ജിദ്ദ: സൗദി ജനറല്‍ എന്റര്‍ടെയ്‌മെന്റ് അതോറിറ്റി (ജി.ഇ.എ) രാജ്യത്തെ പ്രവാസികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന 'പാസ്പോര്‍ട്ട് ടു ദ വേള്‍ഡ്' മെഗാ ഇവന്റിന്റെ ഭാഗമായി ഇന്ത്യന്‍ ഫെസ്റ്റ് മേയ് 14 മുതല്‍ 17 വരെ നടക്കും.ജിദ്ദ ശറഫിയ്യക്കടുത്ത് അല്‍വുറൂദ് ഡിസ്ട്രിക്ടിലെ വിശാലമായ മൈതാനത്താണ് മെഗാ ഉത്സവം അരങ്ങേറുന്നത്.

ഈ മാസം 14 (ബുധന്‍) മുതല്‍ 17 (ശനി) വരെ നാല് ദിവസങ്ങളിലാണ് ഇന്ത്യന്‍ ഫെസ്റ്റ്.ഹിന്ദി നടിയും മോഡലുമായ കിശ്വര്‍ മെര്‍ച്ചന്ദ്, കന്നഡ നടിയും മോഡലുമായ ആകന്‍ക്ഷ ശര്‍മ, പ്രസിദ്ധ ഹിന്ദി പിന്നണി ഗായകന്‍ കുമാര്‍ സാനുവിന്റെ മകന്‍ ജാന്‍ കുമാര്‍ സാനു, ഗായകനും ഇന്ത്യന്‍ ഐഡൊള്‍ ഫെയിമുമായ മുഹമ്മദ് ഡാനിഷ്, മലയാള നടനും ഡാന്‍സറും റാപ്പറുമായ നീരജ് മാധവ്, ഹിന്ദി ഗാനരചയിതാവും ഗായികയുമായ പ്രിയന്‍ഷി ശ്രീവാസ്തവ, ഹിന്ദി ഗായകരായ ജുബിന്‍ നൗട്ടിയാല്‍, സുകൃതി കാകര്‍, വിഭൂതി ശര്‍മ, പ്രകൃതി, ഡിജെ പെര്‍ഫോര്‍മര്‍ കര്‍മ, മലയാളി ഗായകരായ കൗശിക് വിനോദ്, ഷിയ മജീദ്, ശ്വേത അശോക്, മലയാള, ഹിന്ദി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ സൗദി ഗായകന്‍ അഹമ്മദ് സുല്‍ത്താന്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലായി വേദിയില്‍ പ്രത്യക്ഷപ്പെടും.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വിവിധ മോഡലുകള്‍ ഫെസ്റ്റില്‍ ഒരുക്കുന്നുണ്ട്. ബോളിവുഡ് ഡാന്‍സ്, ഭാന്‍ഗ്ര നൃത്തം, ഒപ്പന, കോല്‍ക്കളി തുടങ്ങിയ കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വര്‍ണശബളമായ ഘോഷയാത്ര നാല് ദിനങ്ങളിലും നടക്കും. പരമ്പരാഗത കലാരൂപങ്ങളുടെ അവതരണത്തോടൊപ്പം നാല് ദിനങ്ങളിലും ഇന്ത്യയില്‍നിന്നെത്തുന്ന അറിയപ്പെടുന്ന ഗായകര്‍ മെഗാ സ്റ്റേജില്‍ സംഗീത പെരുമഴ പെയ്യിക്കും. സിനിമ നടീനടന്മാരും പരിപാടിക്കായി എത്തുന്നുണ്ട്.

ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ചന്തകള്‍, സംവേദനാത്മക പ്രദര്‍ശനങ്ങള്‍, ഇന്ത്യന്‍ ഫുഡ് കോര്‍ണറുകള്‍ എന്നിവയുമുണ്ടാകും. 'വിഷന്‍ 2030' ന്റെ ഭാഗമായി സൗദിയിലെ പ്രവാസി സമൂഹങ്ങള്‍ക്കായി ജി.ഇ.എ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടികളില്‍ ഒന്നാണ് 'പാസ്പോര്‍ട്ട് ടു ദ വേള്‍ഡ്'. ഓരോ രാജ്യത്തിന്റെയും പ്രത്യേക സംസ്‌കാരങ്ങള്‍ സ്വദേശികള്‍ക്ക് പരിചയപ്പെടുത്തുക എന്നത് കൂടിയാണ് ഈ പരിപാടിയുടെ ലക്ഷ്യം.

അതത് രാജ്യങ്ങളുടെ നാടോടി കലാരൂപങ്ങള്‍, പരമ്പരാഗത വസ്ത്രങ്ങള്‍, അനുബന്ധ ഉപകരണങ്ങള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍, വാസ്തുവിദ്യ, കരകൗശല വസ്തുക്കള്‍ തുടങ്ങിയവ ഉത്സവ നഗരിയില്‍ ഒരുക്കുന്നുണ്ട്. ബുധന്‍, ശനി ദിവസങ്ങളില്‍ വൈകീട്ട് ആറ് മുതല്‍ രാത്രി 12 വരെയും വ്യാഴം വൈകീട്ട് ആറ് മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയും വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയുമാണ് പരിപാടികള്‍.

കുട്ടികള്‍ക്ക് മാത്രമായി വിവിധ പരിപാടികളുമുണ്ട്. പ്രവേശനം പൂര്‍ണമായും സൗജന്യമാണെങ്കിലും സൗജന്യ പാസിന് webook.com എന്ന ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം.

ഏപ്രില്‍ 30 മുതല്‍ ആരംഭിച്ച മെഗാ ഇവന്റില്‍ ആദ്യ നാല് ദിനങ്ങള്‍ ഫിലിപ്പീന്‍സ് ഫെസ്റ്റായിരുന്നു. രണ്ടാമത്തെ ആഴ്ച ബംഗ്ലാദേശികളുടേതുമായിരുന്നു. പതിനായിരങ്ങളാണ് പരിപാടികാണാന്‍ ജിദ്ദയിലെ പഴയ എയര്‍പോര്‍ട്ടിലെ വിശാലമായ മൈതാനെത്തുന്നത്. മെയ് 21 മുതല്‍ 24 വരെ സുഡാനി ഫെസ്റ്റോടെ പരിപാടി സമാപിക്കും.