റിയാദ്: സൗദി അറേബ്യയിൽ ട്രക്ക് ഗതാഗതത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും റോഡുകളിലെ അച്ചടക്കം മെച്ചപ്പെടുത്തുന്നതിനുമായി ജനറൽ ട്രാഫിക് വിഭാഗം (മുറൂർ) ആറ് അടിസ്ഥാന നിബന്ധനകൾ വീണ്ടും കർശനമായി നടപ്പാക്കുന്നു. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ട്രാഫിക് വിഭാഗം ഇക്കാര്യം അറിയിച്ചത്.

മൾട്ടി-ലെയ്ൻ റോഡുകളിൽ ട്രക്കുകൾ വലത് വശം ചേർന്ന് മാത്രം ഓടിക്കണം. നഗരങ്ങളിൽ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും നിശ്ചയിച്ചിട്ടുള്ള സമയക്രമം പാലിക്കണം. ട്രക്കുകളിൽ യാത്രക്കാരെ കൊണ്ടുപോകാൻ പാടില്ല.

ഭാരങ്ങൾ കയറ്റി പോകുമ്പോൾ അവ സുരക്ഷിതമായി മൂടുകയും റോഡിൽ വീഴുന്നത് തടയുകയും വേണം. രാത്രികാലങ്ങളിൽ ട്രക്കുകൾ റോഡരികിൽ നിർത്തേണ്ടി വരുമ്പോൾ പിന്നിൽ ത്രികോണാകൃതിയിലുള്ള റിഫ്ലെക്ടിംഗ് സൈൻ നിർബന്ധമായും സ്ഥാപിക്കണം. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും ട്രാഫിക് വിഭാഗം ഊന്നിപ്പറഞ്ഞു.