കൊച്ചി: കുറേ മണിക്കൂറുകളായി മലയാളികളെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു സേവ് ദ ഡേറ്റ് വീഡിയോയുടെ വിശേഷങ്ങൾ ചർച്ചചെയ്തു കൊണ്ടിരിക്കുകയാണ്. കാഴ്ചയില്ലാത്ത ഒരു യുവാവ് ബസിൽ നിന്നും ഇറങ്ങി വരുന്നു. ബസ് സ്റ്റോപ്പിൽ നിൽക്കുന്ന അന്ധയായ പെൺകുട്ടിയെ കയ്യിലെ വടിയിലെ ബെൽ അടിച്ച് വിളിക്കുന്നു ഒരുമിച്ച് പോകുന്നു. ലോട്ടറി വിൽപ്പന നടത്തുന്നു. അങ്ങനെ എല്ലാം കൂടിയുള്ള ഒരു 30 സെക്കൻഡ് വീഡിയോ. കണ്ണിലെ വെളിച്ചം അന്യമായവർ. അവർ ഒരിക്കലും പരസ്പരം കണ്ടിട്ടില്ല. അടുത്തതും അറിഞ്ഞതും പ്രണയിച്ചതുമെല്ലാം ശബ്ദങ്ങളിലൂടെ. നിറമുള്ളതാണ് പ്രണയമെന്ന് വിശ്വസിക്കുന്നവരുടെ ലോകത്ത് അകക്കണ്ണിന്റെ അഴകുമായി പ്രണയിക്കുന്നവരുടെ കഥപറഞ്ഞ് അവർ വന്നിരിക്കുന്നു. എന്ന് പറഞ്ഞു കൊണ്ട് ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. കാഴ്ചയില്ലാത്തവർക്കും സേവ് ദ ഡേറ്റ് എന്ന മോഡേൺ സമ്പ്രദായം ഉപയോഗിച്ചതിനെ എല്ലാവരും വാനോളം പുകഴ്‌ത്തി. എന്നാൽ എല്ലാവരും കരുതിയതുപോലെ അവർ കാഴ്ചയില്ലാത്തവരല്ലായിരുന്നു. ഇരുവരും അവരുടെ വിവാഹത്തിന് മുൻപുള്ള സേവ് ദ ഡേറ്റ് വേറിട്ടതാക്കാനായിട്ടാണ് അത്തരം ഒരു വേഷം മാറൽ നടത്തിയത്. ഈ വീഡിയോ ഷൂട്ട് ചെയ്ത ഫോട്ടോ ഗ്രാഫർ ജിബിൻ ജോയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുണ്ടക്കയം സ്വദേശിയായ അജയും ചിറ്റാർ സ്വദേശിയായ ജിൻസിയുമായിരുന്നു വീഡിയോയിലെ താരങ്ങൾ. വീഡിയോയിലൂടെ അവർ പങ്കുവയ്ക്കുന്ന സന്ദേശം അന്ധരായ, വിവാഹം സ്വപ്നം കാണുന്ന ജോഡികൾക്കു വേണ്ടിയുള്ളതാണ്. അവരുടെ വിവാഹ സ്വപ്നങ്ങളിലും സേവ് ദി ഡേറ്റും, ഫൊട്ടോഗ്രഫിയും ഉണ്ടെന്ന് കാണിച്ചു കൊടുക്കുകയാണ് ഈ ചിത്രങ്ങളിലൂടെ. ശരിക്കും ഇത് എന്റെ മനസിലുണ്ടായിരുന്ന ഒരു സേവ് ദി ഡേറ്റ് കൺസപ്റ്റായിരുന്നു എന്ന് ജിബിൻ പറയുന്നു. ഈ കൺസെപ്റ്റിൽ ഒരു ഷോട്ട്ഫിലിം പ്ലാൻ ചെയ്തിരുന്നു. അതനിടയിലാണ് ചിഞ്ചുവിന്റെ കസിന്റെ വിവാഹത്തിനുള്ള ഫോട്ടോ ഷൂട്ടിന്റെ വർക്ക് കിട്ടുന്നത്. അജയുടെ ചേച്ചി മോനിഷയോടാണ് ഞാൻ ഇങ്ങനെയൊരു കൺസപ്റ്റിനെ കുറിച്ച് ആദ്യമായി സംസാരിച്ചത്. അവർ എന്റെ ആശയത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. അങ്ങനെ കൊച്ചിയിൽ ലൊക്കേഷൻ തീരുമാനിച്ചു.

ആറാം തിയതി രാവിലെയാണ് ഞങ്ങൾ ഷൂട്ടിനായി കൊച്ചിയിലെത്തിയത്. ഷൂട്ട് തുടങ്ങിയപ്പോൾ അജയും ജിൻസിയും അന്ധരായവരെ വെല്ലുന്ന തരത്തിലായിരുന്നു അഭിനയം. കണ്ണിൽ പ്രത്യേക ലെൻസ് വച്ചായിരുന്നു അന്ധരായി അവർ അഭിനയിച്ചത്. 8 മണിക്കൂർ ഷൂട്ട് ചെയ്യേണ്ടി വന്നു. കോസ്റ്റ്യൂമൊക്കെ ഇട്ട് വൈറ്റില ബൈപ്പാസിലേക്ക് ഇറങ്ങിയപ്പോൾ ഞാൻ പോലും ഞെട്ടിപ്പോയി. ശരിക്കും അന്ധരെപ്പോലെയായി ഇരുവരും. ഷൂട്ടിനിടയിൽ ഇരുവരും ലോട്ടറി കച്ചവടം ചെയ്യുന്ന രംഗമുണ്ട്. ഇവരെ കണ്ട് പലരും ലോട്ടറി വാങ്ങാനായി സഹതാപത്തോടെ അരികിലേക്ക് വന്നു. ഒരു ഓട്ടോക്കാരൻ ചേട്ടൻ വണ്ടി നിർത്തി അടുത്തേക്ക് വന്ന് ലോട്ടറി ചോദിച്ചതും മറക്കാനാവാത്ത അനുഭവമായി.

സേവ് ദി ഡേറ്റ് കൺസപ്റ്റിൽ ഇനി പരീക്ഷണങ്ങളൊന്നും ബാക്കിയുണ്ടെന്ന് തോന്നുന്നില്ല. കോർപ്പറേറ്റ് ലുക്ക് മുതൽ മീൻ കച്ചവടക്കാർ വരെയായി ചെക്കനും പെണ്ണും വിവാഹം ക്ഷണിക്കാനെത്തി. പെയിന്ററായും തൊഴിലുറപ്പ് പണിക്കാരായും നഗരസഭ ജീവനക്കാരായും ചെക്കനേയും പെണ്ണിനേയും അണിനിരത്തി ഞാനും കൺസപ്റ്റ് ഷൂട്ട് ചെയ്തിരുന്നു. ദൈവം എല്ലാ വിധ അനുഗ്രങ്ങളും ആരോഗ്യവും നൽകിയവരുടെ കഥയാണ് അതിലെല്ലാം പറഞ്ഞത്. പക്ഷേ ശാരീരിക വൈകല്യമുള്ളവരുടെ വിവാഹ സങ്കൽപ്പങ്ങളിലേക്ക് ഒരു ക്യാമറാമാനും കടന്നു ചെന്നിട്ടില്ല. അത്തരക്കാർക്ക് മാതൃകകാട്ടുന്ന, ശക്തമായ സന്ദേശം പകരുന്ന എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അതാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്ന ഈ ഫൊട്ടോഷൂട്ട് ജിബിൻ പറഞ്ഞു.

മാവേലി സ്റ്റോറിലെ ജീവനക്കാരനാണ് അജയ്, ജിൻസി നഴ്സും. ഇന്ന് അവരുടെ വിവാഹമായിരുന്നു. ശാരീരിക വൈകല്യമുള്ളവർക്ക് വിവാഹ സങ്കൽപ്പങ്ങൾ അന്യമാണെന്ന് കരുതുന്നവർക്കുള്ള തിരിച്ചറിവാകട്ടെ ഈ വീഡിയോ ദൃശ്യങ്ങൾ എന്ന് ജിബിൻ പറയുന്നു. ജിബിൻ ഫോട്ടോ ഷൂട്ടാണ് ചെയ്തത്. വീഡിയോ പകർത്തിയത് നിഥിൻ റോയി കൂത്താട്ടുകുളമാണ്. ഷൂട്ട് കഴിഞ്ഞ് എഡിറ്റിങും പൂർത്തിയാക്കി പാതിരാത്രിയായി എല്ലാം കഴിഞ്ഞപ്പോൾ. അടുത്ത ദിവസം രാവിലെ 9 മണിക്ക് റിലീസ് ചെയ്യുകയായിരുന്നു. ഇൻസ്റ്റാ ഗ്രാമിലായിരുന്നു ആദ്യം റിലീസ് ചെയ്തതെങ്കിലും ഫേസ്‌ബുക്കിൽ നിന്നുമാണ് കൂടുതൽ വൈറലായത്.