- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകളിൽ 75 ശതമാനം സ്വദേശികൾക്ക്; നിർദ്ദേശം ഈ ആഴ്ച്ച ശൂറ കൗൺസിൽ ചർച്ച ചെയ്യും; രാജ്യത്തിന് ഗുണകരമായ പരിഷ്കരണം നടപ്പാക്കുകയാണെന്ന് അധികൃതർ
റിയാദ്: സ്വദേശിവത്ക്കരണ പരിപാടികൾ ഊർജ്ജിതമാക്കി സൗദി അറേബ്യ. ചില്ലറ - മൊത്ത വ്യാപാര മേഖലയിൽ കഴിഞ്ഞ മാസം 70 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കിയതിന് പിന്നാലെ സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകളിൽ 75 ശതമാനം സ്വദേശികൾക്കായി മാറ്റിവെക്കാനാണ് നീക്കം നടക്കുന്നത്. ഇത് സംബന്ധിച്ച നിർദ്ദേശം ശൂറാ കൗൺസിൽ ആ ആഴ്ച്ച ചർച്ച ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. ശൂറ കൗൺസിൽ ചർച്ച ചെയ്ത് വോട്ടിനിട്ട് പാസാക്കുന്നതോടെ രാജ്യത്തെ സ്വകാര്യ മേഖലയിലെ സുപ്രധാന തസ്തികകളിൽ 75 ശതമാനം സ്വദേശികൾ എന്ന നിയമം പ്രാബല്യത്തിൽ വരും.
തിങ്കളാഴ്ചയോ ബുധനാഴ്ചയോ ചേരുന്ന ശുറാ കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്ത് വോട്ടിനിടും. ശൂറയുടെ അംഗീകാരം ലഭിച്ചാൽ സൗദി തൊഴിൽ നിയമത്തിലെ 26ാം അനുഛേദം ഭേദഗതി ചെയ്തുകൊണ്ടാണ് നിയമം നടപ്പാക്കുക. ശൂറയിലെ ഡോ. ഗസ്സി ബിൻ സഖർ, അബ്ദുല്ല അൽഖാലിദി, ഡോ. ഫൈസൽ ആൽഫാദിൽ എന്നീ അംഗങ്ങളാണ് വിഷയം കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കുക. സ്വദേശിവത്ക്കരണം കാര്യക്ഷമമാക്കുന്നതിനും തൊഴിൽ വിപണിയുടെ താൽപര്യത്തിനും സ്വകാര്യ സ്ഥാപനങ്ങളിൽ ഉയർന്ന തസ്തികകളിൽ മതിയായ തോതിൽ സ്വദേശികളെ നിയമിക്കേണ്ടതുണ്ട്. അതെസമയം രാഷ്ട്രത്തിനും തൊഴിൽവിപണിക്കും അനിവാര്യമായ വിദേശ ജോലിക്കാരെ നിലനിർത്തേണ്ടതുണ്ടെന്നതിനാലാണ് സ്വദേശിവത്ക്കരണം 75 ശതമാനത്തിൽ പരിമിതപ്പെടുത്തുന്നത്.
പുതിയ നിയമം വിദേശ നിക്ഷേപത്തിന് ഭീഷണി സൃഷ്ടിക്കില്ലെന്ന് ഡോ. ഗസ്സി ബിൻ സഖർ വിശദീകരിച്ചു. വിദേശ നിക്ഷേപകർക്ക് സൗദി ജനറൽ ഇൻവെസ്റ്റുമെൻറ് അഥോറിറ്റി (സാഗിയ) അനുവദിക്കുന്ന ആനുകൂല്യങ്ങളും പ്രീമിയം ഇഖാമ സംവിധാനവും പുതിയ നിയമത്തിെൻറ പശ്ചാതലത്തിലും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തികമായി മുന്നേറിക്കൊണ്ടിരിക്കുന്ന വിദേശ രാജ്യങ്ങളിൽ ഇത്തരം സംവിധാനങ്ങൾ തുടർന്നെത്തും സൗദി വിപണിയും ഇത്തരം നയങ്ങളെ പിന്തുടരുകയാണ് ചെയ്യുന്നതെന്നും ഡോ. ബിൻ സഖർ പറഞ്ഞു. നേതൃപദവിയിൽ നിലവിലുള്ള അസന്തുലിതത്വം ഒഴിവാക്കി രാജ്യത്തിന് ഗുണകരമായ പരിഷ്കരണം നടപ്പാക്കുക മാത്രമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
ലോകത്ത് വിദേശ ജോലിക്കാരെ അവലംബിക്കുന്നതിലും റിക്രൂട്ട് ചെയ്യുന്നതിലും നാലാം സ്ഥാനത്താണ് സൗദി അറേബ്യ. ബ്രിട്ടൻ, റഷ്യ, ജർമനി എന്നീ രാജ്യങ്ങൾക്ക് ശേഷമാണ് സൗദിയുടെ സ്ഥാനം. 70 ലക്ഷത്തിലധികം വിദേശികൾ സൗദിയിൽ തൊഴിലെടുക്കുന്നുണ്ടെന്നാണ് കണക്ക്. രാജ്യത്തെ 86 ശതമാനം കുടുംബങ്ങളിലും ഹൗസ് ഡ്രൈവർമാരുണ്ട്. 68 ശതമാനം വീടുകളിലും വീട്ടു വേലക്കാരുമുണ്ട്. രാജ്യത്തെ വിദേശ ജോലിക്കാർ വർഷത്തിൽ 26 ശതകോടിയാണ് വേതനമായി പറ്റുന്നത്. ആയിരം റിക്രൂട്ടിങ് ഓഫീസുകളും 35 റിക്രൂട്ടിങ് കമ്പനികളും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് തൊഴിൽ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
സൗദിയിൽ തങ്ങളുടെ നാട്ടുകാർക്ക് ജോലി നൽകുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് സ്വദേശിവൽക്കരണം ശക്തമാക്കിയതിന്റെ ഭാഗമായി 2011 -ൽ ആരംഭിച്ച നിതാഖാത്,(തരം തിരിക്കുക ) ,2017 മുതൽ നടപ്പാക്കിയ വിദേശികൾക്കുള്ള ലെവി, ബിനാമി ബിസിനസ് ഇല്ലാതാക്കൽ, വനിതാവൽക്കരണം തുടങ്ങി വിവിധ കാരണങ്ങളാൽ വർഷങ്ങളായി മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ കൈയടക്കി വെച്ചിരുന്ന തൊഴിൽ മേഖലയിൽ നിന്ന് ലക്ഷകണക്കിന് ആളുകൾക്കാണ് ജോലി നഷ്ടപ്പെട്ട് ഇതിനോടകം സൗദി അറേബ്യ വിടേണ്ടി വന്നത്. ഇപ്പോൾ കോവിഡ് കൂടിയായപ്പോൾ അതു കൂടുതൽ ശക്തമായിരിക്കുകയാണ്.
കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ രാജ്യത്ത് അഞ്ചു ശതമാനം ആയിരുന്ന ടാക്സ് 15 ശതമാനമായി ഉയർത്തിയതും പ്രവാസികൾക്ക് തിരിച്ചടിയായി .ഇവിടെയുള്ള ജീവിത ചെലവും വർധിച്ചതും മിക്ക കമ്പനികളിലും തൊഴിലാളികൾക്ക് നൽകുന്ന ശമ്പളം വെട്ടിക്കുറച്ചും അധിക സമയ (ഓവർ ടൈം )ജോലി നിർത്തലാക്കിയതും വരുമാനം കുറയുന്നതിനും ചെലവ് കൂടുന്നതിലേക്കും പോയതിനാൽ ഇവിടെ നിന്നും അനുദിനം നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണവും കൂടുകയാണ് .
സൗദിയിൽ 26 ലക്ഷം ഇന്ത്യക്കാർ ആണ് ജോലിചെയ്യുന്നതായി ഇന്ത്യൻ അംബാസിഡർ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നത് ഇതിൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് 59000 പേർക്ക് ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങിയതായും ഇന്ത്യൻ സ്ഥാനപതി പറഞ്ഞു . തൊഴിൽ നഷ്ടപ്പെട്ട ആയിരങ്ങൾ കൂടി ഈ ഗണത്തിൽ പെടുമ്പോൾ ഗ്രാഫ് വീണ്ടും താഴേക്കു പോകുമെന്നുറപ്പാണ് .
മറുനാടന് ഡെസ്ക്