ജിദ്ദ: 2026 ലെ ഹജ്ജ് കർമ്മങ്ങൾക്കായുള്ള ഉഭയകക്ഷി കരാറിൽ ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവെച്ചു. സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബിഅയും കേന്ദ്ര പാർലമെന്ററികാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജുവുമാണ് ജിദ്ദയിൽ നടന്ന ചടങ്ങിൽ കരാറിൽ ഒപ്പുവെച്ചത്. കഴിഞ്ഞ വർഷത്തെ അതേ ക്വാട്ടയായ 1,75,025 തീർഥാടകർക്ക് ഇത്തവണയും ഇന്ത്യയിൽ നിന്ന് ഹജ്ജിന് അനുമതി ലഭിക്കും.

കരാർ പ്രകാരം, ഇന്ത്യൻ തീർഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തു. ഗതാഗതം, താമസം, ആരോഗ്യ സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനും തീർഥാടനം സുഗമമാക്കുന്നതിനുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ഹജ്ജ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കിരൺ റിജിജു റിയാദിലെ ഇന്ത്യൻ എംബസിയിലെയും ജിദ്ദ കോൺസുലേറ്റിലെയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

സൗദി അധികൃതരുമായി ചേർന്ന് ഇന്ത്യൻ തീർഥാടകരുടെ ക്ഷേമവും സൗകര്യവും ഉറപ്പാക്കാൻ നടത്തുന്ന ശ്രമങ്ങളെ മന്ത്രി പ്രശംസിച്ചു. ജിദ്ദ വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന്, ഹറമൈൻ റെയിൽവേ സ്റ്റേഷൻ, ത്വാഇഫിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ച് തീർഥാടകർക്കായി ഒരുക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ അദ്ദേഹം നേരിട്ട് വിലയിരുത്തി. ജിദ്ദയിലും ത്വാഇഫിലുമുള്ള ഇന്ത്യൻ സമൂഹവുമായും മന്ത്രി സംവദിച്ചു.