- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി സൗദിയിലേക്ക് മരുന്നുകൾ കൊണ്ടുവരുമ്പോൾ ഒന്ന് ശ്രദ്ധിക്കണം; ഓൺലൈൻ വഴി ക്ലിയറൻസ് പെർമിറ്റ് നേടണമെന്ന് അധികൃതർ; നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും
റിയാദ്: സൗദി അറേബ്യയിലേക്ക് നിയന്ത്രിത മരുന്നുകൾ കൊണ്ടുപോകുന്ന യാത്രക്കാർക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് ഓൺലൈൻ വഴി ക്ലിയറൻസ് പെർമിറ്റ് നിർബന്ധമാക്കി. നവംബർ 1 മുതൽ ഈ നിയമം പൂർണമായി പ്രാബല്യത്തിൽ വരും. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ (SFDA) നേതൃത്വത്തിൽ രോഗികൾക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും രാജ്യത്തേക്ക് അനധികൃത മരുന്ന് കടത്ത് തടയാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) എല്ലാ വിമാന കമ്പനികൾക്കും ട്രാവൽസ് ഏജൻസികൾക്കും ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ കൈമാറിയിട്ടുണ്ട്. നിയന്ത്രിത മരുന്നുകൾ കൈവശം വെക്കുന്നവർ https://cds.sfda.gov.sa എന്ന വെബ്സൈറ്റ് വഴി ക്ലിയറൻസ് പെർമിറ്റ് നേടണം. ഗാക്ക പുറത്തിറക്കിയ സർക്കുലർ പ്രകാരം, സിവിൽ വ്യോമയാന നിയമത്തിലെയും ലഹരിവസ്തുക്കൾക്കെതിരായ നിയമത്തിലെയും വകുപ്പുകൾ അടിസ്ഥാനമാക്കിയാണ് ഈ അറിയിപ്പ് നൽകിയിരിക്കുന്നത്.
നാർക്കോട്ടിക് വിഭാഗത്തിൽ പെടുന്നതും സൈക്യാട്രി മരുന്നുകളുമാണ് കർശന പരിശോധനയ്ക്ക് വിധേയമാക്കുക. ഏതൊക്കെ മരുന്നുകൾ, എത്ര അളവിൽ രാജ്യത്തേക്ക് കൊണ്ടുവരാം എന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ CDS വെബ്സൈറ്റിൽ ലഭ്യമാണ്.