അനുവദിക്കുന്നത്രയും സീറ്റുകളാണ് ഇന്ത്യൻ വിമാനക്കമ്പനികൾക്കും അനുവദിക്കുക. സൗദി എയർലൈൻസ് പിന്മാറുന്നതോടെ ആഴ്ചയിൽ 4000-ത്തിലധികം സീറ്റുകളുടെ കുറവാണ് കരിപ്പൂരിലുണ്ടാകുക.

സാങ്കേതികപ്രശ്‌നങ്ങളാൽ ചെറിയ വിമാനങ്ങൾക്ക് കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്ക് നേരിട്ടു പറക്കാനാവില്ല. നിലവിൽ രണ്ടുലക്ഷം രൂപയ്ക്കുമേൽ മുടക്കിയാണ് മലയാളി പ്രവാസികൾ ജിദ്ദയിലേക്കു മടങ്ങുന്നത്. നേരിട്ട് സർവീസുണ്ടെങ്കിൽ ഇത് ഒരു ലക്ഷമായി കുറയും. സൗദി എയർലൈൻസിന്റെ കോഡ് ഇ വിമാനങ്ങൾക്കുപകരം നാസ് എയർലൈൻസിന്റെ ബജറ്റ് എയർ കരിപ്പൂരിലേക്ക് ഏർപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം. ഇതോടെ കരിപ്പൂരിൽനിന്ന് സൗദിയിലേക്കുള്ള സർവീസുകൾ റിയാദിലേക്കു മാത്രമാകും.

രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിൽ ഇത്രയുംസീറ്റുകൾ പുതുതായി കണ്ടെത്താനും സൗദി എയറിന് സാധിക്കാതെവരും. ഇതോടെ രാജ്യത്തുനിന്ന് സൗദിയിലേക്ക് സർവീസ് നടത്തുന്ന ഇന്ത്യൻ വിമാനക്കമ്പനികളുടെ സീറ്റ് വിഹിതത്തിൽ 50 ശതമാനം വരെ കുറവു വരും. വിസ കാലാവധി തീരുംമുൻപേ സൗദിയിലേക്കു മടങ്ങാനിരിക്കുന്ന ആയിരങ്ങളെ ഇതു ബാധിക്കും. ടിക്കറ്റ് നിരക്ക് ഉയരുന്നതോടൊപ്പം സമയത്ത് മടങ്ങാനാവാത്ത അവസ്ഥയുമാണ് സൗദി പ്രവാസികളെ കാത്തിരിക്കുന്നത്.